Monday, March 11, 2013

പരിണാമവാദം: കമന്റുകള്‍ക്ക് മറുപടി

എന്‍.എം ഹുസൈന്‍
പരിണാമവും ജനിതകശാസ്ത്രവും ( ഭാഗം - 5)
 

ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി പരിണമിച്ചിട്ടുണ്ടെങ്കില്‍ അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ധാരാളം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഡാര്‍വിന്‍ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ട കാലത്ത് അസന്നിഗ്ധമായ അത്തരം മധ്യരൂപ ഫോസിലുകളൊന്നും ലഭിച്ചിരുന്നില്ല. അതിനാല്‍ കൃത്രിമമായ മധ്യരൂപങ്ങള്‍ കെട്ടിച്ചമക്കാനാണ് ചില പരിണാമവാദികള്‍ ശ്രമിച്ചത്. മനുഷ്യനും ആള്‍ക്കുരങ്ങിനുമിടയിലെ മധ്യരൂപമായ Eoanthropus Dawsoni കെട്ടിച്ചമക്കപ്പെട്ടത് അങ്ങനെയാണ്. മനുഷ്യന്റെ തലയോടില്‍ ആള്‍ക്കുരങ്ങിന്റെ താടിയെല്ല് ഫിറ്റുചെയ്ത് 'പില്‍ട്ട് ഡൌണ്‍ മനുഷ്യന്‍' എന്ന മധ്യരൂപത്തെ പരിണാമവാദികള്‍ കെട്ടിച്ചമച്ചു. അരനൂറ്റാണ്ടോളം മനുഷ്യന്റേയും ആള്‍ക്കുരങ്ങിന്റെയും മധ്യേയുള്ള കാണാകണ്ണിയായി പരിണാമവാദികള്‍ ഈ തട്ടിപ്പും ചുമലിലേറ്റി തെളിവായി കൊട്ടിഘോഷിച്ചു. എന്നാല്‍ അരനൂറ്റാണ്ടിനുശേഷം നടന്ന ഫ്ളൂറിന്‍ പരിശോധനയിലാണ് മനുഷ്യന്റെ തലയോടില്‍ ആള്‍ക്കുരങ്ങിന്റെ താടിയെല്ല് ഫിറ്റുചെയ്ത് കൃത്രിമമായി കെട്ടിച്ചമച്ചതായിരുന്നു ഈ 'തെളിവെ'ന്ന് തെളിഞ്ഞത്. ഇന്നും പരിണാമവാദികളുടെ പാരമ്പര്യം ഇതു തന്നെയാണ്. ദുര്‍വ്യാഖ്യാനിച്ചും തട്ടിപ്പുകള്‍ വഴിയും പരിണാമവാദത്തിന് തെളിവുകള്‍ കെട്ടിച്ചമക്കുക. വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരും തയാറില്ലാത്തവരുമായ പരിണാമാന്ധവിശ്വാസികള്‍ ഇവയെല്ലാം തെളിവായി സ്വീകരിച്ച് പരിണാമവിമര്‍ശകര്‍ക്ക് വിവരമില്ലെന്ന് പ്രഖ്യാപിക്കും. കമന്റുകളില്‍ പലതും ഇത്തരക്കാരുടേതായിരുന്നു. ചിലത് പരിശോധിക്കാം.

Pan Troglodytes എഴുതി: "ബൃഹത്തായ ഒരു മൊത്തം order തന്നെ ഉള്ള 110 ഫാമിലികളും 3700 ജെനുസുകളും ലക്ഷം സ്പീഷിസുകളുമായി ചിതറിക്കിടക്കുന്ന ചിലന്തിയെ ഒരൊറ്റ ജീവജാതിയാക്കി.'' ശുദ്ധ കളവാണിത്. പരിണാമവിമര്‍ശനങ്ങള്‍ക്ക് ശാസ്ത്രീയമായി മറുപടി പറയാനാകാതെ പ്രതിസന്ധിയിലാവുന്ന പരിണാമാന്ധവിശ്വാസികള്‍ രക്ഷപ്പെടാന്‍ ഇത്തരം കടുത്ത നുണകള്‍ നിര്‍ലജ്ജം തട്ടിവിടും. പരിണാമ വിമര്‍ശകര്‍ക്ക് വിവരമില്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. പരിണാമസിദ്ധാന്തത്തെ സ്വന്തം ബുദ്ധിയുപയോഗിച്ച് വിശകലനം ചെയ്യാതെ അന്ധവിശ്വാസപരമായി വിഴുങ്ങിയവര്‍ക്കാണ് യഥാര്‍ഥത്തില്‍ വിവരമില്ലാത്തത്. ഞാനെഴുതിയത് ഇങ്ങനെയാണ്: "രണ്ട് ഖണ്ഡങ്ങളുള്ള ശരീരവും ആറോ എട്ടോ കാലുകളും വിഷസഞ്ചിയുമുള്ള സ്പൈഡറുകള്‍ എത്ര ജീവജാതികളാണെന്നോ? ഏകദേശം നാല്‍പതിനായിരത്തോളം.'' സ്പൈഡറുകളില്‍ ഏകദേശം നാല്‍പതിനായിരത്തോളം ജീവജാതികളുണ്ടെന്ന് സ്പഷ്ടമായെഴുതിയതിനെ "ചിലന്തിയെ ഒരൊറ്റ ജീവജാതിയാക്കി'' എന്ന് ഗ്രഹിക്കുകയും അങ്ങനെ നിര്‍ലജ്ജം എഴുതിവിടുകയും ചെയ്യുന്ന പരിണാമവാദികള്‍ക്ക് ഗ്രഹണശേഷിയോ വിവരമോ ലജ്ജയോ ഏതാണില്ലാത്തത് എന്ന് കണ്ടെത്താന്‍ പ്രയാസമുണ്ട്! (ചിലന്തികളില്‍ ലക്ഷം സ്പീഷിസുകളില്ല, നാല്‍പതിനായിരമേയുള്ളൂ).

പരിണാമം അശാസ്ത്രീയമാണെന്ന വിമര്‍ശനമുയര്‍ന്നാല്‍ കെട്ടിച്ചമച്ച ഏതാനും മധ്യരൂപങ്ങളുമായി പരിണാമവാദികള്‍ അവതരിക്കും. അസംഖ്യം മധ്യരൂപങ്ങള്‍ ലഭ്യമാകേണ്ടിടത്ത് വിരലിലെണ്ണാവുന്ന മധ്യരൂപങ്ങളെ ഹാജരാക്കുന്നു എന്നതുതന്നെ പരിണാമം അടിസ്ഥാനരഹിതമായൊരു നിഗമനമാണെന്ന് തെളിയുന്നു. ഇവയാകട്ടെ ദുര്‍വ്യാഖ്യാനിച്ച് കെട്ടിച്ചമച്ചവയാണുതാനും. കമന്റുകളില്‍ ബാജ്പേയിയുടെ കണ്ടെത്തലെന്നോണം ജോസഫ് സൂചിപ്പിച്ച തിമിംഗല പരിണാമം ഒടുവിലത്തെ ഉദാഹരണമാണ്. ഏതാനും പരിണാമ ലേഖനങ്ങള്‍ വായിച്ച് വിമര്‍ശനബുദ്ധി അല്‍പം പോലും (ഉള്ളവര്‍ക്കേ ഇതു ബാധകമാവൂ) ഉപയോഗിക്കാതെ വായിച്ചത് അപ്പടി വിഴുങ്ങുന്ന പരിണാമവാദികള്‍ മറ്റുള്ളവര്‍ ഇവയൊന്നും വായിക്കാറില്ല എന്ന അന്ധവിശ്വാസക്കാരാണ്. ബാജ്പേയിക്കും മുമ്പുതന്നെ എത്രയോ പഠനങ്ങള്‍ തിമിംഗല പരിണാമത്തെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും അവയെല്ലാം പഠിച്ചശേഷമാണ് ഞാന്‍ ലേഖനങ്ങള്‍ തയ്യാറാക്കിയതെന്നും കിണറ്റിലെ തവളകളെ പോലെ കഴിയുന്ന പരിണാമവാദികളോട് പറഞ്ഞതുകൊണ്ട് കാര്യമില്ല എന്നറിയാം. എങ്കിലും നിഷ്പക്ഷവും സത്യസന്ധവുമായ സമീപനമുള്ള വായനക്കാര്‍ക്കുവേണ്ടി തിമിംഗല പരിണാമം കൂടി പരാമര്‍ശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.
കിറീവ്യൌ എന്ന് വിളിക്കപ്പെടുന്ന മാനിനോട് സാദൃശ്യമുള്ള ഒരു കരജീവി പരിണമിച്ചാണ് തിമിംഗലങ്ങള്‍ ഉണ്ടായതെന്നാണ് ഇന്നത്തെ പരിണാമ വിദഗ്ധര്‍ പറയുന്നത്. കിറീവ്യൌ പരിണമിക്കാന്‍ തുടങ്ങിയത് 48 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണത്രെ. ഇവ പരിണമിച്ച് പൂര്‍ണമായ തിമിംഗലമാകുന്നത് 41-35 മില്യണ്‍ വര്‍ഷങ്ങള്‍ക്കിടയിലും. എന്നാല്‍ 49 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പൂര്‍ണ തിമിംഗലത്തിന്റെ ഫോസില്‍ അടുത്തകാലത്തായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. (അര്‍ജന്റീനിയന്‍ ഫോസില്‍ ശാസ്ത്രജ്ഞനായ Marcelo Regueroയുടെ കണ്ടെത്തല്‍ MSNBC News, 14 oct. 2011) അതായത് മാന്‍ പോലുള്ള കരജീവി പരിണമിക്കാന്‍ തുടങ്ങുംമുമ്പേ യഥാര്‍ഥ തിമിംഗലം ഉണ്ടായിരുന്നു എന്നാണിതില്‍ നിന്നും തെളിയുന്നത്! തിമിംഗല പരിണാമം ഒരു കെട്ടുകഥയാണെന്നും തെളിയുന്നു. ഏതാനും ശാസ്ത്രലേഖനങ്ങളും പാഠപുസ്തക വിവരണങ്ങളും മാത്രം വായിച്ച് സ്വയം വിഡ്ഢികളായി കഴിയുന്ന കേരളത്തിലെ പരിണാമാന്ധവിശ്വാസികള്‍ക്ക് ഇത്തരം വിവരങ്ങള്‍ മാത്രമല്ല പരിണാമ സിദ്ധാന്തം പോലും ആഴത്തില്‍ അറിയില്ല എന്നതാണ് വസ്തുത.