സ്നേഹസംവാദം മാസികയില്‍ ജനാബ് എന്‍ എം ഹുസൈന്‍ എഴുതുന്ന പരിണാമ വാദത്തിന്റെ അശാസ്ത്രീയത വിശകലം ചെയ്തു ലേഖന പരമ്പര 2012 ഒക്ടോബര്‍ ലക്കം മുതല്‍ ആരംഭിച്ചിരിക്കുന്നു.
ആദ്യ ഭാഗം 'പരിണാമവും ജനിതക ശാസ്ത്രവും' എന്ന പേരില്‍ ഇറങ്ങിയിട്ടുണ്ട്. ആ ലേഖന സമാഹാരം ഓരോ ലക്കവും ഇവിടെ പോസ്റ്റു ചെയ്യാം എന്ന് ഉദ്ദേശിക്കുന്നു. ഇക്കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടുണ്ട്.
ഏവര്‍ക്കും പരിചയമുള്ള ജീവിയാണ് എട്ടുകാലി (Spider). ഇത്തരം ജീവികളില്‍ ചിലതിന് കാലുകള്‍ ആറാണ്. എങ്കിലും രണ്ട് കാലുള്ള എട്ടുകാലികളെയോ പത്തുകാലുള്ളവയെയോ പ്രകൃതിയിലെവിടെയും കാണുന്നില്ല. എന്തുകൊണ്ടാണ് എട്ടുകാലികളും ആറുകാലികളും മാത്രം കാണപ്പെടുന്നത്? രണ്ട് കാലുള്ള സ്പൈഡറുകളെയോ ഏഴുകാലുള്ളവയെയോ മൂന്ന് കാലുള്ളവയെയോ ഒന്നും കാണാത്തത്? പരിണാമസിദ്ധാന്തപ്രകാരം എട്ടുകാലികള്‍ ഉത്ഭവിക്കാന്‍ സാധ്യതയുള്ള പോലെ ഏഴുകാലികളും മുക്കാലികളും പഞ്ചകാലികളും ഉത്ഭവിക്കാനും സാധ്യതയുണ്ട്. എന്നിട്ടും, എന്തുകൊണ്ടാണ് ഇത്തരം കാലികളൊന്നും ഫോസിലായിപ്പോലും ലഭ്യമാകാത്തത്?
രണ്ട് ഖണ്ഡങ്ങളുള്ള ശരീരവും ആറോ എട്ടോ കാലുകളും വിഷസഞ്ചിയുമുള്ള സ്പൈഡറുകള്‍ എത്ര ജീവജാതികളാണെന്നോ? ഏകദേശം നാല്‍പതിനായിരത്തോളം. എന്നിട്ടും ഇവയില്‍ മുക്കാലിയോ സപ്തകാലിയോ ആയ ഒരൊറ്റ ജീവജാതിപോലുമില്ല! എന്തുകൊണ്ട്? സ്പൈഡറുകളെ മറ്റ് ജീവജാതികളില്‍നിന്നും വിഭിന്നമാക്കുന്ന ചില സവിശേഷതകളാണ് കാരണം. ഇവ നാല്‍പതിനായിരത്തോളം ജീവജാതികളായി വേര്‍പിരിഞ്ഞിട്ടും വന്‍തോതില്‍ വൈവിധ്യമാര്‍ജിച്ചിട്ടും സ്പൈഡര്‍ സവിശേഷതകള്‍ ഇല്ലാതാവുന്നില്ല! സൌകര്യാര്‍ഥം ഒട്ടേറെ ജീവജാതികളായി സ്പൈഡറുകളെ വേര്‍തിരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്പൈഡറുകള്‍തന്നെ. ഓരോ ജീവജാതിയെയും ഇതര ജീവജാതികളില്‍നിന്നും വേര്‍തിരിക്കുന്ന ചില സവിശേഷതകളുണ്ട് എന്ന് പ്രകൃതി നിരീക്ഷണത്തില്‍ നിന്നും എളുപ്പം ഗ്രഹിക്കാനാകും.
അമീബ മുതല്‍ മനുഷ്യന്‍വരെ ഉള്‍ക്കൊള്ളുന്നതാണ് ജീവലോകം. സാദൃശ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ ജീവലോകത്ത് 17 ലക്ഷത്തോളം ജീവജാതികളു(species)ണ്ടെന്നാണ് കണക്ക്. തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയവയുടെ എണ്ണമാണിത്. എന്നാല്‍ ഇനിയും കണ്ടെത്താത്തവയും വിവരിക്കപ്പെടാത്തവയുമായി ഇതിന്റെ നാലിരട്ടിയെങ്കിലും ഉണ്ടാകാമെന്നാണ് അനുമാനം!
സാഹചര്യമനുസരിച്ച് നിറം മാറുന്ന ഓന്തുകളെ നാം കണ്ടിട്ടുണ്ടല്ലോ. ഓന്തുകളുടെ സവിശേഷ ഗുണങ്ങളിലൊന്ന് ഈ നിറം മാറ്റമാണ്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയൊരു ജീവി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടു. 'ഒഡൊറാന ഒരിയോല' എന്ന് പേരിട്ട ഒരിനം തവളകള്‍. ഇവക്കും നിറം മാറാനുള്ള കഴിവുണ്ടത്രെ. പച്ച നിറമുള്ള തായ്ലന്റിലെ ഈ തവളകള്‍ ഓന്തുകളെപോലെ നിറംമാറി തവിട്ട് (brown) നിറം സ്വീകരിക്കുമത്രെ! ബാങ്കോങ്ങ് നാഷണല്‍ സയന്‍സ് മ്യൂസിയത്തിലെ ക്യൂറേറ്ററായ ഡോ. തന്യയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ മറ്റെവിടെയും കാണാത്ത നിറംമാറുന്ന തവളകളെ പ്രത്യേകം പഠിച്ചുവരികയാണ്.(1)
ഇത്തരം എത്രയോ ജീവികളെ ഇനിയും കണ്ടെത്താനിരിക്കുന്നു. വൈജാത്യങ്ങളും സാദൃശ്യങ്ങളും നിറഞ്ഞ ജീവലോകത്തെ അനേകം സ്പീഷിസുകളായി തിരിച്ചിട്ടുണ്ട്. പ്രത്യുല്‍പാദന ബന്ധത്തിലൂടെ സന്തതികള്‍ക്ക് ജന്മം നല്‍കുന്ന ഒരുകൂട്ടം ജീവികളെ ഒരൊറ്റ സ്പീഷിസായി നിര്‍വചിക്കുന്നു. എന്നാല്‍ അമീബ പോലെ ലൈംഗിക പ്രത്യുല്‍പാദനമില്ലാത്ത ജീവികളില്‍ ഈ നിര്‍വചനം അപ്രസക്തമാണ്. ആര്‍.എന്‍.എ. ശ്രേണിയിലെ സാദൃശ്യം നോക്കിയാണ് ഇവയില്‍ സ്പീഷിസ് വേര്‍തിരിവ്.
ഇരുപതിലേറെ നിര്‍വചനങ്ങള്‍ സ്പീഷിസിനുണ്ട്. ജീവലോകത്തിന്റെ വൈവിധ്യവും സവിശേഷതകളും നിര്‍വചനങ്ങളിലൊതുങ്ങില്ല എന്ന യാഥാര്‍ഥ്യമാണ് ഇവയത്രയും തെളിയിക്കുന്നത്.
ഏറ്റവും ചെറിയ ജീവി അമീബയാണ്. ഏകകോശി. സൂക്ഷ്മദര്‍ശിനിയിലൂടെ മാത്രമെ കാണാനാവൂ. ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണ്. നീളം 98 അടി, ഭാരം 180 മെ.ടണ്‍. ജീവലോകത്തിന്റെ വൈവിധ്യം എത്ര വിസ്മയകരമാണെന് മനസ്സിലാകാന്‍ ഇവക്കിടയില്‍ വലുതും ചെറുതുമായി എഴുപത് ലക്ഷത്തോളം ജീവജാതികള്‍ ഉണ്ടാകാം എന്ന കണക്ക് മാത്രം മതിയാവും.
ഭൂമിയിലെ വിസ്മയകരമായ ജീവലോകം എങ്ങനെയുണ്ടായി എന്ന അന്വേഷണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജീവികളുടെ ഉത്ഭവം എന്നത് ഒറ്റപ്പെട്ട വിഷയമല്ല. ജീവന്‍, ഭൂമി, പ്രപഞ്ചം തുടങ്ങിയ അസംഖ്യം പ്രതിഭാസങ്ങളുടെ ആരംഭം എങ്ങനെ എന്ന് മനസ്സിലാക്കാനുള്ള ശ്രമം മനുഷ്യനോളം പഴക്കമുള്ളതാണെന്ന് കരുതാം. ചിന്താശീലരായ ആരെയും അലോസരപ്പെടുത്തുന്ന പ്രശ്നമാണിത്. ഒരു വ്യവസ്ഥ എങ്ങനെ എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തുന്നതിനേക്കാള്‍ പ്രയാസമുള്ളതാണ് അത് എങ്ങനെ ഉത്ഭവിച്ചു എന്നത്. അതുകൊണ്ടുതന്നെ ജീവശാസ്ത്രത്തിലെ ഏറ്റവും താത്ത്വിക പ്രാധാന്യമുള്ള വിഷയമാണ് ജീവജാതികള്‍ എങ്ങനെ ഉത്ഭവിച്ചു എന്നത്. 1859 നവംബര്‍ 24ന് പ്രസിദ്ധീകരിച്ച പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവജാതികളുടെ ഉത്ഭവം എന്ന കൃതിയില്‍ ചാള്‍സ് ഡാര്‍വിന്‍ ഈ പ്രശ്നം പരിഹരിച്ചുവെന്ന് ആധുനികര്‍ വിശ്വസിക്കുന്നു.(2) 'നിഗൂഢതകളിലെ നിഗൂഢത' (mystery of the mystereis) എന്നാണ് ജീവജാതികളുടെ ഉത്ഭവം എന്ന പ്രശ്നത്തെ ദാര്‍ശനികര്‍ വിശേഷിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.
ചാള്‍സ് ലയലിന്റെ ഭൂശാസ്ത്ര പഠനങ്ങളും തോമസ് മാല്‍തസിന്റെ ജനസംഖ്യാ പഠനങ്ങളും ഡാര്‍വിന്‍ മനസ്സിലാക്കിയിരുന്നു. 'പ്രകൃതിനിര്‍ധാരണ' (natural selectin) സിദ്ധാന്തം സമര്‍ഥിക്കാന്‍ ഇവയും ഡാര്‍വിന്‍ പ്രയോജനപ്പെടുത്തി. ഇവയൊന്നാകെ താഴെ സംഗ്രഹിക്കാം:
1. ജീവികള്‍ പെറ്റുപെരുകുന്നത് ജ്യാമിതീയ (geometric) അനുപാതത്തിലാണ്. ഒന്ന്, രണ്ട്, നാല്, എട്ട്... എന്നിങ്ങനെ.
2. അമിതമായി ഉല്‍പാദനം നടക്കുന്നുണ്ടെങ്കിലും ഓരോ ജീവജാതിയുടെയും അംഗസംഖ്യ സ്ഥിരമായി നില്‍ക്കുന്നു.
3. ജീവികള്‍ നിലനില്‍പിനുവേണ്ടി പരസ്പരം മത്സരത്തിലാണ്.
4. ജീവിവര്‍ഗത്തിലെ അംഗങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്; അവ പരമ്പരാഗതങ്ങളാണ്.
6. കാലാന്തരത്തില്‍ അവ സമാഹരിക്കപ്പെട്ട് പുതിയ ജീവിവര്‍ഗങ്ങള്‍ ഉണ്ടാകുന്നു.
മേല്‍ സൂചിപ്പിച്ച അഞ്ച് കാര്യങ്ങളും ഡാര്‍വിനിസവുമായി നേരിട്ട് ബന്ധമുള്ളവയല്ല. ജീവികള്‍ ജ്യാമിതീയ അനുപാതത്തില്‍ പെറ്റുപെരുകിയതുകൊണ്ടോ അമിതമായി ഉല്‍പാദനം നടന്നതുകൊണ്ടോ മത്സരിച്ചതുകൊണ്ടോ അംഗങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായതുകൊണ്ടോ അവ പരമ്പരാഗതമായതുകൊണ്ടോ ഒരു ജീവി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിയായി മാറണമെന്നില്ല. ഇവയെല്ലാം പ്രകൃതി നിരീക്ഷണത്തിലൂടെ മനസ്സിലാക്കാവുന്ന യാഥാര്‍ഥ്യങ്ങളാണ്. ഇവയൊന്നും പരിണാമസിദ്ധാന്തം തെളിയിക്കുന്ന വസ്തുതകളല്ല. (വിശദാംശങ്ങള്‍ പിന്നീട് നല്‍കാം). അതിജീവനത്തിന് സഹായകമായ വ്യത്യാസങ്ങള്‍ പിന്‍തലമുറകളിലേക്ക് കൈമാറപ്പെട്ടാലും ഒരു ജീവിവര്‍ഗം അനിവാര്യമായും മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കണമെന്നില്ല.
"കാലാന്തരത്തില്‍ അവ സമാഹരിക്കപ്പെട്ട് പുതിയ ജീവിവര്‍ഗങ്ങളുണ്ടാകുന്നു'' എന്ന ആറാമത്തെ ആശയം മാത്രമാണ് ഡാര്‍വിനിസം. ഈ സിദ്ധാന്തവല്‍ക്കരണം ഒഴിച്ചുള്ള മറ്റ് നിരീക്ഷണങ്ങളോട് പരിണാമവാദികളല്ലാത്തവര്‍ക്കും യോജിക്കാനാകും.
ജീവിവര്‍ഗങ്ങളുടെ ഉത്ഭവത്തിന് കാരണമായി ഡാര്‍വിന്‍ പ്രകൃതിനിര്‍ധാരണ തത്ത്വത്തെ ചൂണ്ടിക്കാട്ടുന്നു: "വിഭിന്നതകള്‍, ഒരു ജീവിവര്‍ഗത്തിലെ ഒരംഗത്തിന് പ്രകൃതി ശക്തികളോടോ മറ്റ് ജീവികളോടോ എതിരിടുന്നതിന് അല്‍പമെങ്കിലും ഗുണകരമാവുന്നുവെങ്കില്‍ അവ അംഗങ്ങളുടെ നിലനില്‍പിനെ സഹായിക്കുന്നു. അതിന്റെ സന്തതികള്‍ ആ സ്വഭാവം പാരമ്പര്യമായി കൈവരിക്കുകയും ചെയ്യുന്നു. ആ സന്തതികള്‍ മറ്റുള്ളവയെ അതിജീവിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. നിസ്സാര വിഭിന്നതകള്‍ പോലും ഉപയോഗപ്രദമാണെങ്കില്‍ ശാശ്വതീകരിക്കപ്പെടുന്ന ഈ തത്ത്വത്തെ ഞാന്‍ പ്രകൃതിനിര്‍ധാരണമെന്ന് വിളിക്കുന്നു.''(3)
ഡാര്‍വിന്‍ സിദ്ധാന്തിച്ച ഈ തത്ത്വത്തിലൂടെ ജീവിവര്‍ഗങ്ങളുടെ ഉത്ഭവം വിശദീകരിക്കാനാവുമോ? ഏറ്റവും ചുരുങ്ങിയത്, വിശദീകരിക്കാനാവുമെങ്കില്‍ ഡാര്‍വിന്‍ തന്നെയായിരിക്കുമല്ലോ ആ കൃത്യം ആദ്യം ചെയ്യാന്‍ സാധ്യതയുള്ളത്. അദ്ദേഹം ഈ തത്ത്വത്തിന് ഉദാഹരണമായി ഒരു ജീവിവര്‍ഗം തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കുമെന്നത് സാങ്കല്‍പികമായി പോലും ചൂണ്ടിക്കാട്ടിയിട്ടില്ല. പകരം എന്ത് ചെയ്തുവെന്ന് നോക്കാം.
പ്രകൃതിനിര്‍ധാരണത്തിന് ദൃഷ്ടാന്തമായി ഡാര്‍വിന്‍ ചെന്നായയെ ഉദാഹരിക്കുന്നു. മലയുടെ താഴ്വാരത്തില്‍ ജീവിക്കുന്ന ചെന്നായക്കൂട്ടങ്ങളെ സങ്കല്‍പിക്കുക. പ്രത്യേക സാഹചര്യത്തില്‍ അവ പട്ടിണിയിലാകുന്നു. ചെന്നായകള്‍ക്ക് ഇരയായി മാനുകള്‍ മാത്രമാണ് അവിടെയുള്ളത്. മാനാകട്ടെ വേഗത കൂടിയ മൃഗമാണ്. ഏറ്റവും വേഗതയുള്ള ചെന്നായകള്‍ക്ക് മാത്രമെ മാനുകളെ പിടിക്കാനാവൂ. വേഗത കുറഞ്ഞ ചെന്നായകളുടെ വേട്ടയില്‍ നിന്നും മാനുകള്‍ രക്ഷപ്പെടും. അതിനാല്‍ വേഗം കൂടിയ ചെന്നായകള്‍ക്കേ ഇര കിട്ടൂ. മറ്റുള്ളവ പട്ടിണിയില്‍ ചത്തൊടുങ്ങും. അതിജീവിക്കപ്പെടുന്ന ചെന്നായകള്‍ക്ക് വേഗത കൂടുതലുണ്ടാകുമെന്നര്‍ഥം. കൂടിയ വേഗതയെന്ന ഗുണം അവ അടുത്ത തലമുറയിലേക്ക് പകരുന്നു. ഈ പരിവര്‍ത്തനങ്ങള്‍ കാലങ്ങളോളം തുടര്‍ന്നാല്‍ ചെന്നായകളുടെ ഓരോ തലമുറകളിലും വേഗസാമര്‍ഥ്യം വര്‍ധിച്ച് അതിവേഗമുള്ള പുതിയ ചെന്നായവര്‍ഗം ഉണ്ടാകുന്നുവെന്ന് ഡാര്‍വിന്‍ വ്യക്തമാക്കുന്നു.(4)
ഒന്നര നൂറ്റാണ്ടുമുമ്പ് ഡാര്‍വിന്‍ നല്‍കിയ ഈ ഉദാഹരണം തന്നെയാണ് അത്യന്താധുനികരായ പരിണാമവാദികളും ആവര്‍ത്തിക്കുന്നത്. പ്രൊഫ. കുഞ്ഞുണ്ണി വര്‍മയുടെ വരികള്‍ നോക്കൂ: "ഒരേ സ്പീഷിസില്‍ പെടുന്ന വ്യക്തികളില്‍ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളും സ്വഭാവങ്ങളും ഉണ്ടാകുമ്പോള്‍ അവയില്‍ ചിലതെങ്കിലും ആ ജീവിയുടെ സങ്കീര്‍ണമായ ജീവിതരീതിക്ക് സഹായകമാകുമെന്നും, മറ്റുചില ലക്ഷണങ്ങളെക്കൊണ്ടുള്ള ഫലം നേരെ മറിച്ചാവുമെന്നും അനുമാനിക്കാമല്ലോ. ഉദാഹരണമായി, ചെന്നായയെപോലെ ഇരയെ ഓടിച്ചുപിടിക്കുന്ന ജീവികള്‍ക്ക് കൃശമായ ശരീരവും വേഗത്തില്‍ ഓടാനുള്ള കഴിവും അവയുടെ ജീവനത്തിന് സഹായകരവും സ്ഥൂലശരീരവും കുറഞ്ഞ വേഗതയും ദോഷകരവും ആയിരിക്കുമെന്ന് ഊഹിക്കുവാന്‍ പ്രയാസമില്ല. പ്രായപൂര്‍ത്തിയെത്താനും സന്താനോല്‍പാദനം നടത്താനുമുള്ള കൂടുതല്‍ അവസരം കൃശശരീരികള്‍ക്കായിരിക്കും. അങ്ങനെ അടുത്ത തലമുറയിലെ സമൂഹത്തില്‍ കൃശന്മാരുടെ തോത് വര്‍ധിക്കുകയും കാലക്രമേണ സ്ഥൂലന്മാര്‍ കുറഞ്ഞുകുറഞ്ഞ് ഇല്ലാതാവുകയും ചെയ്യും. ഇവിടെ പ്രകൃതി കൃശന്മാരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് എന്ന് വേണമെങ്കില്‍ പറയാമല്ലോ. ഇതുതന്നെയാണ് പ്രകൃതിനിര്‍ധാരണം.''(5)
''പ്രകൃതി കൃശന്മാരെ തെരഞ്ഞൈടുക്കുന്നു''വെന്നും "ഇതുതന്നെയാണ് പ്രകൃതിനിര്‍ധാരണ''മെന്നും കുഞ്ഞുണ്ണിവര്‍മ എഴുതുന്നു.
ഡാര്‍വിനും പില്‍ക്കാല പരിണാമവാദികളും വിവരിക്കുന്നപോലെ പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിച്ചാല്‍ വേഗത കുറഞ്ഞ ചെന്നായകള്‍ വേഗത കൂടിയ ചെന്നായകളായി മാറുന്നുവെന്ന് മനസ്സിലാക്കാം.
വേഗത കുറഞ്ഞ ചെന്നായ എത്ര വേഗത കൂടിയ ചെന്നായകളായാലും അവ ചെന്നായകള്‍ തന്നെയല്ലേ? ചെന്നായകളില്‍ നിന്നും ചെന്നായകള്‍ പരിണമിച്ചുണ്ടാകുന്ന ഈ 'പ്രകൃതിനിര്‍ധാരണ തത്ത്വം' അമീബയില്‍നിന്നും മനുഷ്യന്‍വരെയുള്ള ലക്ഷക്കണക്കില്‍ ജീവിവര്‍ഗങ്ങളുണ്ടായതിന് തൃപ്തികരമായ വിശദീകരണമാകുന്നതെങ്ങനെ?
ഓരേ തലമുറകളിലും വേഗസാമര്‍ഥ്യം വര്‍ധിച്ച് വേഗത കൂടിയ ചെന്നായ വര്‍ഗം ഉണ്ടാകാമെന്ന് ഡാര്‍വിന്‍ നല്‍കിയ സങ്കല്‍പത്തിലൂടെ ഗ്രഹിക്കാം. ഇതിനപ്പുറം ചെന്നായ എന്ന ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി പരിണമിക്കുന്നതിലേക്ക് വെളിച്ചം വീശുന്ന യാതൊരു തെളിവുകളും ഡാര്‍വിന്‍ അവതരിപ്പിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
വേഗത കുറഞ്ഞ ചെന്നായകള്‍ വേഗത കൂടിയ ചെന്നായകളായി മാറി എന്നുതന്നെ കരുതുക. ഇത് പരിണാമമല്ല. ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ ജീവജാതിയായി മാറുന്നതിനെയാണ് സാങ്കേതികമായി പരിണാമം എന്ന് വിളിക്കുന്നത്. ചുരുക്കത്തില്‍ ഡാര്‍വിന്‍ അവതരിപ്പിച്ച ഉദാഹരണം പോലും പരിണാമത്തിന് തെളിവല്ല എന്നതാണ് വസ്തുത. പരിണാമത്തിന് തെളിവായി പ്രകൃതിയില്‍ സംഭവിച്ച വിശ്വസനീയവും ശാസ്ത്രീയവുമായ ഒരുദാഹരണംപോലും ഡാര്‍വിന്‍ ചൂണ്ടിക്കാട്ടിയിട്ടില്ല. ഡാര്‍വിന്‍ വിവരിച്ച ചെന്നായയുടെ ഉദാഹരണം പോലും സാങ്കല്‍പികമാണ് എന്ന കാര്യം ശ്രദ്ധിക്കുക. ഭൂമിയില്‍ ഏതെങ്കിലും പ്രദേശത്ത് ജീവിക്കുന്ന ഏതെങ്കിലും ഒരു ജീവജാതിയില്‍ നിന്നും മറ്റൊരു ജീവജാതി പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞതിന്റെ യഥാര്‍ഥമായ ഒരുദാഹരണം പോലും ഡാര്‍വിന്‍ ഹാജരാക്കിയിട്ടില്ല.
മേല്‍ സൂചിപ്പിച്ച ഉദാഹരണം തന്നെയും പ്രകൃതിയില്‍ പൊതുവെ സംഭവിക്കുന്നതല്ല. ഡാര്‍വിന്റെ സങ്കല്‍പം മാത്രമാണ്. ചെന്നായയുടെ പ്രകൃതിനിര്‍ധാരണം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം ഗ്രഹിക്കാനാകും.
ചെന്നായ പല ജീവികളെയും വേട്ടയാടാറുണ്ട്. ചിലതിനെ കൌശലം കൊണ്ടും മറ്റ് ചിലവയെ ശക്തികൊണ്ടും അത് കീഴ്പ്പെടുത്തുന്നു. വേഗതയും മറ്റൊരു ഘടകമാണ്. വേഗതയേറിയവയാണല്ലോ മാനുകള്‍. ഒരു പ്രദേശത്ത് മാനുകള്‍ വര്‍ധിക്കുകയും ചെന്നായയുടെ മറ്റ് ഇരകള്‍ കുറയുകയും ചെയ്തു എന്ന് കരുതുക. വറുതി കാലമായപ്പോള്‍ വേഗത കൂടിയ ചെന്നായകള്‍ക്ക് മാത്രമെ മാനുകളെ പിടികൂടാനാവൂ എന്ന സ്ഥിതി വന്നു. സ്വാഭാവികമായും വേഗത കൂടിയവ അതിജീവിക്കാന്‍ സാധ്യതയുണ്ട്. മാനുകളേക്കാള്‍ വേഗത കുറഞ്ഞവ പട്ടിണിമൂലം നശിക്കാനും സാധ്യതയുണ്ട്. എത്ര നിസ്സാരമാണെങ്കിലും ഇത്തരം അനുകൂല ഗുണമുള്ള ചെന്നായകള്‍ അതിജീവിക്കുന്നു. അവയുടെ സന്തതികളില്‍ പലതിനും ഇതേ ഗുണം പാരമ്പര്യമായി കിട്ടുന്നു. അതായത് വേഗതയെന്ന ഗുണം. ഇത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ വേഗതയേറിയ പുതിയൊരു തരം (variety) ചെന്നായയുണ്ടാകുന്നു. ഈ സാങ്കല്‍പിക ഉദാഹരണം പ്രകൃതിയില്‍ എവിടെയും കാണാനാവില്ല. എവിടെയെങ്കിലും എന്തെങ്കിലും ഇങ്ങനെയൊരു അവസ്ഥ നിലനിന്നതിന് ഡാര്‍വിനോ പില്‍ക്കാല പരിണാമ വിദഗ്ധരോ യാതൊരു തെളിവും ഹാജരാക്കിയിട്ടുമില്ല. പ്രകൃതിനിര്‍ധാരണത്തിന് ഡാര്‍വിന്‍ ചൂണ്ടിക്കാട്ടിയ ചെന്നായ-മാന്‍ ഉദാഹരണം സാങ്കല്‍പികം മാത്രമാണെന്നത് ഡാര്‍വിന്‍ തന്നെയും സമ്മതിച്ച വസ്തുതയാണ്. പ്രകൃതിനിര്‍ധാരണത്തിന് ഉദാഹരണങ്ങള്‍ നിരത്തുന്നതിന് മുന്നോടിയായി ഡാര്‍വിന്‍ എഴുതിയ ഒന്നാമത്തെ വാചകം തന്നെ ഇതാണ്: In order to make it clear, how as I believe, natural selection acts, I must beg permission to give one or two imaginary illustrations.(6)
വെറും വിശ്വാസത്തിന്റെ (ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന്റെയല്ല) അടിസ്ഥാനത്തിലുള്ള ഒരു വീക്ഷണത്തിന് വെറും സാങ്കല്‍പികമായ ഒന്നുരണ്ട് ഉദാഹരണങ്ങള്‍ നല്‍കുകയാണ് ഡാര്‍വിന്‍ ചെയ്യുന്നത്!
വേഗത കുറഞ്ഞ ചെന്നായകള്‍ വേഗത കൂടിയ ചെന്നായകളായി 'മാറുന്നത്' പരിണാമമല്ല എന്ന് ഡാര്‍വിന് തന്നെ അറിയാമായിരുന്നു. എന്നാല്‍ ഇത്തരം മാറ്റം ലക്ഷോപക്ഷം വര്‍ഷങ്ങളിലൂടെ തുടര്‍ന്നാല്‍ പുതിയൊരു ജീവജാതിയായി മാറും എന്ന് അദ്ദേഹം ഊഹിച്ചുവെന്നുമാത്രം. ഡാര്‍വിന്റെ അടിസ്ഥാന രഹിതവും അശാസ്ത്രീയവുമായ ഈ അഭ്യൂഹം മറ്റ് പരിണാമഭക്തന്മാര്‍ ശാസ്ത്രമാക്കി പ്രചരിപ്പിക്കുകയും ചെയ്തു. പരിണാമ സാഹിത്യകാരനായ കുഞ്ഞുണ്ണിവര്‍മയുടെ വരികള്‍ നോക്കൂ: "വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഡാര്‍വിനും evolution'നുമായുള്ള ബന്ധത്തെ-അല്ലെങ്കില്‍ ബന്ധമില്ലായ്മയെക്കുറിച്ച് അറിയുന്നത് രസാവഹമായിരിക്കും. evolution എന്ന പ്രതിഭാസത്തെക്കുറിച്ചല്ല, പദത്തെക്കുറിച്ചാണ് പറയുന്നത്. 'പരിണാമ'ത്തിന്റെ ഇംഗ്ളീഷിലെ മൂലരൂപമാണ് evolution. ഡാര്‍വിന്‍ ഈ വാക്ക് സ്പീഷിസുകളുടെ ഉത്ഭവത്തിന്റെ ആദ്യ പതിപ്പുകളില്‍ ഒരു പ്രാവശ്യം പോലും ഉപയോഗിച്ചിട്ടില്ല! 1872ല്‍ വന്ന ആറാം പതിപ്പില്‍ പോലും ഈ വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ഉപസംഹാരത്തില്‍ ഒന്നുരണ്ടിടത്ത് മാത്രമാണ്. evolution ന് പകരം ഡാര്‍വിന്‍ സ്ഥിരമായി ഉപയോഗിച്ചത് Descent with modification അതായത് 'രൂപഭേദം വഴിയുള്ള വംശോല്‍പത്തി' എന്നാണ്. ഡാര്‍വിന്റെ പ്രചാരകന്‍മാരാണ്-പ്രത്യേകിച്ചും ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍-Evolution എന്ന വാക്ക് സര്‍വസാധാരണമാക്കിയത്.''(7)
വേഗത കുറഞ്ഞ ചെന്നായകള്‍ വേഗത കൂടിയ ചെന്നായകളായി മാറുന്നത് പരിണാമമല്ല എന്ന് ബോധ്യമുള്ളതുകൊണ്ടാകാം ഡാര്‍വിന്‍ ആ വാക്ക് ഉപയോഗിക്കാതിരുന്നത്. കൃതിയുടെ മുഖ്യഭാഗങ്ങളില്‍ ഉപയോഗിക്കാത്ത സാങ്കേതിക പദമായ 'ഇവലൂഷന്‍' ഉപസംഹാരത്തില്‍ കുത്തിത്തിരുകി തന്റെ കൃതി പരിണാമം സമര്‍ഥിക്കുന്നതാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനാണ് ഡാര്‍വിന്‍ ശ്രമിച്ചത്. ഭക്തമാര്‍ ഗുരുവിന്റെ വ്യാജവാദം ഒന്നുകൂടി നീട്ടിപ്പരത്തി ജീവജാതികളുടെ ഉത്ഭവം ഡാര്‍വിന്‍ കണ്ടെത്തിയെന്നും ജീവജാതികള്‍ ഉത്ഭവിച്ചത് പരിണാമത്തിലൂടെയാണെന്നും അതാണ് ശാസ്ത്രീയ വീക്ഷണമെന്നും വരുത്തിത്തീര്‍ത്തു.
ഉപസംഹാരത്തില്‍ ഒന്നുരണ്ടിടത്ത് മാത്രം ഡാര്‍വിന്‍ പ്രയോഗിച്ച പരിണാമം സര്‍വസ്വമാക്കിയത് പ്രചാരകന്‍മാരാണല്ലോ. ഇത്തരം വ്യാജ നിര്‍മിതിക്ക് മറ്റൊരു ഉദാഹരണം നല്‍കാം. 'ജീവജാതികളുടെ ഉത്ഭവം' എന്നാണല്ലോ ഡാര്‍വിന്റെ വിഖ്യാത കൃതിയുടെ പേര്. ജീവജാതികളുടെ ഉത്ഭവം ഈ കൃതിയില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടാകും എന്ന് കൃതിയുടെ ശീര്‍ഷകം വായിക്കുന്നവര്‍ ധരിച്ചേക്കും. എന്നാല്‍ ഇരുപത് ലക്ഷത്തോളം ജീവജാതികള്‍ ഭൂമുഖത്തുണ്ടായിട്ടും അതില്‍ ഒന്നിന്റെ ഉത്ഭവത്തെക്കുറിച്ചുപോലും ചര്‍ച്ച ചെയ്യാത്ത ഒരു കൃതിക്ക് 'ജീവജാതികളുടെ ഉത്ഭവം' എന്ന പേര് നല്‍കിയെന്നതുതന്നെ വിരോധാഭാസമല്ലേ? ഒരൊറ്റ ജീവജാതിയുടെ ഉത്ഭവം പോലും ചര്‍ച്ചാ വിധേയമാക്കാത്ത ഒരു കൃതി ഭൂമിയിലെ ഇരുപത് ലക്ഷത്തിലേറെ ജീവജാതികള്‍ എങ്ങനെയുത്ഭവിച്ചു എന്ന് ശാസ്ത്രീയമായി വിശദീകരിക്കുന്നു എന്ന് കരുതുന്നത് തന്നെ ഒന്നാന്തരം അന്ധവിശ്വാസമല്ലേ? ഈ ആധുനിക അന്ധവിശ്വാസത്തിന്റെ ചരിത്രവും (history) ചരിത്ര രചനാശാസ്ത്രവും (historiography) വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളാണ്.
ജീവജാതികളുടെ ഉത്ഭവം പ്രകൃതിനിര്‍ധാരണത്തിലൂടെ വിശദീകരിക്കാം എന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിച്ചത്. എന്നാല്‍ പ്രകൃതിനിര്‍ധാരണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. ഡാര്‍വിന്റെ വ്യക്തിപരമായ കഴിവുകേടല്ല ഇതിന് കാരണം. 'പ്രകൃതിനിര്‍ധാരണം' എന്ന പ്രക്രിയക്ക് അതിനുള്ള ശേഷിയില്ല. ഒരാള്‍ കാറുപയോഗിച്ച് ശാന്തസമുദ്രം കടന്നു എന്ന് പറയുന്നപോലുള്ള അസംബന്ധമാണ് പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികളുടെ ഉത്ഭവം വിശദീകരിക്കാമെന്ന വീക്ഷണം.
ഡാര്‍വിന്റെ രചനകള്‍ വിശകലനം ചെയ്യുന്നത് തല്‍ക്കാലം മാറ്റിവെക്കാം. ഡാര്‍വിന് ശേഷം പരിണാമസിദ്ധാന്തം എത്രയോ വികസിച്ചുവെന്നും അതിനാല്‍ ആചാര്യന്റെ വാചകങ്ങള്‍ മാത്രം പരിശോധിച്ച് വിധി കല്‍പിക്കുന്നത് ശരിയല്ലെന്നും പരിണാമവാദികള്‍ പറഞ്ഞേക്കും. പരിണാമത്തെക്കുറിച്ച് ഒരു പരീക്ഷ നടത്തിയെന്ന് സങ്കല്‍പിക്കുക. ചാള്‍സ് ഡാര്‍വിന്‍ ഇക്കാലത്ത് ആ പരീക്ഷക്കെത്തുകയാണെങ്കില്‍ തോല്‍ക്കുമെന്നും അത്രമാത്രം പരിണാമ'ശാസ്ത്രം' വികസിച്ചിട്ടുണ്ടെന്നുമാണ് ഡാര്‍വിന്‍ ഭക്തന്മാരുടെ വാദം. എന്നാല്‍ പരിണാമസിദ്ധാന്തത്തെ എങ്ങനെയെങ്കിലും വിജയിപ്പിക്കാനാണ് അവര്‍ ഗുരുവിനെ തോല്‍പിക്കുന്നത് എന്നതാണ് വസ്തുത. ഡാര്‍വിന്‍ നല്‍കിയ പഴയ ഉദാഹരണങ്ങള്‍പോലും ഇന്നും അപ്പടി ആവര്‍ത്തിക്കുന്ന അനുയായികള്‍ ഗുരുവിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നത് ചിരിക്ക് വക നല്‍കുന്നുണ്ട്. ശാസ്ത്രീയ വിമര്‍ശനങ്ങള്‍ നേരിടാനാകാതെവരുമ്പോള്‍ പറയുന്ന ഒഴികഴിവുമാത്രമാണിത്. എങ്കിലും ഗുരു മാത്രമല്ല, ഭക്തന്മാരും ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള പരീക്ഷയില്‍ തോറ്റമ്പും എന്ന് സമര്‍ഥിക്കാന്‍ ഇക്കാലത്തെയും ഡാര്‍വിന് ശേഷമുണ്ടായ പരിണാമ ഗവേഷകരുടേയും നിരീക്ഷണങ്ങള്‍ കൂടി പരിശോധിക്കാം.
കേരളത്തിലെ പരിണാമ സാഹിത്യകാരന്മാരില്‍ പ്രമുഖനായ പ്രൊഫ. കുഞ്ഞുണ്ണിവര്‍മ എഴുതി: "ഗണിതശാസ്ത്രത്തേയും പാരമ്പര്യശാസ്ത്രത്തേയും കോശവിജ്ഞാനത്തേയും കൂട്ടുപിടിച്ചുകൊണ്ടാണ് ആധുനിക പരിണാമസിദ്ധാന്തം ഉദിച്ചുയര്‍ന്നത്. താമസിയാതെ ജീവശാസ്ത്രത്തിന്റെ മറ്റ് ശാഖകളില്‍നിന്നുള്ള സംഭാവനകളും ആധുനിക സിദ്ധാന്തത്തിന് ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ആദ്യമായി പരിചയപ്പെടേണ്ട വ്യക്തിയാണ് തിയോഡോഷ്യസ് ഡൊബ്ഷാന്‍സ്കി (1900-1975) പരിണാമത്തെക്കുറിച്ച് ആധികാരികമായി എഴുതിയ ആദ്യത്തെ ആധുനിക ജീവശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.
1936ല്‍ കൊളംബിയ സര്‍വകലാശാലയിലെ ജെസപ്പ് പ്രസംഗപരമ്പര നടത്തി. വിഷയം പരിണാമമായിരുന്നു. ഈ പ്രസംഗപരമ്പരയെ ആധാരമാക്കി അടുത്ത കൊല്ലംതന്നെ (1937) ഒരു പുസ്തകവുമെഴുതി. പാരമ്പര്യശാസ്ത്രവും സ്പീഷിസുകളുടെ ഉത്ഭവവും എന്നായിരുന്നു പേര്. അന്നുവരെ ഉണ്ടായിരുന്ന പാരമ്പര്യവിജ്ഞാനത്തെ ആധാരമാക്കി പരിണാമപ്രക്രിയ വിശദീകരിക്കുകയായിരുന്നു ഡൊബ്ഷാന്‍സ്കിയുടെ ഉദ്ദേശ്യം. ഒരു യഥാര്‍ഥ ജീവശാസ്ത്രജ്ഞനായിരുന്നതുകൊണ്ട് പ്രകൃതി പഠനങ്ങളില്‍നിന്നും ചെറ്റ് വരിക്കോവിന്റെ കീഴില്‍ പയറ്റിയിരുന്നതുകൊണ്ട് ജൈവഗണിതത്തില്‍നിന്നും കിട്ടിയ അറിവുകള്‍ സമന്വയിപ്പിക്കുവാന്‍ ഡൊബ്ഷാന്‍സ്കിക്ക് കഴിഞ്ഞു. ഇപ്രകാരം സമഗ്രമായി ആധുനിക പരിണാമസിദ്ധാന്തത്തെക്കുറിച്ച് മുമ്പാരും എഴുതിയിട്ടുണ്ടായിരുന്നില്ല.''(9)
ഡാര്‍വിന്റെ ജീവജാതികളുടെ ഉത്ഭവം പ്രസിദ്ധീകരിച്ചശേഷം ഒരു നൂറ്റാണ്ടിലേറെക്കാലം വിവിധ വിജ്ഞാന ശാഖകളിലുണ്ടായ വികാസത്തെ പ്രയോജനപ്പെടുത്തി പരിണാമസിദ്ധാന്തം വികസിപ്പിച്ച ഡൊബ്ഷാന്‍സ്കി എത്തിച്ചേര്‍ന്നത് ഈ നിഗമനത്തിലാണെന്ന് ഗ്രന്ഥകാരന്‍ തുടര്‍ന്ന് എഴുതുന്നു: "പരിണാമത്തിനുള്ള പ്രധാന കാരണം ഡാര്‍വിന്‍ പറഞ്ഞതുപോലെ പ്രകൃതിനിര്‍ധാരണമാണെന്ന് ഡൊബ്ഷാന്‍സ്കി ഊന്നിപ്പറഞ്ഞു. ജനിതകത്തെ പൂര്‍ണമായി ആത്മസാക്ഷാത്കരിച്ച ഡാര്‍വിനിസക്കാരുടെ പുതിയൊരു തലമുറയുടെ പ്രതിനിധിയായിരുന്നു ഡൊബ്ഷാന്‍സ്കി.''(10)
ഡാര്‍വിന്റെ പ്രകൃതിനിര്‍ധാരണവാദത്തില്‍നിന്നു ഒരടിപോലും മുന്നോട്ടുനീങ്ങാന്‍ ആധുനിക ഡാര്‍വീനിയന്മാര്‍ക്കും സാധിച്ചിട്ടില്ലെന്ന് ഇതില്‍നിന്നും വ്യക്തമാണ്. ആധുനിക ഡാര്‍വിനിസ്റുകള്‍ ഡാര്‍വീനിയന്‍ അന്ധവിശ്വാസത്തില്‍ തന്നെ അടിയുറച്ചുനില്‍ക്കുമ്പോള്‍ ആധുനിക ശാസ്ത്രീയ പഠനങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന വസ്തുത മറച്ചുവെക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഗ്രന്ഥകാരന്‍ തന്നെ ഒരിടത്ത് എഴുതി: "...ജീവശാസ്ത്രത്തിലെ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങളെ ആത്മസാക്ഷാത്കരിക്കുവാന്‍ സംയോജിത സിദ്ധാന്തത്തിന് യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല. ഓരോ പുതിയ കണ്ടുപിടുത്തവും സിദ്ധാന്തത്തിന്റെ ഒരു ഭാഗത്തല്ലെങ്കില്‍ മറ്റൊരു ഭാഗത്ത് കൂടുതല്‍ വെളിച്ചം വീശുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെ, ഈ തത്ത്വസംഹിതയ്ക്ക് ഒരു ക്ളാസിക്കല്‍ സിദ്ധാന്തത്തിന്റെ പ്രൌഢിയും പരിവേഷവുമാണിപ്പോള്‍ ഉള്ളത്. സിദ്ധാന്തത്തിന്റെ ചില ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തണമെന്ന് പറയുന്ന അത്യാധുനികന്മാര്‍ ഉണ്ടെങ്കിലും അതിന്റെ പൊതുവായ സാധുതയെ ശാസ്ത്രജ്ഞര്‍ ആരും ചോദ്യം ചെയ്യുന്നില്ലെന്നതാണ് വാസ്തവം.''(11)
ഊന്നിയ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. ജീവജാതികളുടെ ഉത്ഭവത്തിന് കാരണം മുഖ്യമായും പ്രകൃതിനിര്‍ധാരണമാണെന്ന ആധുനിക സംയോജിത സിദ്ധാന്തത്തിന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ പൊതുവായ സാധുതയുണ്ടെന്നാണല്ലോ ഗ്രന്ഥകാരന്റെ വാദം. ശാസ്ത്രജ്ഞരുടെ കാര്യം നില്‍ക്കട്ടെ. ആധുനിക പരിണാമവാദികള്‍ക്കിടയില്‍ പോലും ആധുനിക സംയോജിത സിദ്ധാന്തത്തിന് പൊതുവായ സാധുതയില്ലെന്നതാണ് വസ്തുത. ഗ്രന്ഥകാരന്റെ തന്നെ ഈ വരികള്‍ നോക്കൂ: "ആധുനിക സംശ്ളേഷിത സിദ്ധാന്തദര്‍ശനം കഴിഞ്ഞ അധ്യായത്തോടുകൂടി കഴിഞ്ഞു. രണ്ടാം മഹായുദ്ധത്തിന് മുമ്പുതന്നെ ആവിഷ്കരിക്കപ്പെട്ടിരുന്ന ആശയ സംഹിതയുടെ ആധുനിക രൂപമാണ് വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുള്ളത്. ആദ്യം നിരൂപിക്കപ്പെട്ടതിന് ശേഷം ജീവശാസ്ത്രത്തിലും ബന്ധപ്പെട്ട മറ്റ് വിജ്ഞാനശാഖകളിലും ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ ഉദ്ഗ്രഥനം ചെയ്ത് സ്വന്തം ആശയങ്ങളുമായി ഇഴുകിച്ചേര്‍ക്കുവാന്‍ ആധുനിക സംശ്ളേഷിത സിദ്ധാന്തത്തിന്-ചിലരുടെ ഭാഷയില്‍ നവഡാര്‍വിനിസത്തിന്-കഴിഞ്ഞിട്ടുണ്ടെന്നതാണ് അതിന്റെ ഏറ്റവും വലിയ മേന്മ. ഇതില്‍ പാരിസ്ഥിതികം, ജനിതകം, തന്മാത്രാജീവശാസ്ത്രം, ഭ്രൂണവിജ്ഞാനം, ഭൂവിജ്ഞാനം, പെരുമാറ്റ ശാസ്ത്രം എന്നിവയെല്ലാം ഉള്‍പ്പെടും. എങ്കിലും ആധുനിക സിദ്ധാന്തത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന വിമതന്മാരും പരിണാമവാദികളുടെയിടയില്‍ ഇല്ലെന്നില്ല. ഇവരില്‍ ഏറ്റവും പ്രധാനികള്‍ ചില പുരാജന്തുശാസ്ത്രജ്ഞരാണെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ? പക്ഷെ, അതാണ് വാസ്തവം. ഫോസിലുകള്‍ തരുന്ന തെളിവുകളും ആധുനിക സിദ്ധാന്തവും തമ്മില്‍ പൊരുത്തമില്ലെന്നാണ് ഇവരുടെ വാദം.''(12)
ഡാര്‍വിനിസത്തേയും അതിന്റെ ആധുനികരൂപമായ സംശ്ളേഷിത സിദ്ധാന്തത്തെയും പരിണാമ വിദഗ്ധരായ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ തന്നെ തള്ളിക്കളയുന്നു എന്നത് പരിണാമവാദികള്‍ക്കുപോലും വിശ്വസിക്കാനാകാത്ത വസ്തുതയാണെന്ന് നെടുവീര്‍പ്പിടുകയാണ് പ്രൊഫ. കുഞ്ഞുണ്ണിവര്‍മ. എന്നാല്‍ അദ്ദേഹം തന്നെ മറ്റൊരിടത്ത് എഴുതിയതോ, സംശ്ളേഷിത സിദ്ധാന്തത്തിന്റെ "പൊതുവായ സാധുതയെ ശാസ്ത്രജ്ഞര്‍ ആരും ചോദ്യം ചെയ്യുന്നി''ല്ലെന്നും! പരിണാമവിദഗ്ധരായ ഫോസില്‍ ശാസ്ത്രജ്ഞരാല്‍ ചോദ്യം ചെയ്യപ്പെട്ടതും തിരസ്കരിക്കപ്പെട്ടതുമായ ആധുനിക സംശ്ളേഷിത സിദ്ധാന്തം "ശാസ്ത്രജ്ഞര്‍ ആരും ചോദ്യം ചെയ്യുന്നില്ലെ''ന്ന് തട്ടിവിടണമെങ്കില്‍ അസാമാന്യമായ ചര്‍മസൌഭാഗ്യം തന്നെ വേണം! ഡാര്‍വിനിസ്റ് വിമര്‍ശകരെ 'വിമതര്‍' എന്ന് ഗ്രന്ഥകാരന്‍ അവമതിക്കുന്നുണ്ടെങ്കിലും അവര്‍ ശാസ്ത്രജ്ഞരാണെന്ന് സമ്മതിച്ചത് നിവൃത്തികേടുകൊണ്ടാകാം. ഏതായാലും ഡാര്‍വിനിസ്റുകള്‍ക്ക് തന്നെ വിശ്വസിക്കാനാകാത്തവിധം ശാസ്ത്രം മുന്നേറിക്കൊണ്ടിരിക്കുന്നു എന്നിവര്‍ ഇപ്പോഴെങ്കിലും ഗ്രഹിച്ചത് നന്ന്!
ഇവരെപ്പറ്റി ഗ്രന്ഥകാരന്‍ നല്‍കുന്ന വിവരണം നോക്കൂ: "ഇരുത്തം വന്നൊരു സിദ്ധാന്തത്തെ തള്ളിപ്പറയുന്ന എന്തിനും കിട്ടാവുന്ന പ്രസിദ്ധിയും പ്രചാരവും ഈ അഭിപ്രായങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കിലും- അതില്‍ ജീവശാസ്ത്രജ്ഞരല്ലാത്തവര്‍ക്കുകൂടി പങ്കുണ്ട്- യാഥാസ്ഥിതിക സിദ്ധാന്തത്തെ തകിടം മറിക്കാനൊന്നും അവയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ഇന്നുവരെയുള്ള സ്ഥിതി.''(13)
മൂടുറച്ച യാഥാസ്ഥിതിക ഡാര്‍വിനിസം ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തകിടം മറിയില്ലെന്ന് ആര്‍ക്കാണറിയാത്തത്? ഏതായാലും "തകിടം മറിക്കാനൊന്നും... കഴിഞ്ഞിട്ടില്ലെന്ന്'' നെടുവീര്‍പ്പിടുവോളം സ്ഥിതികള്‍ മാറിയിട്ടുണ്ടെന്ന് ബോധ്യമായില്ലേ?
ഡാര്‍വിനിസ്റ് പരിണാമവാദക്കാരനായ പ്രൊഫ. കുഞ്ഞുണ്ണിവര്‍മ ഡാര്‍വിനിസത്തെ തള്ളിക്കളഞ്ഞ ശാസ്ത്രജ്ഞരെ എത്ര അവമതിയോടെയാണ് കാണുന്നതെന്ന് മേല്‍വരികളില്‍നിന്നും മനസ്സിലാക്കാം. "ഇരുത്തം വന്നൊരു സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞതു'' കൊണ്ടാണത്രെ ഇവര്‍ക്ക് പ്രസിദ്ധിയും പ്രചാരവും കിട്ടിയത്! ഡാര്‍വിനിസത്തെ തള്ളിപ്പറയുന്നവര്‍ക്ക് പ്രസിദ്ധിയും പ്രചാരവും കിട്ടുന്ന കാലമാണിതെന്ന് ഗ്രന്ഥകാരനും സമ്മതിച്ചല്ലോ. ശാസ്ത്രലോകത്തിനും പൊതുസമൂഹത്തിനും പരിണാമാന്ധവിശ്വാസത്തിലെ അശാസ്ത്രീയതയും യുക്തിഭംഗങ്ങളും കൂടുതലായി മനസ്സിലായിവരുന്നു എന്നാണിതിനര്‍ഥം.
ഗ്രന്ഥകാരന്റെ ന്യായം ഡാര്‍വിനിസത്തിനും ബാധകമാക്കിയാല്‍ എന്താവും ഫലം? ഇരുത്തംവന്ന സൃഷ്ടി വിശ്വാസത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് "തള്ളിപ്പറയുന്ന എന്തിനും കിട്ടാവുന്ന പ്രസിദ്ധിയും പ്രചാരവും'' ആയിരുന്നോ ഡാര്‍വിനും കിട്ടിയത്?
ഡാര്‍വിന്‍ വിമര്‍ശകരായ ശാസ്ത്രജ്ഞരുടെ സിദ്ധാന്തത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ കുറിക്കുന്നതിങ്ങനെ: "1972ല്‍ അമേരിക്കക്കാരായ രണ്ട് പുരാജന്തു ശാസ്ത്രജ്ഞന്മാര്‍-നൈല്‍സ് എല്‍ഡ്രെജും സ്റീഫന്‍ ഗൌള്‍ഡും-ചേര്‍ന്ന് പരിണാമഗതിയെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. നട്ടെല്ലില്ലാത്ത ജന്തുക്കളുടെ-കക്കകളുടെ യും ഞവുണികളുടെയും മറ്റും-ഫോസില്‍ പഠനങ്ങളില്‍ വൈദഗ്ധ്യം നേടിയവരാണ് ഇവര്‍. അവരുടെ പഠനവിഷയമായ ഫോസില്‍ ജന്തുക്കള്‍ വളരെക്കാലം മാറ്റമൊന്നുമില്ലാതെ തുടരുന്നതും പിന്നീട് പെട്ടെന്ന് പഴയ സ്പീഷിസുകള്‍ക്ക് പകരം പുതിയവ പ്രത്യക്ഷപ്പെടുന്നതുമാണ് അവര്‍ അവരുടെ അനുഭവത്തില്‍ പതിവായി കണ്ടത്. ഈ മട്ടിലുള്ള പരിണാമഗതിയും സ്പീഷീകരണവും ആധുനിക സംശ്ളേഷിത സിദ്ധാന്തം (നവഡാര്‍വിനിസം) വിഭാവനം ചെയ്യാത്തതാണെന്നും അവ വിശദീകരിക്കുവാന്‍ പുതിയൊരു പരിണാമസിദ്ധാന്തംതന്നെ ആവശ്യമാണെന്നും അവര്‍ക്ക് തോന്നി. അതനുസരിച്ച് എഴുതപ്പെട്ടതായിരുന്നു മേല്‍പറഞ്ഞ പ്രബന്ധം. 'സ്പീഷിസിന്റെ സ്ഥായിയായ ഭാവം സ്ഥിരതയാണ്. ആന്തരികമായ ഈ സന്തുലനാവസ്ഥയില്‍ വിരാമം വരുത്തുന്ന സ്പീഷീകരണം അപൂര്‍വവും പ്രയാസമേറിയതുമായ സംഭവമായിരിക്കും' എന്ന പ്രസ്താവനയില്‍ എല്‍ഡ്രെജ്-ഗൌള്‍ഡ് പരികല്‍പനയുടെ രത്നച്ചുരുക്കം കാണാം''(14)
ഡാര്‍വിനിസപ്രകാരം സ്പീഷിസിന്റെ സ്ഥായിയായ ഭാവം അസ്ഥിരതയാണ്. എന്നാല്‍ എല്‍ഡ്രെഡ്ജിന്റേയും ഗൌള്‍ഡിന്റേയും വീക്ഷണത്തില്‍ സ്പീഷിസിന്റെ സ്ഥായിയായ ഭാവം സ്ഥിരതയാണ് (സൃഷ്ടിവീക്ഷണ പ്രകാരവും സ്പീഷിസിന്റെ സ്ഥായിയായ ഭാവം സ്ഥിരതയാണ്! എല്‍ഡ്രെഡ്ജും ഗൌള്‍സും പരിണാമവാദികളായിരിക്കെ സ്പീഷിസിന്റെ സ്ഥിരത സമര്‍ഥിക്കുന്ന പുതിയ പരിണാമവാദം ഉണ്ടാക്കിയത് കൌതുകകരമായിട്ടുണ്ട്. ഇവിടെനിന്നും സ്പീഷിസിന്റെ സ്ഥായിയായ ഭാവം സ്ഥിരതയാണെന്ന് വീക്ഷിക്കുന്ന സൃഷ്ടിവാദത്തിലേക്ക് എത്രദൂരം കാണും?) ഡാര്‍വിനിസപ്രകാരം സ്പീഷീകരണം പതിവായതും അനായാസകരവുമാണെങ്കില്‍ എല്‍ഡ്രെഡ്ജ്-ഗൌള്‍ഡ്മാരുടേത് അപൂര്‍വവും പ്രയാസമേറിയതുമാണ്.
ഇതിനേക്കാള്‍ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പില്‍ക്കാലത്ത് ഗൌള്‍സും സഹശാസ്ത്രജ്ഞരും ഡാര്‍വിനിസത്തിനെതിരെ ഉന്നയിക്കുകയുണ്ടായി. അതേപ്പറ്റി ഗ്രന്ഥകാരന്‍ വിവരിക്കുന്നതിങ്ങനെ: "പിന്നീട് വന്ന വ്യാഴവട്ടക്കാലത്ത് വിരാമക്കാര്‍ പ്രത്യേകിച്ചും ഗൌള്‍ഡ്-അവരുടെ സിദ്ധാന്തം വിപുലീകരിച്ചു. അതില്‍ മറ്റുചിലരുടെ സഹായങ്ങളും അവര്‍ക്ക് ലഭിച്ചു. എസ്.എം. സ്റാന്‍ലി, പി.ജി. വില്യംസണ്‍ എന്നിവരാണ് ഇവരില്‍ പ്രധാനികള്‍. സ്റാന്‍ലിയുടെ സ്ഥൂലപരിണാമത്തെക്കുറിച്ച പുത്തന്‍ ആശയങ്ങള്‍ വിരാമയുക്തമായ സന്തുലനാവസ്ഥക്ക് ഉപോല്‍ബലകങ്ങളായി. അവയെ ഗൌള്‍ഡും മറ്റും പൂര്‍ണമായി പിന്താങ്ങിയിട്ടുണ്ട്. പുതുതായി ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ പലതും സംശ്ളേഷിത സിദ്ധാന്തത്തിന് കടകവിരുദ്ധം തന്നെയാണ്. സ്പീഷീകരണം, പ്രകൃതിനിര്‍ധാരണം എന്നിവയെക്കുറിച്ച് പുതിയ ആശയങ്ങള്‍ നവഡാര്‍വിനിസക്കാരുമായുള്ള വിദ്വേഷം കൊണ്ടുമാത്രം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതാണോ എന്നുപോലും സംശയിക്കാന്‍ വകയുണ്ട്. ഒറ്റപ്പെട്ട ചെറിയ സമൂഹങ്ങളില്‍ താരതമ്യേന പെട്ടെന്നുണ്ടാകുന്ന ജനിതക വിപ്ളവം വഴിയാണ് പുതിയ സ്പീഷിസുകള്‍ ഉണ്ടാവുക എന്നതാണ് പുതിയ കണ്ടുപിടുത്തം. ഏതാണ്ട് പത്താം അധ്യായത്തില്‍ വിവരിച്ച ക്വാണ്ടം സ്പീഷീകരണം പോലെ. ഇതുമാത്രമല്ല, ദൂരവാസ സ്പീഷീകരണം പോലും നവഡാര്‍വിനിസത്തിന് യോജിക്കാത്തതാണെന്നും അത് സ്വീകരിച്ചതോടുകൂടി ഡാര്‍വിനിസം വാസ്തവത്തില്‍ മൃതിയടഞ്ഞിരിക്കുകയാണെന്നും ഗൌള്‍ഡ് പറയുന്നു.''(15)
"ഡാര്‍വിനിസം വാസ്തവത്തില്‍ മൃതിയടഞ്ഞിരിക്കുകയാണെന്ന്'' പരിണാമവാദിയായ സ്റീഫന്‍ ഗൌള്‍ഡും സഹശാസ്ത്രജ്ഞരും വാദിക്കുന്നിടത്തോളം പരിണാമസങ്കല്‍പം പ്രതിസന്ധിയിലാണെന്നര്‍ഥം!
മറ്റൊന്നുകൂടി ശ്രദ്ധിക്കുക. ശാസ്ത്രജ്ഞരുടെ തന്നെ ഡാര്‍വിനിസത്തിനെതിരായ വിമര്‍ശനങ്ങള്‍ സഹിക്കാന്‍ സാധിക്കാത്തവിധം പരിണാമ സാഹിത്യകാരന്മാര്‍ യാഥാസ്ഥിതികരായി മാറി എന്ന വസ്തുതയും മേല്‍വരികളില്‍നിന്നും മനസ്സിലാക്കാം. "സ്പീഷീകരണം, പ്രകൃതിനിര്‍ധാരണം എന്നിവയെക്കുറിച്ച് പുതിയ ആശയങ്ങള്‍ നവഡാര്‍വിനിസക്കാരുമായുള്ള വിദ്വേഷം കൊണ്ടുമാത്രം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതാണോ എന്നുപോലും സംശയിക്കാന്‍ വകയുണ്ട്'' എന്നും ഗ്രന്ഥകാരന്‍ എഴുതിയല്ലോ. നവഡാര്‍വിനിസക്കാരോട് വിദ്വേഷം ഉള്ളതുകൊണ്ടാണ് സ്റീഫന്‍ ഗൌള്‍ഡും സഹശാസ്ത്രജ്ഞരും പുതിയ സിദ്ധാന്തം ഉണ്ടാക്കിയതെന്ന വാദത്തിന് മറുവശം കൂടിയില്ലേ? ഗൌള്‍ഡിനെപ്പോലുള്ള ഫോസില്‍ ശാസ്ത്രജ്ഞര്‍ക്ക് വിദ്വേഷം തോന്നുന്നത്ര യാഥാസ്ഥിതികമായി നവഡാര്‍വിനിസം മാറിയിട്ടുണ്ട് എന്നല്ലേ ഇതിനര്‍ഥം?
മറ്റൊരു വശംകൂടി. ഒരു വിഭാഗം പരിണാമവാദികള്‍ക്ക് മറ്റൊരു വിഭാഗം പരിണാമവാദികളോട് വിദ്വേഷം തോന്നിയതുകൊണ്ട് പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ സൃഷ്ടിവാദത്തോടുള്ള വിദ്വേഷം ഡാര്‍വിനിസ്റുകളെ എന്തെല്ലാം വ്യാജ സിദ്ധാന്തങ്ങള്‍ നിര്‍മിക്കുന്നതിന് പ്രേരണ നല്‍കിയിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതൊക്കെ ശാസ്ത്രമായി ഇക്കാലമത്രയും ആഘോഷിച്ചവരാണ് ഇപ്പോള്‍ ഗൌള്‍ഡിന്റെ 'വിദ്വേഷ'ത്തെപ്പറ്റി വാചാലരാകുന്നത്!
പ്രകൃതിനിര്‍ധാരണം പുതിയ ജീവജാതികളെ രൂപപ്പെടുത്തുകയില്ലെന്ന് ഡാര്‍വിന്റെ കാലത്തെ പ്രമുഖരായ ജീവശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവരുടെ നിരീക്ഷണങ്ങളും വാദങ്ങളും പരിഗണിക്കാതെയും പലതിനും തൃപ്തികരമായ മറുപടിയെഴുതാതെയും വ്യാജവാദങ്ങള്‍ കെട്ടിച്ചമക്കുകയാണ് ഡാര്‍വിന്‍ ചെയ്തത്. (ഡാര്‍വിന്റെ കൃതിയില്‍ ഉദ്ധരിക്കപ്പെട്ട മീവാര്‍ട്ടിന്റെ വിമര്‍ശനങ്ങളും അവക്ക് നല്‍കിയ വിശദീകരണങ്ങളും ഉദാഹരണം). ജീവജാതികളുടെ ഉത്ഭവത്തിന് കാരണം ദൈവമാണെന്ന അക്കാലത്തെ ശാസ്ത്രീയവീക്ഷണത്തെ തുരത്തുക എന്നതായിരുന്നു ഡാര്‍വിന്റെ ലക്ഷ്യം. നിഷ്പക്ഷനായി പ്രകൃതി നിരീക്ഷണത്തില്‍ വ്യാപൃതനായപ്പോള്‍ സ്വാഭാവികമായി കണ്ടെത്തിയതാണ് പരിണാമസിദ്ധാന്തം എന്ന ധാരണ അബദ്ധമാണ്. പരിണാമസിദ്ധാന്തം ശാസ്ത്രീയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിണാമപക്ഷപാതികള്‍ കെട്ടിച്ചമച്ച ധാരണയാണിത്. ഇതേക്കുറിച്ച് വിശദമായ പഠനം മറ്റൊരു സന്ദര്‍ഭത്തിലാകാം. അല്‍പം ചില കാര്യങ്ങള്‍ മാത്രം.
പ്രപഞ്ചത്തിലിടപെടാത്ത ദൈവത്തിലായിരുന്നു ഡാര്‍വിന്‍ ആദ്യകാലത്ത് വിശ്വസിച്ചിരുന്നത്-ഇംഗ്ളീഷില്‍ ഇതിന് ഉലശാ എന്ന് പറയും. ഇതനുസരിച്ച് ജീവജാതികളെ ദൈവം സൃഷ്ടിച്ചതല്ല. ഇത്തരം വിശ്വാസക്കാരനായ ഡാര്‍വിന്‍ ജീവജാതികളുടെ ഉത്ഭവത്തിന് കാരണം പ്രകൃതിനിര്‍ധാരണമാണെന്ന സിദ്ധാന്തമുണ്ടാക്കിയത് പ്രകൃതിയിലിടപെടാത്ത ദൈവം എന്ന തന്റെ സങ്കല്‍പത്തെ ന്യായീകരിക്കാമെന്ന മുന്‍ധാരണയോടെയാണെന്ന് അനുമാനിക്കാം.
ഗാലപ്പഗോസ് ദ്വീപിലേക്കുള്ള ബീഗ്ള്‍ കപ്പല്‍ യാത്രയിലാണ് ജീവജാതികളുടെ പരിണാമം എന്ന ആശയം ഡാര്‍വിന്റെ മനസ്സിലുദിച്ചത് എന്ന മറ്റൊരു കെട്ടുകഥയും പരിണാമവാദികള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമാണ്. ചാള്‍സ് ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്മസ് ഡാര്‍വിന്‍ എഴുതിയ (1794) രണ്ട് വോള്യങ്ങളുള്ള സുഓണമിയ (zoonomia)യില്‍ പരിണാമ ആശയങ്ങളുണ്ടായിരുന്നു. എന്നിരിക്കെ, പരിണാമം സംബന്ധമായ യാതൊരു മുന്‍ധാരണയും ഡാര്‍വിന് ഉണ്ടായിരുന്നില്ലെന്ന് കരുതുന്നത് ചരിത്രപരമായ വങ്കത്തമായിരിക്കും. "പരിണാമം... പരിണാമം'' എന്ന് ഉരുവിടാന്‍ മാത്രം ശീലിച്ച പരിണാമ സാഹിത്യകാരന്മാര്‍ ശാസ്ത്രത്തിന്റെ സാമൂഹിക ശാസ്ത്രം അല്‍പമെങ്കിലും പഠിക്കുന്നത് നന്ന്.
ജീവജാതികളെ സൃഷ്ടിച്ചത് ദൈവമാണെന്ന ആശയത്തെ പുറംതള്ളാന്‍ ജീവജാതികളുടെ ഉത്ഭവത്തിന് കാരണം പ്രകൃതിനിര്‍ധാരണമാണെന്ന സിദ്ധാന്തമുണ്ടാക്കുകയാണ് ഡാര്‍വിനും ശേഷമുള്ള പരിണാമ വിദഗ്ധരും ചെയ്തത്. ജീവജാതികളുടെ ഉത്ഭവത്തിന് പ്രകൃതിനിര്‍ധാരണം കാരണമല്ല എന്ന സൃഷ്ടിവീക്ഷണത്തെ ഇക്കാലമത്രയും പുച്ഛിച്ച ഡാര്‍വിനിസ്റുകള്‍ക്കിടയില്‍നിന്നുതന്നെ ഇപ്പോള്‍ പുതിയൊരു വിഭാഗം പരിണാമവാദികള്‍ ഉണ്ടായിട്ടുള്ളത് കൌതുകകരമാണ്. സ്റീഫന്‍ ഗൌള്‍സിനെപ്പോലുള്ള ഇവര്‍ മേല്‍ സൂചിപ്പിച്ച സൃഷ്ടിവാദവീക്ഷണം ശരിയെന്ന് സ്ഥിരീകരിക്കുകയാണിപ്പോള്‍! ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "സ്പീഷീകരണത്തില്‍ പ്രകൃതിനിര്‍ധാരണത്തിന് യാതൊരു പങ്കുമില്ല എന്നതാണ് മറ്റൊരു വിപ്ളവകരമായ കണ്ടുപിടുത്തം. മ്യൂട്ടേഷനുകള്‍ യാദൃച്ഛികമായി ഉണ്ടാകുന്നതുപോലെ സ്പീഷീസുകളും യാദൃച്ഛികമായാണത്രെ ഉണ്ടാകുന്നത്. (വീണ്ടും ഡീവ്രീസിന്റെ പ്രതിധ്വനി!) മ്യൂട്ടേഷനുകള്‍ യാദൃച്ഛികമാകാന്‍ കാരണം അവ ഒരു തലമുറ മാറ്റത്തില്‍ നടക്കുന്ന ആകസ്മിക പ്രക്രിയകളായതുകൊണ്ടാണ്, സ്പീഷീകരണത്തിന് വളരെയധികം തലമുറകളും പത്തുലക്ഷംകൊല്ലംവരെ കാലയളവും വേണ്ടിവരുമെന്ന് ഗൌള്‍ഡ് തന്നെ സമ്മതിച്ചിട്ടുള്ള സ്ഥിതിക്ക് അതെങ്ങനെ ഒരു യാദൃച്ഛിക സംഭവമാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അദ്ദേഹമൊട്ട് പറയുന്നുമില്ല. സ്പീഷീകരണത്തില്‍ ഏര്‍പ്പെടുന്ന സമൂഹങ്ങളെ നിര്‍ധാരണ പ്രക്രിയയില്‍നിന്നും മോചനം കൊടുക്കുന്ന അജ്ഞാത ശക്തിയെ തേടേണ്ട ആവശ്യമൊന്നുമില്ലെന്നും കാരണം പ്രകൃതിനിര്‍ധാരണം എന്ന ആശയം തന്നെ ഒരു മിഥ്യയും ദുര്‍വ്യാഖ്യാനവുമാണെന്നും സ്റാന്‍ലി പറയുന്നുണ്ട്. ഇത്രയുമായാല്‍ നവഡാര്‍വിനിസവുമായി അനുരഞ്ജനത്തിനുള്ള പഴുതുകളെല്ലാം അടച്ചുകഴിഞ്ഞുവെന്ന് വിരാമക്കാര്‍ക്ക് സമാധാനിക്കാം.''(16)
"പ്രകൃതിനിര്‍ധാരണം എന്ന ആശയം തന്നെ ഒരു മിഥ്യയും ദുര്‍വ്യാഖ്യാനവുമാണെ''ന്ന് ലോക പ്രശസ്ത ഫോസില്‍ ശാസ്ത്രജ്ഞനായ സ്റീവന്‍ സ്റാന്‍ലി (എന്ന പരിണാമവാദി!) തന്നെ പ്രഖ്യാപിക്കുമ്പോള്‍ അത് പരിണാമവാദത്തിന്റെ വിജയമോ അതോ സൃഷ്ടി വീക്ഷണത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പോ എന്ന് ബുദ്ധിപരമായ സത്യസന്ധതയുള്ളവര്‍ക്ക് ഗ്രഹിക്കാനാകും.
പരിണാമസിദ്ധാന്തത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. പരിണാമസിദ്ധാന്തം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ജീവജാതികളാകട്ടെ, മനുഷ്യ നിരീക്ഷണത്തില്‍പെട്ട കാലത്തോളം സംസ്ഥിരതയോടെ, പരിണമിക്കാതെ അതാത് ജീവജാതികള്‍ അവയായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു!
പ്രകൃതിനിര്‍ധാരണത്തിലൂടെ പുതിയ ജീവജാതികള്‍ ഉത്ഭവിക്കില്ലെന്ന സൃഷ്ടി വീക്ഷണക്കാരായ ശാസ്ത്രജ്ഞരുടെ വാദം മറ്റൊരു വിധത്തിലും പരിണാമവാദികളാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഡാര്‍വിനിസ്റുകളായ പരിണാമ സൈദ്ധാന്തികരുടെ അഭിപ്രായത്തില്‍ പുതിയ ജീവജാതികള്‍ രൂപപ്പെടാനുള്ള മുഖ്യകാരണം പ്രകൃതിനിര്‍ധാരണമാണ്. എന്നാല്‍ സ്റീഫന്‍ ഗൌള്‍ഡ്, സ്റീവന്‍ സ്റാന്‍ലി തുടങ്ങിയ ഫോസില്‍ ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ പ്രകൃതിനിര്‍ധാരണം മൂലമല്ല പുതിയ ജീവജാതികള്‍ ഉത്ഭവിക്കുന്നത്. പ്രകൃതിനിര്‍ധാരണത്തിന് ജീവജാതികളുടെ ഉത്ഭവം വിശദീകരിക്കാനാവില്ലെന്ന സൃഷ്ടിവീക്ഷണത്തിന്റെ സ്പഷ്ടമായ സ്ഥിരീകരണമാണിത്. ഗ്രന്ഥകാരന്‍ ഇതേപ്പറ്റി കുറിച്ചത് നോക്കൂ: "സ്പീഷിസുകളുടെ സ്ഥിരതക്ക് കാരണം ഡാര്‍വിനിസക്കാര്‍ പറയുന്നപോലെ സ്ഥിരീകരണ നിര്‍ധാരണമല്ലെന്നും അതിന് ജനിതകവും ഭ്രൂണവികാസപരവുമായ ആന്തരിക കാരണങ്ങളുണ്ടെന്നുമാണ് വാദം. പാരിസ്ഥിതമായ ഉന്തലും തള്ളലും-അതായത് നിര്‍ധാരണ സമ്മര്‍ദ്ദം- ഉണ്ടായാല്‍ പോലും ഈ ആന്തരികമായ കാരണങ്ങള്‍കൊണ്ട് സ്പീഷിസില്‍ മാറ്റങ്ങളൊന്നും വരികയില്ലത്രെ. വളരെക്കാലം കഴിഞ്ഞ് സ്പീഷിസുകളുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതും ആന്തരികമായ കാരണങ്ങള്‍കൊണ്ടുതന്നെയായിരിക്കും. ജനിതക വിപ്ളവത്തിനിടയാക്കുന്ന ഈ കാരണങ്ങള്‍ എന്തെല്ലാമാണെന്നത് അജ്ഞാതമാണ്.''(17)
പ്രകൃതിനിര്‍ധാരണത്തിലൂടെയല്ല ജീവജാതികള്‍ പരിണമിക്കുന്നതെന്ന് പരിണാമവാദികളായ സ്റീഫന്‍ ഗൌള്‍ഡും സഹശാസ്ത്രജ്ഞരും വാദിക്കുന്നു എന്നതിന്റെ വിവക്ഷയെന്താണ്? പരിണാമവാദികളായി 'ജനിച്ച്', പരിണാമവാദത്തില്‍ ഗവേഷണം നടത്തി, പരിണാമവാദശാസ്ത്രജ്ഞനായി വളര്‍ന്ന ഗൌള്‍ഡിനും മറ്റ് ശാസ്ത്രജ്ഞര്‍ക്കും ജീവജാതികളുടെ ഉത്ഭവത്തില്‍ പ്രകൃതിനിര്‍ധാരണത്തിന് പങ്കില്ലെന്ന് ഗ്രാഹ്യമായെന്നര്‍ഥം. ജീവജാതികളുടെ ഉത്ഭവം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണത്തിന് സാധ്യമല്ലെന്ന സൃഷ്ടിവാദ നിലപാടിന്റെ സമ്പൂര്‍ണ സ്ഥിരീകരണമാണിത്. മാത്രമല്ല, ഇക്കാലമത്രയും പരിണാമശാസ്ത്രം എന്ന പ്രകൃതിനിര്‍ധാരണത്തെക്കുറിച്ച് എഴുതപ്പെട്ടതെല്ലാം തികഞ്ഞ അസംബന്ധങ്ങളായിരുന്നുവെന്നും അശാസ്ത്രീയമായിരുന്നുവെന്നും തെളിയുന്നു. (പരിണാമ ശാസ്ത്ര സാഹിത്യം എന്ന പേരില്‍ എഴുതിക്കൂട്ടിയതും പ്രചരിപ്പിച്ചതുമെല്ലാം വെറും വെയ്സ്റ്!)
പ്രകൃതിനിര്‍ധാരണം കാരണമല്ലെന്ന് സമ്മതിക്കുന്ന പരിണാമവാദികള്‍ക്ക് മറ്റെന്തെങ്കിലും കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടോ? തീര്‍ച്ചയായും ഇല്ല. ജീവജാതികളുടെ ഉത്ഭവത്തിന് കാരണം പ്രകൃതിനിര്‍ധാരണമല്ലെന്ന് പറയുന്ന ഗൌള്‍ഡ് ജനിതക വിപ്ളവമാകാം കാരണമെന്നും അതിന്റെ കാരണങ്ങള്‍ "എന്തെല്ലാമാണെന്നത് അജ്ഞാതമാണ്'' എന്നും സമ്മതിക്കുന്നു. ജീവജാതികളുടെ ഉത്ഭവത്തിന് കാരണം "അജ്ഞാത'' കാരണങ്ങളാണെന്ന സ്റീഫന്‍ ഗൌള്‍ഡിന്റെ 'ശാസ്ത്രീയ' വീക്ഷണത്തില്‍നിന്നും ദൈവമാണെന്ന സൃഷ്ടിവീക്ഷണത്തിലേക്കുള്ള ദൂരം എത്രയുണ്ടെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.
ഡാര്‍വിനിസപ്രകാരം പ്രകൃതിനിര്‍ധാരണം നടക്കുന്നത് ഓരോ തലമുറയിലെയും വ്യക്തിതലത്തിലാണ്. എന്നാല്‍ ഗൌള്‍ഡിന്റേയും മറ്റും വീക്ഷണത്തില്‍ ഒരു ജീവജാതിയിലെ അംഗങ്ങളെയല്ല, ജീവജാതിയെ ഒന്നാകെയാണ് പ്രകൃതി തെരഞ്ഞെടുക്കുന്നത്. ഇതെക്കുറിച്ച് ഗ്രന്ഥകാരന്‍ വിവരിക്കുന്നു: "സന്തുലനാവസ്ഥ നഷ്ടപ്പെട്ട സ്പീഷിസില്‍ കുറെ പുതിയ സ്പീഷിസുകള്‍ ഉണ്ടാവുകയും അവയില്‍ യോഗ്യമായവ നിലനില്‍ക്കുകയും ബാക്കിയുള്ളവ നാമാവശേഷമാവുകയും ചെയ്യുന്നു. പ്രകൃതിനിര്‍ധാരണം നടക്കുന്നത് സ്പീഷിസുകളുടെ തലത്തിലാണ്, വ്യക്തികളുടെ തലത്തിലല്ല. (ഇതെല്ലാം വായനക്കാര്‍ക്ക് എവിടെയോ കേട്ടമാതിരി തോന്നുന്നുണ്ടെങ്കില്‍ ആശ്ചര്യപ്പടാനില്ല, മൂന്നാമധ്യായം നോക്കിയാല്‍ മതി. ഈ നൂറ്റാണ്ടിന്റെ ആദ്യം ഡീവ്രീസ് നിര്‍ദ്ദേശിച്ച പരിണാമസിദ്ധാന്തവും വിരാമയുക്തമായ സന്തുലനാവസ്ഥയും തമ്മില്‍ വളരെ സാമ്യങ്ങളുണ്ട്. സ്പീഷീകരണം എങ്ങനെ നടക്കുമെന്നതിനെക്കുറിച്ച് മാത്രമെ രണ്ടും തമ്മില്‍ വ്യത്യാസമുള്ളൂ''(18)
പുതിയ ജീവജാതികള്‍ ഉണ്ടാകുന്നത് തികച്ചും ആന്തരികമായ ജനിതക മാറ്റങ്ങളിലൂടെയാണ്. ഇങ്ങനെയുള്ള പുതിയ ജീവജാതിയെ പ്രകൃതി തിരസ്കരിക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യുന്നു. അതായത് ജീവജാതിയുടെ ഉത്ഭവത്തില്‍ പ്രകൃതിനിര്‍ധാരണത്തിന് യാതൊരു പങ്കും ഇല്ലെന്നര്‍ഥം.
ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "പക്ഷെ, മറ്റൊരു വിധത്തിലുള്ള നിര്‍ധാരണത്തെ ഗൌള്‍ഡും സ്റാന്‍ലിയും വിഭാവനം ചെയ്യുന്നുണ്ട്. സ്പീഷീസ് നിര്‍ധാരണമാണിത്. അനിയമിതമായും ആക്സമികമായും ഉണ്ടാകുന്ന സ്പീഷിസുകളില്‍ ചിലതിന് മാത്രമാണ് അവയുടെ പരിതഃസ്ഥിതിയില്‍ ജീവിക്കാന്‍ വേണ്ട അനുവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കുക. ഈ സ്പീഷീസുകള്‍ മാത്രം അതിജീവിക്കുകയും ബാക്കി അയോഗ്യ സ്പീഷീസുകളെല്ലാം നാമാവശേഷമായിത്തീരുകയും ചെയ്യും. ഇപ്രകാരം സ്പീഷീസുകളുടെ തലത്തിലാണ്, വ്യക്തികളുടെ തലത്തിലല്ല നിര്‍ധാരണം പ്രവര്‍ത്തിക്കുന്നത്. ഒരു സ്പീഷീസിന്റെ പ്രത്യേക ലക്ഷണങ്ങള്‍ ആ സ്പീഷിസിലെ എല്ലാ വ്യക്തികളെയും ഒരുപോലെയാണ് ബാധിക്കുക. വ്യക്തികള്‍ തമ്മിലുള്ള വൈവിധ്യങ്ങള്‍ അതിജീവനത്തിനുവേണ്ട യോഗ്യതയോ അയോഗ്യതയോ പ്രദാനം ചെയ്യുകയില്ല. ഒന്നുകില്‍ ഒരു സ്പീഷിസിലെ വ്യക്തികളെല്ലാം ജീവിക്കും, അല്ലെങ്കില്‍ ഒന്നും ജീവിക്കുകയില്ല. ഇതാണ് സ്പീഷീസ് നിര്‍ധാരണ നിയമം. 1975ല്‍ സ്റാന്‍ലി ആണ് സ്പീഷീസ് നിര്‍ധാരണം എന്ന പേര് ആദ്യമായി മുന്നോട്ടുവെച്ചത്''(19)
സ്പീഷീസ് നിര്‍ധാരണത്തില്‍ ഉത്ഭവിച്ച ജീവജാതിയെ പ്രകൃതി തെരഞ്ഞെടുക്കുന്ന പ്രക്രിയയാണുള്ളത്. പ്രകൃതിനിര്‍ധാരണം ഇവിടെ പുതിയ ജീവജാതികളെ രൂപപ്പെടുത്തുന്നില്ല. ഒരു ജീവജാതിക്കകത്ത് അതിലെ അംഗങ്ങള്‍ക്കിടയിലുണ്ടാകുന്ന വ്യതിയാനങ്ങളെ പ്രകൃതി തെരഞ്ഞെടുക്കുന്നതുപോലെ ഉത്ഭവിച്ച ജീവജാതിയെ പ്രകൃതി തെരഞ്ഞെടുത്തേക്കാം എന്നുമാത്രം.
അതിനാല്‍ ഗൌള്‍ഡിന്റേയും സ്റാന്‍ലിയുടെയും സ്പീഷീസ് നിര്‍ധാരണ സങ്കല്‍പ്രകാരം പ്രകൃതിനിര്‍ധാരണം പുതിയ ജീവജാതികളുടെ ഉത്ഭവത്തിന് കാരണമാകുന്നേയില്ല! മാത്രമല്ല, ജീവിത മത്സരത്തില്‍ അര്‍ഹതയുള്ളവയുടെ അതിജീവനം പ്രകൃതിനിര്‍ധാരണത്തിലൂടെയാണെന്നും അതുവഴിയാണ് പുതിയ ജീവജാതികള്‍ ഉത്ഭവിക്കുന്നതെന്നുമുള്ള ഡാര്‍വിനിസ്റ് സങ്കല്‍പവും പുതിയ പരിണാമ മാതൃക പ്രകാരം ദുര്‍ബലമാകുന്നു. ഗ്രന്ഥകാരന്റെ വിവരണം കാണുക: "പഴയ സ്പീഷീസുകളുടെ അന്യംനില്‍ക്കലും പുതിയ സ്പീഷീസുകളുടെ ആവിര്‍ഭാവവും തമ്മില്‍ ബന്ധമുണ്ടെന്നാണ് എല്‍ഡ്രെജ് പറയുന്നത്. പുതിയവയുമായുള്ള മത്സരത്തില്‍ പഴയവ അന്യംനിന്നതല്ല, നേരെമറിച്ച്, അന്യം നിന്നതുകൊണ്ടുണ്ടായ വിടവുകള്‍ നികത്താന്‍ പുതിയവ നിര്‍ധാരണം ചെയ്യപ്പെടുകയാണത്രെ ഉണ്ടായത്. ഡൈനോസോറുകളും മറ്റും അന്യംനിന്നു പോയിരുന്നില്ലെങ്കില്‍ സസ്തനികള്‍ക്ക് വികിരണ പരിണാമം സിദ്ധിക്കുമായിരുന്നില്ല. അതുപോലെ അമോണൈറ്റുകളുടെ (സാളഗ്രാമങ്ങള്‍) തിരോധാനമാണ് ഞവുണികളുടെ പ്രചാരം കുറിച്ചത്.''(20)
ഗൌള്‍ഡിന്റെയും സഹശാസ്ത്രജ്ഞരുടെയും പുതിയ പരിണാമസിദ്ധാന്തത്തില്‍ പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവജാതികളുടെ ഉത്ഭവം എന്ന വീക്ഷണം സമ്പൂര്‍ണമായും തകരുകയാണ്. എന്നുതന്നെയല്ല, ജീവജാതിക്കകത്ത് നടക്കുന്ന പരിണാമം ഒരു മിഥ്യാധാരണയാണ് എന്നുവരെ പുതിയ പരിണാമവാദികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്റെ വാക്കുകളിതാ: "സ്ഥൂല പരിണാമവും സൂക്ഷ്മ പരിണാമവും വ്യത്യസ്ത പ്രതിഭാസങ്ങളാണെന്നും രണ്ടിനും ഒരേ കാരണങ്ങള്‍തന്നെ (മ്യൂട്ടേഷനുകളും നിര്‍ധാരണവും) ആരോപിക്കുന്നത് ശരിയല്ലെന്നും വിരാമക്കാര്‍ പറയുന്നു. പരിണാമഗതി നിയന്ത്രിക്കുന്നത് സ്പീഷീസ് നിര്‍ധാരണവും വ്യത്യസ്ത തോതിലുള്ള സ്പീഷീസുകളുടെ ജനനവും മരണവുമാണത്രെ. "ഭൂവിജ്ഞാനപരമായ കാലയളവിന്റെ പശ്ചാത്തലത്തില്‍ സ്പീഷീസുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ അവയുടെ ആരംഭത്തില്‍തന്നെയുണ്ട്; പിന്നീടതില്‍ പറയത്തക്ക വ്യത്യാസങ്ങളൊന്നും വരുന്നില്ല. ഇതില്‍നിന്നും വ്യത്യസ്ത നിരക്കിലുള്ള സ്പീഷീസുകളുടെ ജനനവും മരണവും മൂലമാണ് പരിണാമഗതികള്‍ ഉണ്ടാകുന്നതെന്ന് സിദ്ധിക്കുന്നു. ജനനത്തിനും മരണത്തിനുമിടയില്‍ ജനിതകമായ മാറ്റങ്ങളൊന്നും വരാത്ത വ്യക്തികളെപ്പോലെയാണ് സ്പീഷീസുകള്‍. വ്യക്തികളുടെ വ്യത്യസ്ത തോതിലുള്ള അതിജീവനം സമൂഹത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നതുപോലെ സ്പീഷീസുകളുടെ വ്യത്യസ്ത തോതിലുള്ള അതിജീവനം പരിണാമഗതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു'' എന്നാണ് ഗൌള്‍ഡ് പറയുന്നത്. മൌലിക പരിണാമങ്ങള്‍ നടക്കുന്നത് എപ്പോഴും ചെറിയ സമൂഹങ്ങളില്‍ വന്നുചേരുന്ന വിപ്ളവകരമായ മാറ്റങ്ങള്‍ വഴി മാത്രമായിരിക്കും. വംശാവലികള്‍ മുഴുവനായും ഒരു പരിണാമതലത്തില്‍നിന്നും ഉയര്‍ന്ന തലത്തിലേക്ക് കടക്കുന്നവിധം സങ്കല്‍പിക്കപ്പെടുന്ന മൌലിക പരിണാമം ഒരു മിഥ്യ മാത്രമാണ്.''(21)
"സ്പീഷീസുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ അവയുടെ ആരംഭത്തില്‍തന്നെയുണ്ട്'' എന്നും "പിന്നീടതില്‍ പറയത്തക്ക വ്യത്യാസങ്ങളൊന്നും വരുന്നില്ല'' എന്നും ഗൌള്‍ഡ് വ്യക്തമാക്കിയല്ലോ. സൃഷ്ടിവാദത്തിന്റെ അടിസ്ഥാന വീക്ഷണവും ഇതുതന്നെയാണ്. ജീവജാതികള്‍ ഉത്ഭവം മുതലേ വ്യത്യസ്തമായിരുന്നുവെന്നും പിന്നീടവ പറയത്തക്ക മാറിയിട്ടില്ലെന്നുമാണ് സൃഷ്ടി സിദ്ധാന്തം. ഡാര്‍വീനിയന്‍ പരിണാമവാദികളായിരുന്ന ഗൌള്‍ഡും സഹശാസ്ത്രജ്ഞരും കൂടുതല്‍ കൂടുതല്‍ ഗവേഷണങ്ങളിലേര്‍പ്പെട്ടപ്പോള്‍ സൃഷ്ടി വീക്ഷണവുമായി ഒത്തുപോകുന്ന സ്പീഷീസ് ധാരണയിലാണെത്തിയത് എന്നത് ശ്രദ്ധേയമാണ്. എന്നുമാത്രമല്ല, ജീവജാതിക്കകത്ത് നടക്കുന്ന ഡാര്‍വിന്‍ സങ്കല്‍പിച്ചപോലുള്ള പരിണാമം ശരിയല്ലെന്നോ ശരി-തെറ്റുകളുടെ മിശ്രണമാണെന്നോ അല്ല "ഒരു മിഥ്യ മാത്രമാണ്'' എന്നാണ് ഗൌള്‍ഡും സഹശാസ്ത്രജ്ഞരും വ്യക്തമാക്കുന്നത്!
ഡാര്‍വിനിസത്തിന്റെ സമ്പൂര്‍ണ തിരസ്കാരത്തിലേക്ക് പരിണാമവാദികളിലെ ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരെത്തിയത് ഡാര്‍വിന്‍ ഭക്തന്മാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. അതിനാല്‍ ഇവരുടെ അഭിപ്രായങ്ങള്‍ ആധികാരികമല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള വിഫലശ്രമങ്ങളാണ് പരിണാമ സാഹിത്യകാരന്മാര്‍ നടത്തുന്നത്. പ്രൊഫ. കുഞ്ഞുണ്ണിവര്‍മ എഴുതിയത് നോക്കൂ: "ഈ വക ആശയങ്ങള്‍ക്കെല്ലാം കാരണമായി വളരെ അവ്യക്തമായ ചില ജനിതകവും ഭ്രൂണവികാസപരവുമായ പ്രക്രിയകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിദ്ധാന്തങ്ങളുടെ യഥാര്‍ഥ പ്രചോദനം ഫോസിലുകള്‍ മാത്രമാണ്.''(22)
ഗൌള്‍ഡിനെപ്പോലുള്ളവര്‍ ഫോസില്‍ ശാസ്ത്രജ്ഞരായതുകൊണ്ട് ഫോസില്‍ പഠനങ്ങള്‍ ഡാര്‍വിനിസത്തിന്റെ പൊള്ളത്തരം അവരെ ബോധ്യപ്പെടുത്തിയത് തികച്ചും സ്വാഭാവികമാണ്. "ഫോസിലുകള്‍ മാത്രമായ''തുകൊണ്ട് ഗൌള്‍ഡിന്റെ വിമര്‍ശനങ്ങളുടെ ആധികാരികതയോ പ്രാബല്യമോ അല്‍പംപോലും കുറയുന്നില്ല എന്നതാണ് വസ്തുത. ഫോസില്‍ ശാസ്ത്രജ്ഞന്റെ വിമര്‍ശനങ്ങള്‍ ഫോസിലുകളെയല്ലാതെ ജനിതക ശാസ്ത്രത്തെ ആസ്പദിച്ചാകണമെന്ന് ഗ്രന്ഥകാരന്‍ വാദിക്കുമോ? പ്രകൃതിനിര്‍ധാരണം ജീവജാതികളുടെ ഉത്ഭവത്തിന് കാരണമാകില്ലെന്ന് ഫോസില്‍ ശാസ്ത്രം മാത്രമല്ല, ജനിതക ശാസ്ത്രവും വ്യക്തമാക്കുന്നുണ്ട് (ഇതേപ്പറ്റി വിശദമായ പഠനങ്ങള്‍ തുടര്‍ന്നുവരുന്നുണ്ട്. ഇവിടെ മറ്റൊരു വശം സാന്ദര്‍ഭികമായി സൂചിപ്പിക്കുകയാണ്). സ്റീഫന്‍ ഗൌള്‍ഡ് എന്ന ഫോസില്‍ ശാസ്ത്രജ്ഞന്‍ പ്രകൃതിനിര്‍ധാരണത്തെ ഉത്ഭവകാരണമെന്ന നിലയില്‍ തിരസ്കരിച്ചപോലെ ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ മോട്ടുകിമുറയും തിരസ്കരിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്റെ അതുസംബന്ധമായ പരാമര്‍ശങ്ങള്‍ നോക്കാം. അദ്ദേഹം കുറിക്കുന്നു: "സാധാരണയായി ഒരു മ്യൂട്ടേഷനുണ്ടായാല്‍ അതിന്റെ ഗുണദോഷങ്ങള്‍ക്കനുസരിച്ച് പ്രകൃതിനിര്‍ധാരണത്തില്‍ അത് തള്ളപ്പെടുകയോ സ്ഥിരീകരിക്കപ്പെടുകയോ ചെയ്യുമല്ലോ. മ്യൂട്ടിത ഭാവവും പഴയ ഭാവവും തമ്മില്‍ ഗുണദോഷങ്ങളെ സംബന്ധിച്ച വ്യത്യാസങ്ങളൊന്നുമില്ലെങ്കിലോ; പ്രകൃതിനിര്‍ധാരണം രണ്ടിനെയും ഒരുപോലെ അനുകൂലിക്കും. അപ്പോള്‍ ഒരേ സ്പീഷീസില്‍ ഒരേ സ്വഭാവത്തിന് രണ്ട് പ്രകാരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായിത്തീരും. ഇതാണ് സ്പീഷീസുകളില്‍ കാണുന്ന ബഹുരൂപതയുടെ കാരണം. യാദൃച്ഛികമായി സംഭവിക്കുന്ന ജനിതക വിഗതിമൂലം ഒരു ലക്ഷണം സ്ഥിരീകരിക്കപ്പെടുകയും മറ്റേത് നാമാവശേഷമായിത്തീരുകയും ചെയ്തുവെന്ന് വരാം. ഇപ്രകാരം, നിഷ്പക്ഷ മ്യൂട്ടേഷനുകളും തുടര്‍ന്നുവന്ന വിഗതിയുംമൂലമാണ്, പ്രകൃതിനിര്‍ധാരണം കൊണ്ടല്ല, ബൃഹത് തന്മാത്രകളില്‍ വ്യത്യാസങ്ങള്‍ വന്നത് എന്ന സിദ്ധാന്തം കിമൂറ മുന്നോട്ടുവെച്ചു''(23)
ജീവജാതികളുടെ ഉത്ഭവത്തിന് കാരണം പ്രകൃതിനിര്‍ധാരണല്ല എന്ന് ജനിതക ശാസ്ത്രജ്ഞനായ കിമൂറ അഭിപ്രായപ്പെട്ടതിനെപ്പറ്റി "ജനിതക ശാസ്ത്രത്തെ മാത്രം ആധാരമാക്കിയാണ്'' ഇങ്ങനെയൊരു വിമര്‍ശനം ഉയര്‍ത്തിയതെന്ന് പ്രൊഫ. കുഞ്ഞുണ്ണിവര്‍മ എഴുതിക്കൂടായ്കയില്ല! സാമാന്യ വായനക്കാരെ കബളിപ്പിക്കാന്‍ മറ്റെന്തുവഴി?
പുതിയ ജീവജാതികള്‍ ഉരുത്തിരിഞ്ഞത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ഡാര്‍വിന് സാധ്യമായില്ലെന്ന് വ്യക്തമായല്ലോ. ഒന്നര നൂറ്റാണ്ടിനിടയില്‍ ഏതെങ്കിലും പരിണാമ വിദഗ്ധര്‍ക്ക് അക്കാര്യം സാധ്യമായോ? ജനിതക ശാസ്ത്രവും ഫോസില്‍ വിജ്ഞാനീയവുമെല്ലാം കുതിച്ചുചാട്ടങ്ങള്‍ നടത്തിയ കഴിഞ്ഞ ദശകങ്ങളില്‍ എന്ത് സംഭവിച്ചു? സൂക്ഷ്മ പരിശോധനയില്‍ പുതിയ ജീവജാതികളുടെ ഉത്ഭവം ഇന്നും വിശദീകരിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലാകും. ഇക്കാര്യം ബോധ്യമാവാന്‍ പരിണാമ ജീവശാസ്ത്രജ്ഞരില്‍ പ്രമുഖരായ ഏതാനും പേരുടെ കൃതികള്‍ നോക്കാം.
പരിണാമ ജീവശാസ്ത്രജ്ഞനും ഗണിതശാസ്ത്രകാരനുമാണ് സെര്‍ഗി ഗാവ്റിലെറ്റ്സ്. ഇദ്ദേഹത്തിന്റെ ഫിറ്റ്നസ് ലാന്റ്സ്കേപ്സ് ആന്റ് ദ ഒറിജിന്‍ ഓഫ് സ്പീഷീസ് അടുത്ത കാലത്തിറങ്ങിയ ശ്രദ്ധേയമായ പഠനമാണ്.(24) ഇതിലെ മുഖ്യ വിഷയം ജീവജാതികളുടെ ഉത്ഭവമാണെങ്കിലും ലളിത ജീവികളില്‍നിന്നും സങ്കീര്‍ണ ജീവികളില്‍ ഉണ്ടായതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. ബാക്ടീരിയ പോലുള്ള ഏകകോശ ജീവികളില്‍ വ്യതിയാനങ്ങളുണ്ടാകുന്നതിനെപ്പറ്റിയാണ് ഗ്രന്ഥകാരന്റെ അന്വേഷണം. അനുയോജ്യമായവ അതിജീവിക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇക്കാര്യങ്ങളിലൊന്നും പരമ്പരാഗതമായ പരിണാമ സങ്കല്‍പങ്ങള്‍ക്കപ്പുറം ഗൌരവകരമായ സംഭാവനകളൊന്നും ഗാവ്റിലെറ്റ്സ് നല്‍കുന്നില്ല. ചെറിയ ജനിതക വ്യതിയാനങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ അന്വേഷണ വിഷയം. പുതിയ വിശേഷതകള്‍ ജീവജാതികള്‍ ആര്‍ജിക്കുന്നതിനെപ്പറ്റിയോ തികച്ചും വ്യത്യസ്തമായ ജീവികള്‍ ഉരുത്തിരിയുന്നതിനെക്കുറിച്ചോ അദ്ദേഹം വിശദീകരിക്കുന്നില്ല. ജീവജാതികളുടെ ഉത്ഭവം എന്ന കൃതിയെഴുതിയ ഡാര്‍വിനെപ്പോലെ 'അനുയോജ്യ ഭൂപരിസരവും ജീവജാതികളുടെ ഉത്ഭവവും' എന്ന ശീര്‍ഷകം ഗ്രന്ഥത്തിന് നല്‍കിയെങ്കിലും പുതിയ ജീവജാതികളുണ്ടാകുന്നതെങ്ങനെയെന്ന് വിശദീകരിക്കാതെവിട്ടു.
പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞനായ സ്റീഫന്‍ ഗൌള്‍ഡ് എന്‍സൈക്ളോപീജിയ ഓഫ് ഇവലൂഷനില്‍ അടുത്തകാലത്ത് എഴുതിയത് നോക്കാം. സൂക്ഷ്മ പരിണാമ (micro evolution)ത്തിന് വിശദീകരണം നല്‍കാന്‍ ഡാര്‍വിനിസം പ്രാപ്തമാണെങ്കിലും സ്ഥൂല പരിണാമ (macro evolution) മെന്ന് വിശേഷിപ്പിക്കപ്പെടുന്ന വലിയ മാറ്റങ്ങള്‍ക്ക് തൃപ്തികരമായ വ്യാഖ്യാനമാവുന്നില്ല എന്ന് ഗൌള്‍ഡ് എഴുതുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്: An automatically degenerate parasite, reduced by natural selection to a little bag of reproductive tissue in the body of a host, may be just as well adapted to it's local environment as the most admirably evolved organic machine for running, swimming or flying.''(25)
ഡാര്‍വിന്‍ വിശദീകരിക്കാതെ വിട്ട സ്ഥൂല പരിണാമം ഗൌള്‍ഡ് വിശദീകരിച്ചുവോ എന്നതാണ് ചോദ്യം. ജനിതക വ്യതിയാനങ്ങളിലൂടെ ജീവജാതികളുടെ ശരീര വലിപ്പം (body size) കുറയാമെന്നും വംശനാശ (Extinction)ത്തിനുശേഷം അവശേഷിക്കുന്ന ജീവികള്‍ പുത്തന്‍ ജീവികളായി പരിണമിക്കുമെന്നും ഗൌള്‍ഡ് ചൂണ്ടിക്കാട്ടുന്നു. ചാടാനും നീന്താനും പറക്കാനും അനുയോജ്യമായ ശരീരഘടനയോടെ ഒരു ജീവജാതി രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൌള്‍ഡും വിശദീകരിക്കുന്നില്ല.
ഏറെ ആദരിക്കപ്പെടുന്ന പരിണാമ സൈദ്ധാന്തികനാണ് ഏണ്‍സ്റ് മെയ്ര്‍. അടുത്തകാലത്ത് നൂറാം വയസില്‍ മരിക്കുംവരെ ഹാവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു അദ്ദേഹം. ഒരുപക്ഷെ, ഡാര്‍വിനുശേഷമുണ്ടായ ഏറ്റവും പ്രമുഖ പരിണാമ സൈദ്ധാന്തികന്‍. മെയ്ര്‍ ഒടുവിലായി എഴുതിയ കൃതിയാണ് വാട്ട് ഇവലൂഷന്‍ ഈസ്(26) ഈ കൃതിയിലും വേഗം കുറഞ്ഞ ചെന്നായകള്‍ വേഗതയേറിയ ചെന്നായകളാവുന്നതിനെപ്പറ്റി ഡാര്‍വിന്‍ വിവരിച്ചപോലെ ജനിതക വ്യതിയാനങ്ങളെ (geneti variations)ക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. ഏതെങ്കിലും ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയാകുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ അത്യാധുനികനായ മെയ്റും ശ്രമിച്ചിട്ടില്ല! Inspire of its gradulness macro evolution is characterized by numerous major inventions.'' എന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം ഈ വന്‍മാറ്റങ്ങള്‍ എങ്ങനെയാണ് ജീവികളില്‍ ഉല്‍ഭൂതമാകുന്നതെന്ന് വ്യക്തമാക്കുന്നില്ല. പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് രക്ഷപ്പെടാനുള്ള എളുപ്പവഴിയെന്ന് ഈ ഹാവാഡ് ശാസ്ത്രജ്ഞനും തോന്നിക്കാണും. ജീവജാതികളുടെ ഉത്ഭവം വിശദീകരിക്കുന്നു എന്ന് അവകാശപ്പെട്ട് ജനിതക വ്യതിയാനങ്ങള്‍ മാത്രം പ്രതിപാദിച്ച് ആത്മവഞ്ചനയുടേതായ വന്‍ പാരമ്പര്യം തുടങ്ങിവെച്ച ആചാര്യനായ ഡാര്‍വിന്റെ ഇഷ്ടദാസന്‍ മറ്റെന്താണ് ചെയ്യേണ്ടത്?!
കുറിപ്പുകള്‍:
1. AFP News 24 May 2007
2. Charles Darwin, The Origin of Species, 1859
3. The Origin of Species (Penguin: 1981) P. 115
4. മേല്‍കൃതി, പേജ് 138
5. കുഞ്ഞുണ്ണിവര്‍മ, പരിണാമം എങ്ങനെ? കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡിസംബര്‍ 2009, പേജ് 17
6. The Origin of Species, P. 70
7. പരിണാമം എങ്ങനെ? പേജ് 13-14
8. Francis Darwin, The life of Charles Darwin (Senate: London) 1995, P. 46
9. പരിണാമം എങ്ങനെ? പേജ് 75-76
10. മേല്‍കൃതി, പേജ് 76
11. മേല്‍കൃതി പേജ് 78
12. മേല്‍കൃതി പേജ് 242
13 മേല്‍കൃതി പേജ് 242
14. പേജുകള്‍ 242-243
15. പേജ് 245
16. പേജ് 246
17. പേജ് 243
18. പേജുകള്‍ 243-244
19. പേജ് 247
20. പേജ് 246
21. പേജുകള്‍ 246-247
22. പേജ് 247
23. പേജ് 250
24. Sergey Gavrilets, Fitness Landscapes and the Origin of Species (Princeton University Press) 2004
25. Stephen Gould, Encyclopedia of Evolution Ed. Mark Pagel (Oxford University Press) 2002, P. E 26
26. Ernst Mayr, What Evolution Is? (Basic Books), 2001, 318 PP
(തുടരും)