Monday, December 10, 2012

പരിണാമം: ശാസ്ത്രവും ശാസ്ത്ര ദുര്‍വ്യാഖ്യാനങ്ങളും


എന്‍.എം ഹുസൈന്‍
പരിണാമവും ജനിതകശാസ്ത്രവും ( ഭാഗം - 3 )

പരിണാമവാദം ജീവശാസ്ത്രത്തിന്റെ ഭാഗമാണെന്ന തെറ്റായ ധാരണ അഭ്യസ്തവിദ്യര്‍ക്കിടയിലുണ്ട്. ജീവശാസ്ത്രത്തിലെ തെളിയിക്കപ്പെട്ട നിരീക്ഷണങ്ങളേയും പരിണാമ സങ്കല്‍പങ്ങളെയും കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നതില്‍ നിന്നാണ് ഇങ്ങനെയൊരു അബദ്ധ ധാരണയുണ്ടായത്. ജീവശാസ്ത്രമേത് പരിണാമവാദമേത് എന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ മിക്കവര്‍ക്കും സാധിക്കാതെ വരുന്നു. ജീവശാസ്ത്രത്തിന്റെ ഭാഗമാണ് പരിണാമവാദം എന്ന് വരുത്തിതീര്‍ക്കാന്‍ ഡാര്‍വിനിസ്റുകള്‍ അനുവര്‍ത്തിക്കുന്ന തന്ത്രം കൂടിയാണിത്. ഇവരുടെ തന്നെ രചനകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ യഥാര്‍ഥ ശാസ്ത്രത്തെയും പരിണാമവാദ ദുര്‍വ്യാഖ്യാനങ്ങളെയും വേര്‍തിരിച്ചറിയാനാവും.

ഡാര്‍വിന്‍ സിദ്ധാന്തത്തെ പരിചയപ്പെടുത്തുന്ന പ്രൊഫ: കുഞ്ഞുണ്ണി വര്‍മ്മയുടെ ഈ വാചകങ്ങള്‍ നോക്കൂ: "ഡാര്‍വിന്‍ തന്റെ സിദ്ധാന്തത്തെ ഒരു ചെറുവാചകത്തില്‍ ഒതുക്കി നിര്‍ത്തിയിട്ടുള്ളത് ആദ്യം തന്നെ ഉദ്ധരിക്കാം. 'ജീവജാലങ്ങളുടെ അഭിവൃദ്ധിക്ക് വഴിവച്ച ഒരു പൊതുനിയമം പെരുകുക, വൈവിധ്യം കൈവരിക്കുക; ശക്തന്‍മാര്‍ ജീവിക്കും, അശക്തന്‍മാര്‍ക്ക് മരണം എന്നതാണ്.'' പ്രകൃതിയിലെ തിരഞ്ഞെടുപ്പ് അഥവാ പ്രകൃതി നിര്‍ധാരണം എന്നാണ് ഡാര്‍വിന്‍ ഈ പ്രക്രിയയെ വിശേഷിപ്പിച്ചത്.''(1)

പരിണാമസിദ്ധാന്തത്തിന്റെ സാരാംശമാണ് മേല്‍വരികളിലുള്ളതെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. ഇതിലെ ഒന്നാമത്തെ നിരീക്ഷണം ജീവികള്‍ പെരുകുന്നു എന്നതാണ്. ജീവികള്‍ പുനരുല്‍പാദനത്തിലൂടെ പെരുകുന്നു എന്നത് ഒരു പ്രകൃതിശാസ്ത്ര വസ്തുതയാണ്. എന്നാല്‍ ഇതിന് പരിണാമവാദവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. ജീവികള്‍ പെരുകുന്നു എന്നത് പരിണാമം സമര്‍ഥിക്കുന്ന വസ്തുതയേയല്ല. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"അതിവേഗം പെറ്റുപെരുകിയും, മറ്റു സമര്‍ഥമായ രീതികളില്‍ പുനരുല്പാദനം നടത്തിയും, സ്വയം നിലനിര്‍ത്തുവാനുള്ള ഓരോ ജീവിയുടേയും വാസന ജന്മസിദ്ധമാണ്.   പക്ഷെ,                       വാസ്തവത്തില്‍, ജീവികളുടെ പുനരുല്‍പാദനശേഷിയുടെ വളരെ ചെറിയൊരംശം മാത്രമെ സാക്ഷാത്കരിക്കപ്പെടുന്നുള്ളു.''(2)

ജീവികള്‍ പെറ്റുപെരുകുന്നത് സ്വയം നിലനിര്‍ത്തുവാനാണെന്ന് പരിണാമവാദികളും സമ്മതിക്കുന്നു. "സ്വയം നിലനിര്‍ത്തുക'' എന്നതിന് പരിണമിക്കുക എന്നല്ലല്ലോ അര്‍ഥം! മറിച്ച്, പരിണമിക്കാതിരിക്കുക എന്നുതന്നെയാണര്‍ഥം! ഓരോ ജീവജാതിയും "സ്വയം നിലനിറുത്താന്‍'' പെറ്റുപെരുകിയാല്‍ അതേ ജീവജാതികളുടെ സന്തതി പരമ്പര നിലനില്‍ക്കും. ഇതാണ് പ്രകൃതിയില്‍ നടക്കുന്നത്. പ്രകൃതിശാസ്ത്ര നിരീക്ഷണങ്ങള്‍ ഈ വസ്തുതയാണ് സ്ഥിരീകരിക്കുന്നത്. ഇതാകട്ടെ ഒരു ജീവജാതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റനേകം ജീവജാതികള്‍ പരിണമിച്ചുണ്ടാവുക എന്ന സങ്കല്‍പത്തെ തീര്‍ത്തും നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഓരോ ജീവജാതിയും "സ്വയം നിലനിറുത്താന്‍'' പ്രകൃതിതന്നെ നിരവധി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന കരിയിലക്കിളിയെയും പൂത്താങ്കിരിയെയും ഉദാഹരണമായെടുക്കാം. പറമ്പുകളിലും ചുള്ളിക്കാടുകളിലും തുള്ളിച്ചാടി നടക്കുന്ന ഇവയുടെ ചെറുപറ്റങ്ങളെ കേരളത്തിലെവിടെയും കാണാം. ഈ പക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"കരിയിലക്കിളിയുടെ വലുപ്പം പൂത്താങ്കിരിയെക്കാള്‍ സ്വല്പം കൂടുതലാണ്. കരിയിലക്കിളിക്ക് പൊന്തയും കുറ്റിക്കാടുമാണിഷ്ടമെങ്കില്‍ പൂത്താങ്കിരിക്ക് കൂടുതല്‍ തുറസ്സായ പ്രദേശങ്ങളാണിഷ്ടം. പുറപ്പെടുവിക്കുന്ന ശബ്ദത്തിനും വ്യത്യാസമുണ്ട്. (ഇത് കേട്ടുതന്നെ അറിയണം; വിസ്തരിക്കുവാന്‍ പ്രയാസമാണ്). കരിയിലക്കിളിയുടെ കൂട് കൂടുതല്‍ ഉയരത്തിലുള്ള കൊമ്പുകളിലാണ് കാണുക. രണ്ടിനേയും ഒരേ വളപ്പില്‍ത്തന്നെ കാണാമെങ്കിലും രണ്ടും ചേര്‍ന്ന പറ്റങ്ങള്‍ കാണുകയില്ല. ഇണ ചേരുന്ന സമയത്ത് കരിയിലക്കിളി കരിയിലക്കിളിയെയും പൂത്താങ്കിരിയി പൂത്താങ്കിരിയേയും മാത്രമേ സ്വീകരിക്കുകയുള്ളു; സങ്കരജാതികള്‍ പ്രകൃതിയില്‍ ഉണ്ടാവുന്നില്ല.''(3)

കരിയിലക്കിളിയും പൂത്താങ്കിരിയും ഏറെ സാദൃശ്യമുള്ള ജീവജാതികളായിട്ടും അവ പരസ്പരം പ്രത്യുല്‍പാദന ബന്ധത്തില്‍ ഏര്‍പ്പെടാതെ രണ്ട് ജീവജാതികളായി തന്നെ നിലനില്‍ക്കുന്നു! പെറ്റുപെരുകി ഓരോ ജീവജാതിയും അവയുടെ സ്പീഷീസ് സവിശേഷതകള്‍ ഇത്ര കര്‍ശനമായി സ്വയം നിറുത്തിയാല്‍ ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊന്നായി മാറാനുള്ള സാധ്യത ഇല്ലാതാവുന്നു.
ഓരോ ജീവജാതിക്കും "സ്വയം നിലനിറുത്താന്‍'' സഹായകമായ പെരുമാറ്റ പ്രക്രിയകള്‍ തന്നെയുണ്ട്. ഗ്രന്ഥകാരന്റെ ഈ വരികള്‍ ശ്രദ്ധിക്കൂ:

"ജന്തുക്കളില്‍ ഏറ്റവും ശക്തമായ സേകപൂര്‍വ പ്രത്യുല്പാദന വിച്ഛേദന പ്രക്രിയ പെരുമാറ്റത്തെ സംബന്ധിച്ചിട്ടുള്ളതാമെന്നതിന് സംശയമില്ല. പരിണാമത്തിന്റെ ഉയര്‍ന്ന പടികളില്‍ വര്‍ത്തിക്കുന്ന ജന്തുജാലങ്ങളിലാണിത് സുവ്യക്തമായി കാണുക-നട്ടെല്ലികള്‍, സന്ധിപാദികള്‍, തുടങ്ങിയവയില്‍. അതേസമയം ചേഷ്ടാശീലമില്ലാത്തതുകൊണ്ട് സസ്യങ്ങളില്‍ ഈ പ്രക്രിയ ഒട്ടും തന്നെ കാണുകയുമില്ല. പ്രത്യുല്പാദനത്തോടനുബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ മേല്‍പറഞ്ഞ മിക്ക ജന്തുക്കള്‍ക്കും ഉള്ളതാണ്. ഇണയെ തിരിച്ചറിയാനും പ്രത്യുല്പാദനത്തില്‍ ഏര്‍പ്പെടാന്‍ വേണ്ട ഉത്തേജകം പകരുവാനും ഈ ആചാരങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്. ആണ്‍ തവളകള്‍ ഉറക്കെ കരയുന്നതും ആണ്‍ മയില്‍ പീലികള്‍ വിടര്‍ത്തി ആടുന്നതും ഇണയെ ആകര്‍ഷിക്കാനും ഉത്തേജിപ്പിക്കാനുമാണെന്ന് മിക്കവര്‍ക്കും അറിയാവുന്നതായിരിക്കും. പക്ഷെ, മിന്നാമിനുങ്ങുകള്‍ മിന്നുന്നതും ഓന്തിന്റെ ഗളസ്ഥലം ചോര കുടിച്ച മാതിരി ചുവന്നുതുടുക്കുന്നതും ഇതേ ആവശ്യത്തിനുതന്നെയാണെന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടായിരിക്കുകയില്ല. പലതരം മിന്നാമിനുങ്ങുകളുള്ളവയില്‍ ഓരോന്നിന്റെയും മിന്നുന്നതിന്റെ വേഗതയും തീവ്രതയും പ്രത്യേകതരത്തിലായിരിക്കും. സ്വന്തം സ്പീഷീസിന്റെ പ്രകാശസ്ഫുരണ സമ്പ്രദായത്തോടുമാത്രമെ പെണ്‍ മിന്നാമിനുങ്ങുകള്‍ ആകൃഷ്ടരാവുകയുള്ളൂ. (മിന്നുന്നതും മിനുങ്ങുന്നതും മുഖ്യമായും ആണുങ്ങളാണ്) പെണ്ണുങ്ങളെ ആകര്‍ഷിക്കാന്‍ മാത്രമല്ല, ആണുങ്ങളേയും പെണ്ണുങ്ങളേയും അന്യോന്യം ഉത്തേജിപ്പിക്കുവാനും പ്രണയാചാരങ്ങള്‍ ആവശ്യമാണ്. ഓരോ സ്പീഷീസിനും പ്രത്യേക തരത്തിലുള്ള പ്രണയചേഷ്ടകളാണുള്ളതെന്നും അവയോട് സ്വന്തം സ്പീഷീസില്‍പ്പെട്ട ഇണകള്‍ മാത്രമെ പ്രതിപ്രവര്‍ത്തിക്കുകയുള്ളു എന്നതുമാണ് പ്രത്യുല്പാദന വിച്ഛേദനത്തിന്റെ ആധാരം.''(4)

ഓരോ ജീവജാതിയും അവയുടെ സ്വഭാവവിശേഷതകള്‍ എത്ര കര്‍ശനമായാണ് നിലനിറുത്തുന്നതെന്നും അതിന് വേണ്ട സംവിധാനങ്ങളാണ് പ്രകൃതിയില്‍ സജ്ജീകരിക്കപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാണ്. പെരുമാറ്റാചാരങ്ങള്‍ വഴി ഇത് കൃത്യമായും കര്‍ശനമായും നിയന്ത്രിക്കപ്പെടുന്നുണ്ട്. എന്നും തെളിയുന്നു. മത്സ്യങ്ങള്‍ക്കിടയിലെ ഇത്തരമൊരു കര്‍ശനവ്യവസ്ഥയെപ്പറ്റി ഗ്രന്ഥകാരന്‍ കുറിച്ചത് നോക്കൂ:
"സ്വയം നിലനിര്‍ത്തുവാനുള്ള ഓരോ ജീവിയുടെയും വാസന ജന്മസിദ്ധമാണെന്ന്'' ഗ്രന്ഥകാരന്‍ സമ്മതിക്കുന്നുണ്ടല്ലോ. സ്വയം നിലനിര്‍ത്താന്‍ ഓരോ ജീവിക്കും ജന്മസിദ്ധമായ വാസനയുണ്ടെങ്കില്‍ അവ പരിണമിക്കുമെന്ന് കരുതുന്നത് വൈരുധ്യമല്ലേ? സ്വയം നിലനിര്‍ത്താനുള്ള ഓരോ ജീവിയുടെയും വാസന'' പ്രകൃതിയില്‍ കാണുന്ന ഓരോ ജീവിയേയും ജീവജാതിയേയും നിരീക്ഷിച്ചാല്‍ ആര്‍ക്കും ബോധ്യമാകുന്ന യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ് അവ പരിണമിക്കുമെന്ന സങ്കല്‍പം. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.

ഒട്ടേറെ സാദൃശ്യങ്ങളുണ്ടെങ്കിലും കഴുതയും കുതിരയും രണ്ട് ജീവജാതികളാണ്. അവ പ്രത്യുല്‍പാദനത്തിലൂടെ മറ്റേതെങ്കിലും സങ്കരജീവജാതികളെ ഉല്‍പാദിപ്പിക്കില്ല. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ:

"തമ്മില്‍ ഇണചേര്‍ന്നാല്‍ മാത്രം പോരാ, ഉല്പാദകശേഷിയും ആരോഗ്യവുമുള്ള സന്തതികള്‍ ഉണ്ടാവുക കൂടിയ ചെയ്താല്‍ മാത്രമെ രണ്ടുജാതികള്‍ ഒരേ സ്പീഷീസില്‍ പെടുമെന്ന് പറയാന്‍ തരമുള്ളൂ. കോവര്‍ കഴുതയുടെ കഥ പ്രസിദ്ധമാണല്ലോ. കുതിരയും കഴുതയും തമ്മിലുള്ള ബന്ധത്തില്‍നിന്നും ഉണ്ടാവുന്നതാണ് കോവര്‍ കഴുത. സ്വയം ആരോഗ്യവും ശക്തിയുമൊക്കെയുണ്ടെങ്കിലും സന്തത്യുത്പാദന ശേഷി കോവര്‍ കഴുതയ്ക്ക് തീരെ ഇല്ല. അതുകൊണ്ട് കുതിരയും കഴുതയും വ്യത്യസ്ത സ്പീഷീസുകളാണെന്ന് പറയുന്നതില്‍ തെറ്റില്ല.''(5)

കഴുത കഴുതയായും കുതിര കുതിരയായും നിലനില്‍ക്കുമെന്നല്ലേ ഇതില്‍നിന്നും ഗ്രഹിക്കേണ്ടത്? വ്യത്യസ്ത ജീവജാതികള്‍ പ്രത്യുല്‍പാദന ബന്ധമുണ്ടാക്കാത്തതിന്റെ ഫലം എന്താകുമെന്ന് ഗ്രന്ഥകാരന്‍ തുടര്‍ന്ന് എഴുതിയത് കാണുക:

"വ്യത്യസ്ത സ്പീഷീസുകള്‍ തമ്മില്‍ ഫലപ്രദമായ പ്രത്യുല്പാദനം നടക്കുകയില്ല എന്ന വസ്തുതയുടെ ഫലം എന്താണെന്ന് നോക്കാം. ഓരോ വ്യക്തിയിലും രണ്ടു സെറ്റു ക്രോമസോമുകള്‍ (ജീനുകളും) ഉള്ളതില്‍ ഒരു സെറ്റ് അച്ഛനില്‍നിന്നും മറ്റേ സെറ്റ് അമ്മയില്‍നിന്നും കിട്ടിയതായിരിക്കുമെന്ന് അറിയാമല്ലോ. അങ്ങനെ അച്ഛനമ്മമാരുടെ ജീനുകള്‍ സന്തതികളില്‍ സമ്മേളിക്കുന്നു. ഇതേ ജീനുകള്‍ നന്നായൊന്ന് കശക്കി സന്തതികള്‍ അവരുടെ സന്തതികളിലേക്ക് പകരുന്നു. താത്ത്വികമായി പറഞ്ഞാല്‍ ഒരു സ്പീഷീസിലെ ഏതൊരു വ്യക്തിക്കും അതേ സ്പീഷീസിലെ മറ്റൊരു വ്യക്തിയുമായി ഇപ്രകാരം ജീനുകള്‍ സമ്മേളിപ്പിക്കുവാന്‍ സാധിക്കും. രണ്ട് ആണ്‍ പ്രജകള്‍ തമ്മില്‍ പ്രത്യുല്പാദനം സാധ്യമല്ലെങ്കില്‍ കൂടി അവരുടെ ജീനുകള്‍ തമ്മില്‍ രണ്ടാം തലമുറയില്‍ സമ്മേളിക്കുവാന്‍ വിരോധമില്ല -ഒന്നിന്റെ ആണ്‍ സന്തതിയും മറ്റേതിന്റെ പെണ്‍ സന്തതിയും തമ്മില്‍ ഇണചേരുമ്പോള്‍. ഇപ്രകാരം, കാലക്രമേണ ഒരു വ്യക്തിയിലുള്ള ഏതൊരു ജീനും അതേ സ്പീഷീസിലുള്ള ഏതൊരു വ്യക്തിയിലേക്കും-കൃത്യമായി പറഞ്ഞാല്‍ ആ വ്യക്തിയുടെ സന്തതി പരമ്പരയിലേക്ക് -വ്യാപിക്കുവാന്‍ വിരോധമില്ല. ഈ അര്‍ഥത്തില്‍ ഒരു സ്പീഷീസില്‍പെട്ട വ്യക്തികള്‍ക്കെല്ലാം ജീനുകളുടെ ഒരു പൊതു പൈതൃകമുണ്ടെന്ന് പറയാം. അതേസമയം വ്യത്യസ്ത സ്പീഷീസുകളില്‍പെട്ട വ്യക്തികള്‍ തമ്മില്‍ പ്രത്യുല്പാദനം സാധ്യമല്ലാത്തതുകൊണ്ട് ഒരു സ്പീഷീസിലെ ജീനുകള്‍ മറ്റൊരു സ്പീഷീസിന് ആര്‍ജിക്കുവാന്‍ സാധ്യമല്ല. അങ്ങനെ, എല്ലാ സ്പീഷീസുകള്‍ക്കും തങ്ങളുടേതായ ജീനുകളുടെ ഒരു പൊതുസഞ്ചയമുണ്ടായിരിക്കും. അതില്‍ മറ്റു സ്പീഷീസുകള്‍ക്ക് അവകാശമില്ല. ഓരോ സ്പീഷീസും അതിവിപുലമായൊരു തറവാടുപോലെയാണെന്നു പറയാം. ജീനുകളാണ് തറവാടിന്റെ പൊതുസ്വത്ത്. സ്പീഷീസിലെ വര്‍ണങ്ങള്‍ (Races) തറവാട്ടിലെ   തായ് വഴികള്‍   പോലെയാണെന്നു പറയാം.''(6)

"എല്ലാ സ്പീഷീസുകള്‍ക്കും തങ്ങളുടേതായ ജീനുകളുടെ ഒരു പൊതുസഞ്ചയമുണ്ടായിരിക്കും'' എന്നും "അതില്‍ മറ്റു സ്പീഷീസുകള്‍ക്ക് അവകാശമില്ല'' എന്നും വാദിക്കുമ്പോള്‍ യുക്തിസഹമായി എത്താവുന്ന നിഗമനം അടിസ്ഥാന ജീവജാതികള്‍ പരിണമിക്കില്ല എന്നുതന്നെയാണ്. അതിനാല്‍ പ്രകൃതിനിരീക്ഷണങ്ങളിലൂടെ ബോധ്യമാകുന്ന വസ്തുതകള്‍ ജീവികള്‍ പരിണമിക്കുമെന്നല്ല, പരിണമിക്കില്ലെന്നാണ് തെളിയിക്കുന്നത്.
ജീവികള്‍ പെറ്റുപെരുകുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചാലും ഇക്കാര്യം ബോധ്യമാവും. ഏകകോശ ജീവികള്‍ മുതല്‍ നീലത്തിമിംഗലങ്ങള്‍ വരെ പ്രത്യുല്‍പാദനം നടത്തുന്നുണ്ട്. ഇക്കാലമത്രയും പ്രകൃതിനിരീക്ഷകര്‍ പ്രത്യുല്‍പാദനസമ്പ്രദായത്തെക്കുറിച്ച് പഠനം നടത്തി കണ്ടെത്തിയ വസ്തുതകള്‍ എന്തൊക്കെയാണ്?

ഓരോ ജീവിയും അവയുടെ കുഞ്ഞുങ്ങളെയാണ് പ്രത്യുല്‍പാദിപ്പിക്കുന്നത്. ഓരോ ജീവജാതിയും അവയുടെ തന്നെ കുഞ്ഞുങ്ങളെ കോടാനുകോടി വര്‍ഷങ്ങള്‍ പ്രത്യുല്‍പാദിപ്പിച്ചുകൊണ്ടിരുന്നാലും പിന്നെയും ജനിക്കുന്നത് അതേ ജീവജാതികള്‍ തന്നെയല്ലേ? ഇതിന് പരിണാമവുമായി ബന്ധമില്ല എന്നു തന്നെയല്ല പരിണാമം സംഭവിക്കില്ല എന്നാണിത് തെളിയിക്കുന്നത്. പെറ്റുപെരുകുന്നത് ഉദാഹരണസഹിതം കുഞ്ഞുണ്ണിവര്‍മ്മ വിവരിച്ചതില്‍നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. അദ്ദേഹത്തിന്റെ വരികള്‍ നോക്കൂ: "ഇതു വ്യക്തമാക്കാന്‍ ആനയുടെ ഉദാഹരണമാണ് ഡാര്‍വിന്‍ എടുത്തിട്ടുള്ളത്. പ്രത്യുല്പാദനക്ഷമത ഏറ്റവും കുറഞ്ഞ ജീവികളിലൊന്നാണ് ആന. ഒരു പിടിയാന കൂടിയപക്ഷം, ആറു പ്രസവിക്കും. ഈ തോതില്‍ പുനരുല്പാദനം നടത്തുകയും സന്തതികളെല്ലാം വൃദ്ധാവസ്ഥവരെ ജീവിക്കുകയും ചെയ്താല്‍ ഒരു ജോടി ആനയില്‍നിന്നുള്ള സന്തതിപരമ്പര 750 കൊല്ലങ്ങള്‍കൊണ്ട് ഒരു കോടി 90 ലക്ഷമായിത്തീരും! (തെക്കെ ഇന്ത്യയില്‍ ഇന്ന് ആകെയുള്ള ആനകളുടെ എണ്ണം 3000 ആണെന്ന് ഓര്‍ക്കുക). ഈ തോതില്‍ ആനകള്‍ പെറ്റുപെരുകാത്തതിനുള്ള കാരണം പിടിയാനകളുടെ പ്രസവം കുറയുന്നതും ഭൂരിപക്ഷം സന്തതികള്‍ പ്രത്യുല്‍പാദനം ചെയ്യാതെ തന്നെ മരണമടയുന്നതും കൊണ്ടാണെന്ന് വ്യക്തമാണല്ലോ.''(7)

ആനകള്‍ എങ്ങനെ എത്രകാലം പ്രത്യുല്‍പാദനം നടത്തിയാലും ആനകള്‍ മാത്രമേ ജനിക്കുകയുള്ളൂവെന്ന് വ്യക്തമല്ലേ? പ്രകൃതിയില്‍ കാണുന്നപോലെ അതിജീവിക്കപ്പെടുന്ന ആനകളുടെ എണ്ണം കുറവാണെങ്കിലും കൂടുതലാണെങ്കിലും ആനകള്‍ ആനകളായി തുടരും. ആനകളുടെ സന്തതിപരമ്പരകള്‍ ഒരൊറ്റകുഞ്ഞും മരിക്കാതെ 740 കൊല്ലങ്ങള്‍കൊണ്ട് 90 ലക്ഷമായിത്തീരുന്ന അവസ്ഥയാണ് പ്രകൃതിയില്‍ ഉണ്ടാകുന്നത്. എന്ന് സങ്കല്‍പിക്കൂ. എങ്കില്‍പ്പോലും ആനകള്‍ ആനകളെ മാത്രമേ പ്രസവിക്കൂ എന്ന് വ്യക്തമാണ്! ഇത് പരിണാമം സംഭവിക്കില്ല എന്നാണ് തെളിയിക്കുന്നത്; സംഭവിക്കാനുള്ള സാധ്യതയിലേക്ക് അല്പം പോലും സൂചന നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇനി, "ജീവികള്‍ തമ്മില്‍ ജീവിതസൌകര്യങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം'' നടക്കുന്നു എന്ന നിരീക്ഷണം പരിശോധിക്കാം. ഇതുമൂലം പരിണാമം സംഭവിക്കുമോ? ഒരിക്കലുമില്ല. കുഞ്ഞുണ്ണി വര്‍മ്മയുടെ വാക്കുകളിതാണ്: "ഒരേ പരിതസ്ഥിതിയില്‍ ജീവിക്കുന്ന ജീവികള്‍ തമ്മിലാണ് മത്സരത്തിന് സാധ്യതയുള്ളതെന്ന വസ്തുതയും ഡാര്‍വിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യയില്‍ ഏഷ്യന്‍പാറ്റ (കൂറ) യൂറോപ്യന്‍ പാറ്റയെ മത്സരിച്ച് തുരത്തിയതും, ഓസ്ട്രേലിയയില്‍ പുറനാടന്‍ തേനീച്ചകള്‍ നാടന്‍ തേനീച്ചകളുടെ സ്ഥാനമേറ്റെടുത്തതും ഉദാഹരണങ്ങളായി അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.''(8)


ഇവിടെ ജീവിതസമരത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നല്‍കിയിട്ടുള്ളത്. ഏഷ്യന്‍ പാറ്റകള്‍ യൂറോപ്യന്‍ പാറ്റകളെ തുരത്തിയാലും പുറനാടന്‍ തേനീച്ചകള്‍ നാടന്‍ തേനീച്ചകളുടെ സ്ഥാനമേറ്റെടുത്താലും പരിണാമത്തിന് അവ സഹായകമാവുമോ? ഒരിക്കലുമില്ല. ഏഷ്യന്‍ പാറ്റകള്‍ ഏഷ്യന്‍ പാറ്റകളായും യൂറോപ്യന്‍ പാറ്റകള്‍ യൂറോപ്യന്‍ പാറ്റകളായും തുടരുമെന്നല്ലേ ഇത് തെളിയിക്കുന്നത്? പരിണമിക്കാതെ തന്നെ ജീവിതസമരം നടത്തിയ വിജയിക്കാമെന്നാണിത് തെളിയിക്കുന്നത്. ഒരു ജീവജാതി മറ്റൊന്നായി മാറാനല്ല മാറാതിരിക്കാനാണ് ജീവിതസമരം സഹായിക്കുന്നത് എന്ന് വ്യക്തമാണ്. ഗ്രന്ഥകാരന്‍ ഡാര്‍വിന്റെ ഒരു കണ്ടെത്തലിനെക്കുറിച്ചെഴുതിയ ഈ വരികള്‍ ഈ വസ്തുത ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത് കാണുക: "ജന്തുക്കള്‍ നശിക്കുന്നത് മുഖ്യമായും മുട്ടയായും കുഞ്ഞുങ്ങളായും, ചെടികള്‍ തൈപ്രായത്തിലും ആണെന്ന് ഡാര്‍വിന്‍ പരീക്ഷണങ്ങള്‍ വഴി തെളിയിക്കുകയുണ്ടായി. തന്റെ പറമ്പില്‍ താനെ മുളച്ച 357 കളവിത്തുകളില്‍ 295 എണ്ണം ഇലയിടുന്നതിനുമുമ്പുതന്നെ പ്രാണികളും ഒച്ചുകളും തിന്നൊടുക്കിയത്രെ. ശേഷിച്ചവയില്‍ കൂടുതല്‍ വേഗം വളര്‍ന്നവ മറ്റുള്ളവയുടെ വളര്‍ച്ചയ്ക്ക് വിഘാതമായി. അവസാനം ഒന്നോ രണ്ടോ മാത്രം പൂവിടുവാന്‍ വേണ്ട പ്രായമെത്തിയോ എന്ന് സംശയം. ഇതാണ് പ്രകൃതിനിയമം. ഇവിടെ നശിക്കുന്നവ പോലും മറ്റ് ജീവികള്‍ക്ക് ഭക്ഷണമോ വളമോ ആയിത്തീരുകയാണ് ചെയ്യുന്നതെന്നും അപ്രകാരം ഒരര്‍ഥത്തില്‍ പരാശ്രയം നല്‍കുകയാണ് അവ ചെയ്യുന്നതെന്നും ശ്രദ്ധിക്കുക.''(9)

നശിക്കുന്നവയും നശിക്കാത്തവയും പരിണമിക്കുന്നില്ല; ലഘുവായിപ്പോലും. നശിക്കുന്നവ നശിക്കാത്തവയെ ഫലത്തില്‍ അതിജീവനത്തിന് സഹായിക്കുകയാണെന്നും ഇത് പരാശ്രയമാണെന്നും മേല്‍വരികളില്‍നിന്നും ഗ്രഹിക്കാനാവും. അതിജീവിക്കുന്ന അതേ ജാതി ജീവിജാലങ്ങളെ പ്രത്യുല്‍പാദിപ്പിക്കുകയും അതേ ജാതി ജീവജാലങ്ങള്‍ നിരന്തരമായി പ്രത്യുല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിലെവിടെയാണ് പരിണാമം സംഭവിക്കുന്നത്? എവിടെയുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഓരോ ജീവജാതിയും അവയുടെ തന്നെ തലമുറകളെ പ്രത്യുല്‍പാദിപ്പിക്കുന്നതാണ് പ്രകൃതിനിയമമെങ്കില്‍ പരിണാമം ഒരിക്കലും സംഭവിക്കില്ലെന്ന് തെളിയുന്നു. ചുരുക്കത്തില്‍ ജീവിതമത്സരം ഉണ്ട് എന്നതുകൊണ്ടോ കൂടുതല്‍ അര്‍ഹതയുള്ളത് അതിജീവിക്കപ്പെടുമെന്നതുകൊണ്ടോ പരിണാമം നടക്കുമെന്നല്ല നടക്കില്ലെന്നാണ് തെളിയുന്നത്.

ജീവികള്‍ക്കിടയില്‍ നിലനില്‍പിനായി മത്സരമുണ്ട് എന്നത് ചില പ്രകൃതി നിരീക്ഷകരുടെ അഭിപ്രായമാണ്. ഡാര്‍വിന്‍ ഇത് ഊന്നിപ്പറഞ്ഞ് പ്രകൃതി നിര്‍ധാരണവുമായി കൂട്ടിയിണക്കി പരിണാമസങ്കല്‍പത്തിന്റെ ചേരുവയാക്കി അവതരിപ്പിച്ചു. എന്നാല്‍ ജീവികള്‍ക്കിടയില്‍ മുഖ്യമായും നടക്കുന്നത് മത്സരമല്ലെന്നും സഹകരണമാണെന്നും ആധുനിക പ്രകൃതി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജീവികള്‍ക്കിടയിലെ പ്രമുഖഭാവം എന്ന നിലക്ക് ഡാര്‍വിന്‍ അവതരിപ്പിച്ച ജീവിതമത്സരം അടിസ്ഥാനരഹിതമായൊരു സങ്കല്‍പമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. (ഇതിന്റെ വിശദാംശങ്ങള്‍ ഇവിടെ ഒഴിവാക്കുന്നു). അതിരിക്കട്ടെ. ഡാര്‍വിന്‍ സങ്കല്‍പിച്ചപോലുള്ള മത്സരം പ്രകൃതിയില്‍ നടക്കുന്നില്ല എന്ന് പരിണാമവാദികളുടെ രചനകളില്‍നിന്നു തന്നെ ഗ്രഹിക്കാനാവും. പ്രൊഫ: കുഞ്ഞുണ്ണിവര്‍മയുടെ ഈ വിവരണം നോക്കൂ:

"ഒരേ പരിസരത്തില്‍ ഒരേ വിധം ജീവിക്കുന്ന ജീവികള്‍ തമ്മില്‍ മാത്രമേ മത്സരമുണ്ടാവുകയുള്ളൂ. ഉദാഹരണമായി, നാടന്‍ കുരങ്ങും റീസസ് (ബന്തര്‍) കുരങ്ങും ശരീരഘടനയിലും ശീലങ്ങളിലും ഇവ രണ്ടും തമ്മില്‍ വളരെ സാമ്യമുണ്ട്. രണ്ടു കൂട്ടരുടെയും പഥ്യാഹാരം പഴങ്ങളാണെങ്കിലും വാസ്തവത്തില്‍ കൈയില്‍ കിട്ടുന്നതെന്തും തിന്നും എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഭക്ഷണം തേടുന്നത് മത്സരങ്ങളില്‍ മാത്രമല്ല, നിലത്തുനിന്നും കൂടിയാണ്. രണ്ടിന്റെയും ഇഷ്ടപ്പെട്ട വാസസ്ഥലം ഇടതൂര്‍ന്ന കാടുകളല്ല, കൂടുതല്‍ തുറസ്സായ പ്രദേശങ്ങളാണ്. ഈ വക സാമ്യങ്ങള്‍ കാരണം ഈ രണ്ടു കുരങ്ങുകള്‍ ഒരേ സ്ഥലത്തു ജീവിക്കാനിടയായാല്‍ അവ തമ്മില്‍ മത്സരമുണ്ടാവുകയും ഒന്ന് മറ്റൊന്നിനെ തുരത്തുകയും ചെയ്യുമെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. വാസ്തവത്തില്‍ ഒരിടത്തും അവ ഒന്നിച്ച് പാര്‍ക്കുന്നില്ലെന്നത് അര്‍ഥവത്താണ്. തെക്കെ ഇന്ത്യയില്‍ ഗോദാവരി നദിയുടെ തെക്ക് നാടന്‍ കുരങ്ങും വടക്ക് റീസസ് കുരങ്ങും ആണ് കാണുന്നത്. കേരളത്തിലും പശ്ചിമഘട്ടത്തിലെ മറ്റുചില ഇടങ്ങളിലും കാണുന്ന മറ്റൊരു മക്കാക്കു കുരങ്ങാണ് സിംഹവാലന്‍. എങ്കിലും ഇവയും നാടന്‍ കുരങ്ങും തമ്മില്‍ മത്സരമില്ല. എന്തെന്നാല്‍ സിംഹവാലന്റെ വാസം ഇടതൂര്‍ന്ന കാടുകളിലാണ്. നാടന്‍ കുരങ്ങുകള്‍ക്കാവട്ടെ, മരങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളാണിഷ്ടം.''(10)

നാടന്‍ കുരങ്ങും റീസസ് കുരങ്ങും ഒരേ സ്ഥലത്തു ജീവിക്കാനിടയായാല്‍ മാത്രമേ മത്സരമുണ്ടാവൂ. എന്നാല്‍ "ഒരിടത്തും അവ ഒന്നിച്ച് പാര്‍ക്കുന്നില്ലെന്നത് അര്‍ഥവത്താണ്'' എന്നും ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ടല്ലോ. "ഒരേ പ്രദേശത്ത് മത്സരിച്ചുതന്നെ കഴിയണം'' എന്നൊരു പ്രകൃതിനിയമം ഇല്ലാതിരിക്കെ മത്സരത്തിന് സാധ്യതയുണ്ടായാല്‍ പുതിയ വാസസ്ഥലങ്ങള്‍ കണ്ടെത്താനായിരിക്കും. ജീവികളുടെ ശ്രമം. സ്വാഭാവികമായും ജീവിതമത്സരം തന്നെ അപ്രത്യക്ഷമായേക്കും. പരിണാമത്തിനുള്ള സാങ്കല്‍പികമായ സാധ്യതപോലും അതോടെ ഇല്ലാതാവുന്നു.

ഇനി, കടുത്ത മത്സരം ഉണ്ടായെന്ന് കരുതുക. എങ്കില്‍, അത് പരിണാമത്തിന് കാരണമാവുമോ? ഒരിക്കലുമില്ല. ഇക്കാര്യവും പരിണാമ വിദഗ്ധരുടെ വിവരണങ്ങളില്‍നിന്നും ഗ്രഹിക്കാനാവും. ഈ വരികള്‍ ശ്രദ്ധിക്കുക:

"നമ്മുടെ കണ്‍മുമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു മത്സരത്തിന്റെ കാര്യം കൂടി പറയാം. ഈയിടെയായി കുളങ്ങളിലും തോടുകളിലും മറ്റും കുളവാള (Water Hyacinth, Eichornia)പടര്‍ന്നുപിടിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ഒരുതരം ചെടിയാണിത്. സ്വദേശം അമേരിക്കയാണ്. നമ്മുടെ നാട്ടില്‍-അതുപോലെ ലോകത്തില്‍ പലയിടത്തും-ഈ പായല്‍ വന്നുപെട്ടത് കഴിഞ്ഞ നൂറോ ഇരുനൂറോ കൊല്ലത്തിനകത്താണ്. അതിനുമുമ്പ് കേരളത്തില്‍ കടപ്പായല്‍ (Pistia) താറാവുകള (Lemna)എന്നീ ചെടികളാണ് വെള്ളപ്പരപ്പില്‍ സാധാരണ കണ്ടിരുന്നത്. കടപ്പായലും കുളവാഴയും തമ്മില്‍ വളരെ സമ്യമുണ്ട്. കുളവാഴ വന്നതോടെകൂടി ഇന്ന് മിക്ക കുളങ്ങളിലും അതാണ് കാണുന്നത് കടപ്പായലല്ല. തുടക്കത്തില്‍ രണ്ടും ഒരുമിച്ച് ഒരേ കുളത്തില്‍ കണ്ടേക്കാമെങ്കിലും കുറച്ചുകാലത്തിനകം കുളവാഴ മാത്രമേയുള്ളൂ എന്ന സ്ഥിതിയാവും. കൂടുതല്‍ സമര്‍ഥമായ പ്രത്യുല്പാദന രീതിയാണ് കുളവാഴയുടെ വിജയത്തിന് കാരണം എന്നു പറയാം.''

കടപ്പായലും താറാവുകളയും കുളവാഴയും തമ്മിലായിരുന്നു ജീവിതമത്സരം. ആദ്യത്തെ രണ്ടും പരാജയപ്പെട്ട് നാമാവശേഷമായി. കുളവാഴ അതിജീവനം നേടി. ഇതും പരിണാമവും തമ്മിലെന്ത് ബന്ധം? കടപ്പായലും താറാവുകളയും നാമാവശേഷമായതിനാല്‍ പരിണാമത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല എന്നു വ്യക്തമാണ്. കുളവാഴയാകട്ടെ അതിജീവിക്കുകയും ചെയ്തു. ഈ മത്സരത്തിലൂടെ കുളവാഴയില്‍ പരിണാമത്തിന്റെ ലാഞ്ചനയെങ്കിലും പ്രത്യക്ഷമായിട്ടുണ്ടോ? ഇല്ല എന്നു വ്യക്തമാണ്. നശിച്ചവയിലോ അതിജീവിക്കപ്പെട്ടയിലോ ജീവിതമത്സരം വഴി പരിണാമപ്രവണതകളൊന്നും ആവിര്‍ഭവിക്കുന്നില്ലെങ്കില്‍ ജീവിതമത്സരം ഏതെങ്കിലും വിധത്തില്‍ പരിണാമത്തെ സഹായിക്കുമെന്ന് കരുതാനാവില്ല. ജീവിതമത്സരത്തിലെ വിജയമാണ് പ്രകൃതിനിര്‍ധാരണം അഥവാ പ്രകൃതിയുടെ തിരഞ്ഞെടുപ്പ്. പ്രകൃതിനിര്‍ധാരണം നടന്നാലും പരിണാമം ഒട്ടുംതന്നെ സംഭവിക്കുകയില്ലെന്നാണ് കുളവാഴയുടെ വിജയം തെളിയിക്കുന്നത്. പ്രകൃതിനിര്‍ധാരണത്തിലൂടെ പരിണാമം നടക്കാന്‍ സാധ്യതയില്ലെന്നാണ് ഇതിനര്‍ഥം. പ്രൊഫ: കുഞ്ഞുണ്ണി വര്‍മ്മയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "ജീവികളെ അവയുടെ ജീവിതരീതിയുമായി പൂര്‍വാധികം ഇണക്കുകയാണ് പ്രകൃതിനിര്‍ധാരണത്തിന്റെ ഫലം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പരിതഃസ്ഥിതിയുമായുള്ള ഒരു ജീവിയുടെ അനുവര്‍ത്തനം നിര്‍ധാരണം മൂലം കൂടുതല്‍ ഭദ്രമായി തീരും. വാസ്തവത്തില്‍ പ്രകൃതിനിര്‍ധാരണവും അനുവര്‍ത്തനവും ഒരേ പ്രതിഭാസത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്.''(11)

ജീവികള്‍ അവയുടെ ജീവിതരീതിയുമായി കൂടുതല്‍ ഇണങ്ങാന്‍ പ്രകൃതിനിര്‍ധാരണം കാരണമാകുന്നു എന്നതിനര്‍ഥം പ്രകൃതിനിര്‍ധാരണം നടക്കുന്തോറും പരിണമിക്കാനുള്ള സാധ്യത കുറയുന്നുവെന്നാണ്. പ്രകൃതിനിര്‍ധാരണം ജീവികളെ പരിണമിപ്പിക്കാനല്ല, പരിണമിപ്പിക്കാതെ നിലനിര്‍ത്താനാണ് കൂടുതല്‍ സാധ്യതയെന്ന് ഇതില്‍നിന്നും തെളിയുന്നു. ഏതായാലും ഡാര്‍വിന്റെ സങ്കല്‍പങ്ങള്‍ക്ക് മറ്റൊരുവശം കൂടിയുണ്ടെന്ന് ഗ്രന്ഥകാരന്‍ തന്നെ കുറിച്ചത് ഇങ്ങനെയാണ്:

"ആകര്‍ഷകങ്ങളായ ഹൃസ്വവചനങ്ങളിലൂടെ അവതരിപ്പിക്കാമെന്നതാണ് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ മേന്മയും അതേസമയം ദോഷവും. 'ജീവിതസമരം' 'യോഗ്യന്‍മാരുടെ അതിജീവിനം' തുടങ്ങിയ വാക്യങ്ങള്‍ വളരെ ദ്യോതകങ്ങളാണെങ്കിലും അവ ദ്യോതിപ്പിക്കുന്നത് സൂക്ഷ്മവും ഗഹനവുമായ ഒരു സിദ്ധാന്തത്തെയല്ല. വെറും ഉപരിപ്ളവമായ ഒരു വിചാരത്തെയാണ്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പാഠപുസ്തകങ്ങളില്‍പോലും ഇത്തരം വികടരൂപത്തിലുള്ള ആശയങ്ങളാണ് ഡാര്‍വിനിസം എന്ന പേരില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.''(12)

പാഠപുസ്തകങ്ങള്‍ തയാറാക്കുന്നത് അതാത് കാലത്തെ പരിണാമ പണ്ഡിതന്‍മാരാണ്. അവര്‍ ശാസ്ത്രമെന്ന പേരില്‍ ധരിച്ചുവെച്ചതും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതും വികടമായ ആശയങ്ങളാണെങ്കില്‍ ഡാര്‍വിനിസം വികടമാണെന്നതിന്റെ ഭാഗികമായ തെളിവ് കൂടിയല്ലേ അത്? ചുരുങ്ങിയത് പ്രചാരത്തിലുള്ള ഡാര്‍വിനിസമെങ്കിലും വികടമായ ആശയമാണെന്ന് ഇതില്‍നിന്നും തെളിയുന്നില്ലേ? ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ വക്താവായ കുഞ്ഞുണ്ണിവര്‍മക്ക് പാഠപുസ്തകങ്ങളിലെ ഡാര്‍വിനിസം വികടമായി തോന്നുന്നുവെങ്കില്‍ ഡാര്‍വിന്‍ ഭക്തിയില്ലാത്തവര്‍ക്ക് ഡാര്‍വിനിസം വികടമായി തോന്നാതിരിക്കുമോ?

പ്രചാരത്തിലുള്ള ഡാര്‍വീനിയന്‍ സങ്കല്‍പങ്ങള്‍ "സൂക്ഷ്മവും ഗഹനവുമായ ഒരു സിദ്ധാന്ത''മല്ലെന്നും "വെറും ഉപരിപ്ളവമായ ഒരു വിചാരമാണെന്നും ഡാര്‍വിന്‍ ആരാധകനായ കുഞ്ഞുണ്ണി വര്‍മക്ക് തോന്നുന്നുവെങ്കില്‍ ഡാര്‍വിന്‍ ഭക്തരല്ലാത്തവര്‍ക്ക് എന്തായിരിക്കും തോന്നുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്വേഷണവും വിശകലനവും വിശദാംശങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ ഡാര്‍വിന്‍ സങ്കല്‍പങ്ങള്‍ ഉപരിപ്ളവമായ വിചാരങ്ങള്‍ പോലുമല്ലെന്നും അതിലും താഴെയാണതിന്റെ നില എന്ന് ബോധ്യമാവുകയും ചെയ്യും! ഇക്കാര്യവും ഗ്രന്ഥകാരന്റെ വാക്കുകളില്‍നിന്നും ഗ്രഹിക്കാനാവും. ഡാര്‍വിന്റെ മഹാ കണ്ടെത്തലുകള്‍ എന്ന നിലക്ക് പ്രചരിപ്പിക്കപ്പെടുന്ന പലതും അങ്ങനെയല്ലെന്നതാണ് വസ്തുത. കുഞ്ഞുണ്ണിവര്‍മയുടെ ഈ വരികള്‍ നോക്കൂ: "ജീവികളില്‍ കാണുന്ന വൈവിധ്യവും, തലമുറകള്‍ തോറും അവയില്‍ വന്‍തോതില്‍ വന്നുചേരുന്ന വിനാശവും വെറും വസ്തുതകള്‍ മാത്രമാണ്. ശ്രദ്ധാപൂര്‍വം ജീവജാലങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്നവയാണിവ. ഈ വസ്തുതകള്‍ കൂട്ടിയിക്കുമ്പോള്‍ കിട്ടുന്ന നിഗമനമാണ് ഡാര്‍വിന്‍ പാലസ് സിദ്ധാന്തത്തിന്റെ കാതലായ വശം''(13)

ജീവികളില്‍ കാണുന്ന വൈവിധ്യവും വിനാശവും "വെറും വസ്തുതകള്‍ മാത്രമാണ്'' എന്ന കുഞ്ഞുണ്ണി വര്‍മയുടെ പ്രസ്താവം തീര്‍ത്തും ശരിയാണ്. "ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്നവയാണിവ''  എന്ന അഭിപ്രായവും ശരിയാണ്. ഇവക്കൊന്നും ഡാര്‍വിനിസവുമായി നേരിട്ടൊരു ബന്ധവുമില്ല. ഡാര്‍വിന് എത്രയോ മുമ്പ് പ്രകൃതിശാസ്ത്രജ്ഞര്‍ ഗ്രഹിച്ച വസ്തുതകളാണിവ. "ഈ വസ്തുതകള്‍ കൂട്ടിയിണക്കുമ്പോള്‍ കിട്ടുന്ന നിഗമനമാണ് ഡാര്‍വിന്‍ പാലസ് സിദ്ധാന്ത''മെന്ന വാദം ശരിയാണോ എന്ന് നോക്കാം. ജീവികളില്‍ കാണുന്ന വൈവിധ്യവും തലമുറകള്‍തോറും അവയില്‍ വന്‍തോതില്‍ വന്നുചേരുന്ന വിനാശവും "കൂട്ടിയിണക്കുമ്പോള്‍'' പരിണാമം കിട്ടുന്നതെങ്ങനെ? ഈ വസ്തുതകള്‍ എങ്ങനെ കൂട്ടിയിണക്കിയാലും സത്യസന്ധമായ ഒരു പ്രകൃതിനിരീക്ഷകന് പരിണാമം എന്ന സങ്കല്‍പം ലഭിക്കുമോ എന്ന് പരിശോധിക്കാം.

ഒരേ മാതാപിതാക്കളുടെ സന്തതികള്‍ക്കിടയില്‍പോലും വ്യത്യാസങ്ങള്‍ കാണാം. എല്ലാ ജീവികളിലും ഇത്തരം വൈവിധ്യങ്ങളുണ്ട്. ഇതെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ:

"കോശമര്‍മങ്ങള്‍ക്കകത്തുള്ള അതിസൂക്ഷ്മമായ നൂല്‍രൂപത്തിലുള്ള ക്രോമസോമുകളും അവയിലടങ്ങുന്ന ജീനുകളുമാണ് ജീവികളുടെ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതെന്ന് നമുക്കറിയാം. പാരമ്പര്യത്തിന്റെ പൊരുളായ ക്രോമസോമുകളേയും ജീനുകളേയും പൊതുവായി ജനിതകദ്രവ്യമെന്ന് വിളിക്കാം. ജീവികള്‍ തമ്മിലുള്ള വൈവിധ്യത്തിന്റെ ആധാരം അവയിലെ ജനിതക ദ്രവ്യത്തിലെ വൈവിധ്യമായിരിക്കണമെന്നത് ഊഹിക്കാവുന്നതേയുള്ളു.''(14)

ജനിതക ദ്രവ്യത്തിലെ വൈവിധ്യം അനുസരിച്ചാണ് ജീവജാതിയിലെ അംഗങ്ങള്‍ക്കിടയില്‍ വൈവിധ്യമുണ്ടാക്കുന്നത്. ഈ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഓരോ ജീവജാതിയും വൈവിധ്യത്തോടെയും എന്നാല്‍ ജീവജാതിയുടെ ജനിതകപരിധി ലംഘിക്കാതെയും നിലനില്‍ക്കുന്നത്. എന്നാല്‍ പരിണാമകാരണമായി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന ധാരണ ശ്രദ്ധിക്കൂ:

"പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയുണ്ട്. അതങ്ങനെയല്ലായിരുന്നുവെങ്കില്‍ മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്കുമുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍ തന്നെയായിരിക്കും ഇന്നും ലോകം മുഴുവന്‍.''(15)

"മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍'' പില്‍ക്കാലത്ത് പരിണമിച്ചാണ് മറ്റു ജീവജാതികള്‍ ഉണ്ടായതെന്ന വാദമാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ അഭ്യൂഹത്തെക്കൂടാതെ തന്നെ പ്രകൃതിനിരീക്ഷണത്തിലൂടെ ആര്‍ക്കും ബോധ്യമാവുന്ന മറ്റുചില വസ്തുതകളും ഉണ്ട്. "മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍'' ഇന്നും നിലനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യമാണത്. "മുന്നൂറ്റിചില്വാനം കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഉണ്ടായിത്തീര്‍ന്ന അതേ സൂക്ഷ്മജീവികള്‍'' ഏകകോശ ജീവികളായും അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെയും ഇന്നും നിലനില്‍ക്കുന്നു. പരിണാമവാദികളും സൃഷ്ടിവാദികളും അംഗീകരിക്കുന്ന പ്രകൃതിശാസ്ത്രവസ്തുതയാണിത്. സൂക്ഷ്മജീവികളില്‍നിന്നും പരിണമിച്ചാണ് മറ്റു ജീവജാതികള്‍ ഉണ്ടായത് എന്നത് അഭ്യൂഹം മാത്രമാണെങ്കില്‍ സൂക്ഷ്മജീവികള്‍ ഇന്നും നിലനില്‍ക്കുന്നു എന്നത് വസ്തുതയാണ്.

ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "അറിവുള്ളിടത്തോളം ഏറ്റവും പഴക്കമുള്ള ജീവികള്‍ പ്രോകാരിയോട്ടുകളാണ്. 350 കോടി കൊല്ലം മുമ്പ് ഉത്ഭവിച്ച ഇവയുടെ ആധുനിക പ്രതിനിധികളാണ് ബാക്റ്റീരിയങ്ങളും, സയാനോ ബാക്റ്റീരിയങ്ങളും. സയാനോ ബാക്റ്റീരിയങ്ങള്‍ക്ക് നീല-പച്ച ആല്‍ഗ എന്നും പേരുണ്ട്. ബാക്റ്റീരിയങ്ങളുടെ ആധിപത്യകാലത്തെ ഭൂമി എങ്ങനെയായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചില സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ട്. അമേരിക്കയില്‍ വയോമിംഗ് സ്റേറ്റില്‍ വടക്കുപടിഞ്ഞാറായി യെല്ലോസ്റോണ്‍ നാഷണല്‍ പാര്‍ക്ക് എന്നൊരു നിസര്‍ഗ രമ്യമായ കാട്ടുപ്രദേശമുണ്ട്. ശരാശരി 2500 മീറ്റര്‍ ഉയരത്തില്‍ ഒമ്പത് ലക്ഷം ഹെക്ടര്‍ വിസ്തീര്‍ണമുള്ളൊരു പരിരക്ഷിക്കപ്പെടുന്ന വനമാണിത്. അധികവും പരന്ന അഗ്നിപര്‍വത മേടുകളാണ്. അഗ്നിപര്‍വത സ്ഫടികം കൊണ്ടുണ്ടായിട്ടുള്ള ഒരു കറുത്ത മല, മുഴുവന്‍ ഫോസിലുമയമായ ഒരു കാട് എന്നിവയും ഇവിടത്തെ അത്ഭുതക്കാഴ്ചകളില്‍ പെടും''(16)

ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതിയ ഈ വരികള്‍ കൂടുതല്‍ ശ്രദ്ധാര്‍ഹമാണ്: "ഇവിടെ കാണുന്ന ബാക്ടീരിയങ്ങള്‍ പ്രകാശ സംശ്ളേഷണം ചെയ്യുന്ന സ്വപോഷിണികളാണ്. പക്ഷേ, ഇവ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹൈഡ്രജനുവേണ്ടി ഉപയോഗിക്കുന്നത് ഹൈഡ്രജന്‍ സള്‍ഫൈഡ് (ഒ2ട)ആണ്, വെള്ളമല്ല. അതുകൊണ്ട് ഇവയുടെ ഉപോല്പന്നം ഗന്ധകമാണ് (സള്‍ഫര്‍). ഓക്സിജനല്ല. ഗന്ധക ബാക്റ്റീരിയങ്ങളെന്നാണ് ഇവയ്ക്ക് കൊടുത്തിട്ടുള്ള പേര്. യെല്ലോ സ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ കാണുന്ന രംഗം 200 കോടി കൊല്ലം മുമ്പത്തെ ഭൂമിയില്‍ കൂടുതല്‍ സാധാരണമായിരുന്നിരിക്കണം''(17) "ഇരുന്നൂറ് കോടി കൊല്ലം മുമ്പത്തെ ഭൂമി''യിലെ ബാക്ടീരിയ സമൂഹത്തിന്റെ സ്ഥിതി ഇന്നും അതേപടി തുടരുന്നു എന്നാണല്ലോ ഇതിനര്‍ഥം!

ആദ്യകാലത്തുണ്ടായി എന്നു കരുതപ്പെടുന്ന ഏകകോശജീവിയായ സയനോബാക്ടീരിയ ഉദാഹരണം. ഇവയെ ഫോസിലായി കിട്ടിയിട്ടുണ്ട്. മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഫോസിലുകള്‍ക്ക്! ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ബാക്ടീരിയകള്‍ ഇന്നുള്ള ബാക്ടീരിയകളെപ്പോലെയാണ്!!

'പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയുണ്ടാ'യിരുന്നുവെങ്കില്‍ ഏകകോശ അമീബകളില്‍നിന്നും ഇരുപത് ലക്ഷത്തോളം ജീവജാതികള്‍ ഉണ്ടായിട്ടും ആദ്യകാല ഏകകോശ അമീബകള്‍ ഇന്നും അതേപടി അവശേഷിക്കുമായിരുന്നോ? അമീബ മാത്രമല്ല ആദ്യകാലത്തേതെന്ന് പരിണാമവാദികള്‍ പറയുന്ന അസംഖ്യം ജീവജാതികള്‍ യാതൊരു മാറ്റവുമില്ലാതെ ഇന്നും അവശേഷിക്കുമായിരുന്നോ? ഇതില്‍നിന്നും പരിണാമവാദികള്‍ പറയുന്ന 'പരിവര്‍ത്തനങ്ങള്‍' കെട്ടുകഥയാണെന്ന് തെളിയുന്നില്ലേ?

'പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയു'ണ്ടെന്നതിനാല്‍ ഒരു സ്പീഷീസിന് എന്ത് സംഭവിക്കുമെന്ന് ഗ്രന്ഥകാരന്‍ തന്നെ വിവരിക്കുന്നത് ശ്രദ്ധിക്കുക: "ഒരു സ്പീഷീസിലെ ചില സമൂഹങ്ങള്‍ അതേ സ്പീഷീസിലെ മറ്റു സമൂഹങ്ങളില്‍നിന്ന് വേര്‍തിരിയുകയും പ്രത്യുല്‍പാദന വിച്ഛേദനമാര്‍ജിക്കുകയും ചെയ്യുമ്പോഴാണല്ലോ സ്പീഷീസുകള്‍ വേര്‍തിരിയുന്നത്. പുതിയ സ്പീഷീസും മൂല സ്പീഷീസും തമ്മില്‍ പ്രത്യുല്പാദന വിച്ഛേദനമുള്ളതൊഴിച്ചാല്‍ ബാക്കി പല ലക്ഷണങ്ങളിലും സാദൃശ്യമുണ്ടായിരിക്കും. ഈ സാദൃശ്യത്തെ മാനിച്ച് അവയെ ഒരേ ജനുസ്സില്‍ തന്നെ പെടുത്തുന്നു. ഡ്രോസോഫിലയിലെ 600 സ്പീഷീസുകള്‍ പോലെ-അല്ലെങ്കില്‍, കടുവ, സിംഹം, പുള്ളിപ്പുലി, എന്നിവയെപ്പോലെ-പാന്‍തീര എന്ന ജനുസ്സിലെ മൂന്ന് സ്പീഷീസുകളാണിവ. സ്പീഷീസുകള്‍ സ്വതന്ത്രപരിണാമം തുടര്‍ന്നുകൊണ്ടിരിക്കുകയും അതിനിടയില്‍ അവ പുതിയ സ്പീഷീസുകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തുകൊണ്ടിരിക്കും''(18)

ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോടാനുകോടി ഏകകോശജീവികള്‍ ഭൂമുഖത്ത് ഇന്നും അധിവസിക്കുന്നത്. ഏകകോശജീവികള്‍ക്ക് ഇന്നും ഇരട്ടകോശ ജീവികള്‍ ആയി പരിണമിക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നാണ് പ്രകൃതി നിരീക്ഷണങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഈ അനിഷേധ്യ ശാസ്ത്രവസ്തുതയെ നിഷേധിക്കും വിധം അമീബ പുലിയായും പുള്ളിപ്പുലിയായും മാറി എന്ന് സങ്കല്‍പിച്ചാല്‍ അമ്മൂമ്മക്കഥയാവും എന്നല്ലാതെ അവയൊക്കെ ശാസ്ത്രമാവുന്നതെങ്ങനെ?

അമ്മൂമ്മക്കഥയെ ശാസ്ത്രമാക്കി മാറ്റാന്‍ ഗ്രന്ഥകാരന്‍ നിരത്തുന്ന ഒഴികഴിവിതാ: "എല്ലാ വര്‍ണങ്ങളും പുതിയ സ്പീഷീസുകളായി തീരുകയില്ലെന്നതുപോലെ എല്ലാ പുതിയ സ്പീഷീസുകളും പുതിയ ജനുസ്സുകളായും, എല്ലാ ജനുസ്സുകളും പുതിയ കുടുംബങ്ങളായും മറ്റും പരിണമിച്ചുകൊള്ളണമെന്നില്ലെന്നു മാത്രം പറയേണ്ടതുണ്ട്. വളരെ ചെറിയൊരു ശതമാനത്തിനുമാത്രമേ മേല്‍ വിഭാഗത്തില്‍ ചേര്‍ക്കാന്‍ തക്കവണ്ണമുള്ള മൂലഭൂത പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ.''(19)

അതായത് ഏകകോശ ജീവിയായ അമീബകളില്‍ "വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ'' "മൂലഭൂത പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ'' എന്നര്‍ഥം. ഗ്രന്ഥകാരന്‍ മുമ്പെഴുതിയപോലെ "പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയു"ണ്ടെങ്കില്‍ അമീബകളെല്ലാം പരിണമിക്കുമായിരുന്നില്ലേ? ചുരുങ്ങിയത് അവയെല്ലാം ഇരട്ടകോശികളിലെങ്കിലുമായി മാറുമായിരുന്നില്ലേ? ഇവിടെ രണ്ടിലൊരു വാദമേ ഒരേസമയം ശരിയാവൂ!

"പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീവികള്‍ക്കും ജന്മസിദ്ധമായിത്തന്നെയുയുണ്ടെങ്കില്‍ മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങള്‍ക്കിടയില്‍ എല്ലാ അമീബകളും പരിണമിച്ച് മറ്റ് ജീവജാതികളായി മാറുമായിരുന്നില്ലേ? അങ്ങനെ സംഭവിച്ചിട്ടില്ല എന്നത് അവിതര്‍ക്കിതമായ വസ്തുതയല്ലേ? ഗ്രന്ഥകാരന്റെ തന്നെ വാദപ്രകാരം "വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ'' പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ. ഇതാണ് യാഥാര്‍ഥ്യമെങ്കില്‍ "പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന" ക്രോമസോമുകള്‍ക്കും ജീവികള്‍ക്കും ജന്മസിദ്ധമായി തന്നെയുണ്ടെന്ന് എങ്ങനെ പറയാനാവും? "വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ'' അതുള്ളൂ എന്നല്ലേ അര്‍ഥം? എങ്കില്‍ ചെറിയൊരു ശതമാനത്തിനുമാത്രം "പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന"യുണ്ടായതെന്തുകൊണ്ടാണെന്ന് പരിണാമവാദികള്‍ വിശദീകരിക്കുമോ? യഥാര്‍ഥത്തില്‍, ഇതെല്ലാം പരിണാമം എന്ന അമ്മൂമ്മക്കഥയെ ന്യായീകരിക്കാനുള്ള സൂത്രവിദ്യകളല്ലേ? ഏകകോശ ജീവിയായ അമീബയില്‍ മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങളായി വൈവിധ്യങ്ങളുണ്ടായിട്ടും അമീബകള്‍ ഇന്നും അമീബകളായി നിലനില്‍ക്കുന്നത് വൈവിധ്യങ്ങള്‍ പരിണാമകാരണമാണെന്ന പരിണാമവാദത്തിന്റെ അടിത്തറ തകര്‍ക്കുന്ന പ്രകൃതിശാസ്ത്ര വസ്തുതയാണ്. വൈവിധ്യവും വിനാശവും എങ്ങനെ "കൂട്ടിയിണക്കി"യാലും പരിണാമം ഉണ്ടാകില്ലെന്നാണ് ഇതില്‍നിന്നും തെളിയുന്നത്.

പരിണാമത്തിന് ഒരുനിലക്കും കാരണമാകാത്ത വൈവിധ്യങ്ങളും പുനരുല്‍പാദനവും വംശവര്‍ധനവും അടക്കമുള്ള പ്രകൃതി യാഥാര്‍ഥ്യങ്ങളെയും പ്രക്രിയകളെയും ആധാരമാക്കി ജീവജാതികള്‍ പരിണമിക്കില്ല എന്ന ശാസ്ത്രീയ നിഗമനത്തിലാണ് പ്രകൃതിശാസ്ത്രജ്ഞര്‍ എത്തിയത്. ഡാര്‍വിന് മുമ്പും ഡാര്‍വിന്റെ കാലത്തും യാഥാര്‍ഥ്യബോധവും സത്യസന്ധതയും ഉള്ളവര്‍ അത്തരമൊരു നിഗമനത്തിലാണെത്തിയത്. "ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്ന'' ഈ വസ്തുതകള്‍ പ്രകാരം ജീവജാതികള്‍ പരിണമിക്കാനല്ല, പരിണമിക്കാതിരിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഡാര്‍വിനെ സംബന്ധിച്ചിടത്തോളം ഈ വസ്തുതകള്‍ മാത്രം മതിയായിരുന്നില്ല. ജീവജാതികള്‍ പരിണമിക്കും എന്ന് വരുത്തിത്തീര്‍ത്ത് സൃഷ്ടിവാദത്തെ നിരാകരിക്കാനുള്ള ന്യായീകരണം കെട്ടിച്ചമക്കേണ്ട അത്യാവശ്യമുണ്ടായിരുന്നു. "ഏതൊരാള്‍ക്കും എളുപ്പം ബോധ്യമാവുന്ന" ഈ വസ്തുതകളെ പരിണാമമെന്ന വ്യാജവാദവുമായി കൂട്ടിക്കുഴച്ച് ശാസ്ത്രീയ പരിവേഷം ഉണ്ടാക്കിയെടുക്കാന്‍ ഡാര്‍വിന്‍ നിര്‍ബന്ധിതനായിരുന്നു. പരിണാമ സാഹിത്യകാരന്റെ വാക്കുകളിതാ:

"സ്പീഷീസുകളെല്ലാം പ്രത്യേകം പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയല്ലെന്നും ഒരു സ്പീഷീസില്‍ രൂപാന്തരം വന്നിട്ടാണ് പുതിയ സ്പീഷീസ് ഉണ്ടാവുന്നതെന്നുമാണല്ലോ പരിണാമവാദത്തിന്റെ കാതലായ സങ്കല്‍പം.
ഈ രൂപാന്തരം എങ്ങനെ സംഭവിക്കുന്നുവെന്നതാണ് 'സ്പീഷീസുകളുടെ ഉല്‍ഭവ'വത്തിലെ ഒരു പ്രധാന പ്രതിപാദ്യം)(20)

മറ്റൊരിടത്ത് ഇങ്ങനേയും: "സ്പീഷീസുകളുടെ ഉല്‍ഭവ'ത്തിലൂടെ ഡാര്‍വിന്‍ രണ്ടു കാര്യങ്ങളാണ് സാധിച്ചത്. ഒന്ന്, സ്പീഷീസുകളോരോന്നും പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയല്ലെന്നും അവയെല്ലാം കേവലം നൈസര്‍ഗ്ഗികമായി പരിണമിച്ചുണ്ടായവയാണെന്നും തെളിയിക്കുക. രണ്ട്, ഈ നൈസര്‍ഗ്ഗികപ്രക്രിയ നടക്കുന്ന വിധം സ്പഷ്ടമാക്കുക.''(21)

പരിണാമസിദ്ധാന്തം മെനഞ്ഞുണ്ടാക്കാനുള്ള കാരണം ഇപ്പോള്‍ വ്യക്തമായില്ലേ? സ്പീഷീസുകളോരോന്നും പ്രത്യേകം സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഒന്നാമതായും സമര്‍ഥിക്കേണ്ടതുണ്ട്. ഇതിന് സ്പീഷീസുകള്‍ പരിണമിച്ചുണ്ടായതാണെന്ന് വാദിക്കണം. അതിന് സഹായിക്കുന്ന സിദ്ധാന്തം കെട്ടിച്ചമക്കണം! (ഡാര്‍വിന്‍ ഇക്കാര്യം കുറേക്കൂടി സ്പഷ്ടമായി എഴുതിയിട്ടുണ്ട്. അതെപ്പറ്റി മറ്റൊരു കൃതിയില്‍ വിശദീകരിച്ചത് നോക്കുക.)(22)

സ്പീഷീസുകളോരോന്നും പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒന്നാമതായും ശ്രമിക്കുകയാണ് ഡാര്‍വിന്‍ ചെയ്തത്. പ്രകൃതി നിരീക്ഷണത്തിലൂടെ ലഭ്യമായ വസ്തുതകള്‍ ഈ ഉദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ സഹായകമല്ലെന്നു ബോധ്യമായപ്പോള്‍ വസ്തുതകളെ വളച്ചൊടിക്കാനായി ഡാര്‍വിന്റെ ശ്രമം. എത്ര അധ്വാനിച്ചിട്ടും വേഗത കുറഞ്ഞ ചെന്നായകളെ വേഗത കൂടിയ ചെന്നായകളായി 'പരിണമി'പ്പിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളു. ഒടുവില്‍ നിവൃത്തിയില്ലാതായപ്പോള്‍ വേഗത കുറഞ്ഞ ചെന്നായകള്‍ വേഗത കൂടിയ ചെന്നായകളായതുപോലെ അമീബ മനുഷ്യനായി പരിണമിച്ചു എന്നദ്ദേഹം തട്ടിവിടാന്‍ നിര്‍ബന്ധിതനായി!

കുറിപ്പുകള്‍:
1. കുഞ്ഞുണ്ണിവര്‍മ, പരിണാമം എങ്ങനെ? (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡിസംബര്‍ 2009) പേജ് 14
2. മേല്‍ കൃതി പേജ് 15
3. മേല്‍ കൃതി പേജ് 81
4. മേല്‍ കൃതി പേജുകള്‍ 178-179
5. മേല്‍ കൃതി പേജ് 86
6. മേല്‍ കൃതി പേജുകള്‍ 86-87
7. മേല്‍ കൃതി പേജുകള്‍ 15-16
8. മേല്‍ കൃതി പേജുകള്‍ 16-17
9. മേല്‍ കൃതി പേജ് 17 (ഊന്നല്‍ ലേഖകന്റേത്)
10. കുഞ്ഞുണ്ണിവര്‍മ, പരിണാമം എന്നാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സെപ്തംബര്‍ 2009) പേജ് 15
11. പരിണാമം എങ്ങനെ?, പേജ് 18
12. മേല്‍കൃതി, പേജ് 14
13. മേല്‍ കൃതി പേജ് 17
14. മേല്‍ കൃതി പേജ് 102
15. മേല്‍ കൃതി പേജ് 102
16. പരിണാമം എന്നാല്‍, പേജ് 116
17. മേല്‍ കൃതി പേജ് 116
18. പരിണാമം എങ്ങനെ?, പേജുകള്‍ 208-209
19. മേല്‍ കൃതി പേജ് 209
20. മേല്‍ കൃതി പേജ് 14
21. മേല്‍ കൃതി പേജ് 13
22. പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ (പ്രതീക്ഷാ ബുക്ക്സ്, 2010), പേജുകള്‍ 27-28.