പരിണാമം: ശാസ്ത്രവും ശാസ്ത്ര ദുര്‍വ്യാഖ്യാനങ്ങളും സ്നേഹസംവാദം മാസിക തുടര്‍ലേഖനം 4ആം ഭാഗം
പരിണാമം: കമന്റുകള്‍ക്ക് മറുപടി
എന്‍.എം ഹുസൈന്‍
പരിണാമവും ജനിതകശാസ്ത്രവും ( ഭാഗം - 4 )
പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള
ലേഖനങ്ങള്‍ക്ക് സ്നേഹസംവാദം വെബ്സൈറ്റില്‍ ലഭിച്ച പ്രതികരണങ്ങള്‍
കൌതുകകരമായിരുന്നു. ലഭിച്ച പ്രതികരണങ്ങളില്‍ ഏറെയും
പരിണാമവാദികളുടേതായിരുന്നെങ്കിലും ലേഖനങ്ങളിലെ ഒരൊറ്റ വിമര്‍ശനത്തിനും
വിശദീകരണം നല്‍കാന്‍ അവര്‍ ശ്രമിക്കുകയുണ്ടായില്ല. പരിണാമ വിമര്‍ശനത്തിലെ
വസ്തുതാപരമോ വ്യാഖ്യാനപരമോ ആയ ഒരബദ്ധം പോലും തെളിവുസഹിതം
ചൂണ്ടിക്കാട്ടാതെയും ഒരൊറ്റ വാദത്തെ പോലും ഖണ്ഡിക്കാതെയും
ചര്‍ച്ചാവിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒഴുക്കന്‍ മട്ടില്‍
സൂചിപ്പിക്കുകയാണ് മിക്ക കമന്റുകാരും ചെയ്തത്. പരിണാമത്തെയോ പരിണാമ
വിമര്‍ശനങ്ങളെയോ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ പാഠപുസ്തക
വിവരങ്ങള്‍ വിഴുങ്ങി പരിണാമഭക്തന്‍മാരായി കഴിയുന്നവര്‍ ശകാരങ്ങള്‍
ചൊരിയാനും ശ്രമിച്ചിട്ടുണ്ട്. ഇത്തരം സമീപനപ്രശ്നങ്ങള്‍ ആദ്യം വിശകലനം
ചെയ്യാം. ലേഖനങ്ങളിലെ ചര്‍ച്ചാവിഷയങ്ങളുമായി നേരിട്ടു ബന്ധമില്ലെങ്കിലും
സംശയരൂപേണ നടത്തിയ കമന്റുകള്‍ പിന്നീട് പരിശോധിക്കാം.
പ്രകൃതിനിര്‍ധാരണത്തിന് ഡാര്‍വിന്‍ നല്‍കിയ നിര്‍വചനവും ഉദാഹരണവും
ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രകൃതിനിര്‍ധാരണം വഴി തികച്ചും വ്യത്യസ്തമായ
ജീവജാതികള്‍ ഉത്ഭവിക്കുകയില്ല എന്ന് സമര്‍ഥിക്കുകയാണ് ഞാന്‍ ചെയ്തത്.
മാത്രമല്ല, ആധുനിക പരിണാമവാദചിന്തകരില്‍ പ്രമുഖനായ സ്റീഫന്‍ ഗൌള്‍ഡും മറ്റു
ചില ശാസ്ത്രജ്ഞരും ജീവജാതികളുടെ ഉത്ഭവം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണ
പ്രക്രിയക്ക് സാധ്യമല്ല എന്ന് വ്യക്തമാക്കിയതും ചൂണ്ടിക്കാട്ടിയിരുന്നു. ഈ
വാദങ്ങളും വിശകലനങ്ങളും അബദ്ധമാണെങ്കില്‍ അവ കാര്യകാരണസഹിതം
വ്യക്തമാക്കാനാണ് പരിണാമവാദികള്‍ ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍
ഡാര്‍വിന്റെ നിര്‍വചനം വിശകലനം ചെയ്തതിനെക്കുറിച്ചോ ഡാര്‍വിന്‍ നല്‍കിയ
ഉദാഹരണം പുതിയ ജീവജാതികള്‍ ഉത്ഭവിക്കുന്നത് വിശദീകരിക്കുന്നില്ല എന്ന്
സമര്‍ഥിച്ചതിനെക്കുറിച്ചോ ഒരെതിര്‍വാദവും പരിണാമവാദികളായ കമന്റുകാര്‍
ഉന്നയിച്ചിട്ടില്ല. പകരം അവരെന്താണ് ചെയ്തതെന്ന് നോക്കു:
ജോസഫ് എഴുതിയതിങ്ങനെ: "ഇതുപോലെ ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത
പരിണാമത്തിന്റെ പേരില്‍ ലേഖനപരമ്പര ഞാന്‍ എന്റെ സമുദായത്തിലും
കണ്ടിട്ടുണ്ട്. ഇതുപോലുള്ള ലേഖനങ്ങള്‍ പുതിയ തലമുറയെ Confuse ചെയ്യാന്‍
സാധിക്കും. ഹുസൈന്‍, ശാസ്ത്രം എന്തെന്ന് എഴുതുക. അതില്‍ തെറ്റുണ്ടെങ്കില്‍
അത് എഴുതുക. അല്ലാതെ മറ്റുള്ളവരുടെ വാക്കുകള്‍ വളച്ചൊടിക്കാന്‍
ശ്രമിക്കാതെ. പിന്നെ ഹുസൈന്‍ ശാസ്ത്രീയ വീക്ഷണമാണോ അതോ മതത്തിന്റെ
സൃഷ്ടിവീക്ഷണമാണോ എഴുതാന്‍ ശ്രമിക്കുന്നത്. വായിച്ചിട്ട്, ഒരു ശാസ്ത്രീയ
ലേഖനം ആണന്നു തോന്നുന്നില്ല. സൃഷ്ടിവീക്ഷണം ആണെങ്കില്‍ ബൈബിള്‍, ഖുര്‍ആന്‍
എന്നീ മതഗ്രന്ഥങ്ങളില്‍ വെറും ആറ് ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്ന്
പറയുന്നു. ഇന്ന് നമുക്കറിയാം അത് ശരിയല്ലെന്ന്. അതുകൊണ്ട് ഹുസൈന്റെ തിയറി
അറിഞ്ഞാല്‍ കൊള്ളാം.''
ഈ കമന്റുകാരന് പ്രകൃതിനിര്‍ധാരണ സങ്കല്‍പത്തിന് ജീവജാതികളുടെ ഉത്ഭവം
വിശദീകരിക്കാന്‍ കഴിയില്ല എന്ന് അനേകം പേജുകളിലായി സമര്‍ഥിച്ചതിനെപ്പറ്റി
ആകെക്കൂടി പറയാനുള്ളത് ഇതുമാത്രമാണ്. 'ശാസ്ത്രവുമായി ഒരു ബന്ധവും ഇല്ലാത്ത'
കാര്യങ്ങളാണ് ലേഖനങ്ങളില്‍ ഉണ്ടായിരുന്നതെങ്കില്‍ അവയെന്തൊക്കെയാണെന്ന്
ഒരുദാഹരണമായെങ്കിലും കമന്റുകാരന് ചൂണ്ടിക്കാട്ടാമായിരുന്നല്ലോ. ഒരു തെളിവും
ഹാജരാക്കാതെ ലേഖനങ്ങളില്‍ 'ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത'
കാര്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് തട്ടിവിട്ടാല്‍ കമന്റുകാരന്‍
പരിണാമാന്ധവിശ്വാസിയാണെന്ന് മാത്രമല്ല തെളിയുന്നത്. ശാസ്ത്രീയ വിശകലനങ്ങളും
താര്‍ക്കികമായ(Logical) എതിര്‍വാദങ്ങളും ഗ്രഹിക്കാനുള്ള ശേഷിയില്ല എന്നും
വ്യക്തമാവുന്നു. 'ഇതുപോലുള്ള ലേഖനങ്ങള്‍ പുതിയ തലമുറയെ ഇീിളൌലെ ചെയ്യാന്‍
സാധിക്കും' എന്നും അദ്ദേഹം എഴുതുന്നു. പുതിയ തലമുറക്ക് ശാസ്ത്രം
എന്താണെന്നറിയാം. സ്കൂളിലും കോളജിലും പഠിച്ച് പരീക്ഷയെഴുതി വിജയം
നേടിയവരാണവര്‍. ശാസ്ത്രം എന്താണെന്ന് അറിയാവുന്ന അവര്‍ക്ക് 'ശാസ്ത്രവുമായി
ബന്ധവുമില്ലാത്ത' ലേഖനങ്ങള്‍ വായിച്ചാല്‍ Confuse ഉണ്ടാകുമെന്ന് ജോസഫ്
കരുതുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഗ്രഹണശേഷി അല്‍പം കമ്മിയാണെന്ന്
ഊഹിക്കുന്നതില്‍ തെറ്റുണ്ടോ?
'ഹുസൈന്‍, ശാസ്ത്രം എന്തെന്ന് എഴുതുക. അതില്‍ തെറ്റുണ്ടെങ്കില്‍ അത്
എഴുതുക' എന്നും അദ്ദേഹം കുറിക്കുന്നു. പ്രകൃതിനിര്‍ധാരണത്തെക്കുറിച്ചുള്ള
ഡാര്‍വിന്റെ നിര്‍വചനവും ഉദാഹരണവും വിശകലനം ചെയ്ത് പരിണാമസിദ്ധാന്തത്തിലെ
ശാസ്ത്രീയവും യുക്തിപരവുമായ അബദ്ധങ്ങള്‍ വിശദീകരിച്ച സുദീര്‍ഘ ലേഖനങ്ങള്‍
വായിച്ച് ഒരാള്‍ ഇങ്ങനെ എഴുതിയാല്‍ ശാസ്ത്രവും അബദ്ധവും എന്താണെന്ന്
പഠിക്കാന്‍ വീണ്ടും സ്കൂളില്‍ ചേര്‍ക്കുന്ന കാര്യം ഉത്തരവാദപ്പെട്ടവര്‍
ആലോചിക്കുമെന്ന് പ്രത്യാശിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല!
ഏതായാലും ലേഖനങ്ങളിലെ ഒരു വാദത്തിലെ അബദ്ധം പോലും ചൂണ്ടിക്കാട്ടാനാകാതെ
പരിണാമഭക്തിയാല്‍ അതുമിതും എഴുതുന്ന ഒരു കമന്റുകാരനെക്കുറിച്ച് കൂടുതല്‍
എഴുതാതിരിക്കുന്നതാണ് ഔചിത്യം.
മറ്റൊരു കമന്റ് ഷാഫിയുടേതാണ്. അതിങ്ങനെ: "ഇന്നത്തെ എഡ്യുക്കേറ്റഡ്
മുസ്ലിംകള്‍ക്ക് ഹുസ്സൈനെ പോലുള്ളവര്‍ ഒരു ശാപമാണ്. പരിണാമം എന്ന പേരില്‍
കുറേ ശാസ്ത്രജ്ഞന്മാരുടെ വാക്കുകള്‍ വളച്ചൊടിക്കുകയല്ലാതെ എന്ത്
ശാസ്ത്രമാണ് ഹുസൈന്‍ ഈ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. ഒന്നുകില്‍ പരിണാമം
എന്താണെന്നു വ്യക്തമായി പറയുക, എന്നിട്ട് 150 വര്‍ഷങ്ങള്‍ക്ക് ശേഷവും
അതിന്റെ പോരായ്മകള്‍ എന്താണെന്നു തെളിവ്സഹിതം വിശദീകരിക്കുക.''
വിദ്യാസമ്പന്നരായ മുസ്ലിംകള്‍ എന്നാല്‍ പരിണാമസിദ്ധാന്തം അണ്ണാക്കു തൊടാതെ
വിഴുങ്ങുന്നവരാകണം എന്ന ധാരണ വെച്ചു പുലര്‍ത്താന്‍ പരിണാമഭക്തനായ ഷാഫിക്ക്
അവകാശമുണ്ട്. എന്നാല്‍ ഈ ആധുനിക അന്ധവിശ്വാസം ശാപമാണോ അനുഗ്രഹമാണോ എന്ന്
തീരുമാനിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്ന് കമന്റുകാരന്‍
മനസ്സിലാക്കുന്നത് നന്ന്. 'കുറെ ശാസ്ത്രജ്ഞന്‍മാരുടെ വാക്കുകള്‍
വളച്ചൊടിച്ചു' എന്ന ആരോപണം ശരിയാകണമെങ്കില്‍ അതിന് തെളിവുകൂടി
ഹാജരാക്കാനുള്ള സാമാന്യമര്യാദയെങ്കിലും കമന്റുകാരന്‍ കാണിക്കണമായിരുന്നു.
വളച്ചൊടിച്ചതിന് ഒരുദാഹരണമെങ്കിലും സൂചിപ്പിക്കാമായിരുന്നു. പരിണാമത്തിന്
ഡാര്‍വിന്‍ നല്‍കിയ നിര്‍വചനവും ഉദാഹരണവും വിശദമായി അവതരിപ്പിച്ച ശേഷം
വിമര്‍ശനാത്മകമായി വിശകലനം ചെയ്ത ലേഖനങ്ങള്‍ വായിച്ചിട്ട് 'ഒന്നുകില്‍
പരിണാമം എന്താണെന്ന് വ്യക്തമായി പറയുക' എന്ന് കമന്റെഴുതണമെങ്കില്‍
വായിച്ചതെന്തെന്ന് മനസ്സിലായില്ല എന്നാണര്‍ഥം.
ഇത്തരം ശകാരങ്ങള്‍ നില്‍ക്കട്ടെ ലേഖനങ്ങളിലെ പരിണാമവിമര്‍ശനത്തിന് യാതൊരു
വിശദീകരണവും നല്‍കാതെയാണെങ്കിലും അപൂര്‍വ്വം കമന്റുകളില്‍ ചില സംശയങ്ങള്‍
ഉന്നയിച്ചിട്ടുണ്ട്. അവ പരിശോധിക്കാം.
മറ്റൊരു കമന്റ് ഇങ്ങനെ: 'ജീവജാതികളെ സൃഷ്ടിച്ചത് ദൈവമാണെന്ന ആശയത്തെ
പുറംതള്ളാന്‍ ജീവജാതികളുടെ ഉത്ഭവത്തിന് കാരണം പ്രകൃതിനിര്‍ധാസരണമാണെന്ന
സിദ്ധാന്തമുണ്ടാക്കുകയാണ് ഡാര്‍വിനും ശേഷമുള്ള പരിണാമ വിദഗ്ധരും ചെയ്തത്.
ജീവജാതികളുടെ ഉത്ഭവത്തിന് പ്രകൃതിനിര്‍ധാരണം കാരണമല്ല എന്ന
സൃഷ്ടിവീക്ഷണത്തെ ഇക്കാലമത്രയും പുച്ഛിച്ച ഡാര്‍വിനിസ്റുകള്‍ക്കിടയില്‍
നിന്നു തന്നെ ഇപ്പോള്‍ പുതിയൊരു വിഭാഗം പരിണാമവാദികള്‍ ഉണ്ടായിട്ടുള്ളത്
കൌതുകകരമാണ്. സ്റീഫന്‍ ഗൌള്‍ഡിനെപ്പോലുള്ളവര്‍ മേല്‍സൂചിപ്പിച്ച
സൃഷ്ടിവാദവീക്ഷണം ശരിയെന്ന് സ്ഥിരീകരിക്കുകയാണിപ്പോള്‍!''
ഇത് ഹുസൈന്റെ സ്വപ്നം ആണ് സ്റീഫന്‍ ഗൌള്‍ഡ് ഒരിക്കലും എങ്ങനെ
പറഞ്ഞിട്ടില്ല. 1994 പബ്ളിഷ് ചെയ്ത Hen's teeth and horse's toes എന്ന സ്റീഫന്‍
ഗൌള്‍ഡിന്റെ ബുക്കില്‍ (പേജ് 253,262) വളരെ വ്യക്തമായി ഗൌള്‍ഡ് ഹുസ്സൈനെ
പോലുള്ള സൃഷ്ടിവിശ്വാസികള്‍ ഗൌള്‍ഡിന്റെ വാക്കുകള്‍ മാറ്റിമറിച്ചു
എഴുതിയതായിട്ടു പറഞ്ഞിട്ടുണ്ട്. പിന്നെ ഹുസൈന്‍ പറഞ്ഞ രീതിയില്‍ അല്ല
സ്റീഫന്‍ ഗൌള്‍ഡിന്റെ Punctuated equilibrium തിയറി. ഹുസൈന്റെ പരിണാമം എന്ന
ആര്‍ട്ടിക്കിള്‍ വെറും ഒരു ഗോസ്സിപ്പ് ആയിട്ടാണ് എനിക്കു തോന്നിയത്. കാരണം
ഇതില്‍ സയന്‍സ് ആയി ഒന്നും ഇല്ല. ആദ്യം ഹുസൈന്‍ Punctuated equilibrium തിയറി എന്താണന്നു വ്യക്തമാക്കണം.''
സ്റ്റീഫന്‍ ഗൌള്‍ഡിന്റെ ഡാര്‍വീനിയന്‍ വിമര്‍ശനത്തെപ്പറ്റി ലേഖനത്തില്‍
ഉന്നയിച്ച വാദം സൂക്ഷ്മമായി മനസ്സിലാക്കാതെയാണ് മേല്‍ കമന്റ്.
സൃഷ്ടിവീക്ഷണം ഗൌള്‍ഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെ പറഞ്ഞുവെന്ന്
ഞാനെവിടെയും എഴുതിയിട്ടില്ല. അങ്ങനെ Implicate ചെയ്തിട്ടുപോലുമില്ല.
പ്രകൃതി നിര്‍ധാരണം തികച്ചും വ്യത്യസ്തമായ ജീവജാതികളുടെ ഉത്ഭവം
വിശദീകരിക്കാന്‍ പര്യാപ്തമല്ലെന്ന് ഗൌള്‍ഡ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ്
എഴുതിയത്. പ്രകൃതിനിര്‍ധാരണം തികച്ചും വ്യത്യസ്തമായ ജീവജാതികളുടെ ഉത്ഭവം
വിശദീകരിക്കാന്‍ പര്യാപ്തമല്ലെന്ന് ഡാര്‍വിന്റെ കാലത്തെ സൃഷ്ടിവാദ
ശാസ്ത്രജ്ഞന്‍മാര്‍ ഉന്നയിച്ച എതിര്‍വാദമാണെന്നും (ഇതൊക്കെ
മനസ്സിലാകണമെങ്കില്‍ ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസ് വായിക്കണം.
പരിണാമത്തിന് ശരണം വിളിച്ചാല്‍ പോര!) ഗൌള്‍ഡിന്റെ പുതിയ വാദം
സൃഷ്ടിവീക്ഷണക്കാരുടെ പഴയ വാദത്തെ സ്ഥിരീകരിക്കുകയാണെന്നുമാണ് എഴുതിയത്.
ഇത് സ്ഥിരീകരണമാണോ അല്ലേ എന്ന് തീരുമാനിക്കാന്‍ ഗൌള്‍ഡിന്റെ സാക്ഷ്യം
ആവശ്യമില്ല. ചിന്താശേഷിയും സൃഷ്ടി-പരിണാമവാദങ്ങളുടെ ചരിത്രവും മതിയാവും.
ഗൌള്‍ഡിന്റെ വാക്കുകള്‍ സൃഷ്ടിവാദികള്‍ വളച്ചൊടിച്ചതിന് ഉദാഹരണമായി ഡുവാന്‍
ഗിഷിനെ ഗൌള്‍ഡ് Punctuated equilibrium എന്ന കൃതിയില്‍ പരാമര്‍ശിച്ചത്
(പേജ് 260-261) വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാന്‍ വായിച്ചിരുന്നു. ഗൌള്‍ഡിന്റെ
കൃതി മാത്രം വായിച്ചിട്ടുള്ള നൂറുദ്ദീന്‍ ഗൌള്‍ഡിന് ഗിഷ് എഴുതിയ മറുപടി
വായിച്ചിട്ടുണ്ടാകില്ല എന്ന് വ്യക്തമാണ്. അതു വായിച്ചാല്‍ ഗിഷ് ഗൌള്‍ഡിനെ
വളച്ചൊടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യമാവും. പരിണാമവിദഗ്ധനും
മലയാളത്തിലെ പ്രധാന പരിണാമസാഹിത്യങ്ങളുടെ കര്‍ത്താവുമായ പ്രൊഫ:
കുഞ്ഞുണ്ണിവര്‍മ്മ ഇതേ ആരോപണം അദ്ദേഹത്തിന്റെ സൃഷ്ടിവാദ
വിമര്‍ശനഗ്രന്ഥത്തില്‍ ഉന്നയിച്ചിരുന്നു. ആ കൃതിക്ക് ഈ ലേഖകന്‍ എഴുതിയ
മറുപടി ഗ്രന്ഥത്തില്‍ (സൃഷ്ടിവാദവും പരിണാമവാദികളും, പേജുകള്‍ 70-72)
ഗൌള്‍ഡിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമര്‍ഥിച്ചിരുന്നു. ഇതിന് മറുപടി
എഴുതാതെ പരിണാമവിദഗ്ധനായ പ്രൊഫ: കുഞ്ഞുണ്ണിവര്‍മ്മ ഒഴിഞ്ഞുമാറുകയാണ്
ചെയ്തത്.
ഗൌള്‍ഡിന്റെ മിക്ക കൃതികളും വായിക്കുകയും പഠിക്കുകയും ചെയ്ത ശേഷമാണ്
ലേഖനങ്ങള്‍ തയ്യാറാക്കിയത്. പ്രകൃതി നിര്‍ധാരണ സങ്കല്‍പത്തെ
വിമര്‍ശനാത്മകമായി വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ഗൌള്‍ഡിന്റെ തിയറി
അവതരിപ്പിക്കുന്നതിന് അതിനാല്‍ സാന്ദര്‍ഭികമായി പ്രസക്തിയില്ല.
പ്രകൃതിനിര്‍ധാരണ സങ്കല്‍പത്തെക്കുറിച്ച് ഗൌള്‍ഡ് ഉന്നയിച്ച
അഭിപ്രായവ്യത്യാസം അവതരിപ്പിക്കുന്നതിനാണ് ആ സന്ദര്‍ഭത്തില്‍ കൂടുതല്‍
പ്രസക്തി.
പ്രകൃതിനിര്‍ധാരണത്തെക്കുറിച്ചുള്ള എന്റെ ലേഖനങ്ങള്‍ 'ഗോസിപ്പ് ആയിട്ടാണ്
തോന്നിയത്' എന്നും നൂറുദ്ദീന്‍ എഴുതിയിട്ടുണ്ട്. പ്രകൃതിനിര്‍ധാരണ
സങ്കല്‍പത്തിന്റെ ശാസ്ത്രീയവും യുക്തിപരവുമായ വിശകലനം ഗോസിപ്പായി
തോന്നുന്നവര്‍ക്ക് ഗോസിപ്പ് എന്തായി തോന്നും എന്ന് ഊഹിക്കാന്‍ പോലും
നിവൃത്തിയില്ല! പരിണാമസങ്കല്‍പം മാത്രമാണ് ശാസ്ത്രമെന്നും അതെക്കുറിച്ചുള്ള
ശാസ്ത്രീയവും യുക്തിപരവുമായ വിമര്‍ശനങ്ങള്‍ ശാസ്ത്രമാവുകയില്ലെന്നും
ഗോസിപ്പാകുമെന്നും കരുതുന്നയാള്‍ ഒന്നാന്തരം പരിണാമാന്ധവിശ്വാസി
തന്നെയല്ലേ?
പരിണാമസിദ്ധാന്തത്തിനെതിരായ ശാസ്ത്രീയ വിമര്‍ശനങ്ങള്‍ പരിണാമവാദികള്‍ക്ക്
ഗോസിപ്പായി തോന്നുന്നതിനുപിന്നിലെ മനഃശാസ്ത്രം രസാവഹമാണ്. പ്രകൃതിനിര്‍ധാരണ
സങ്കല്‍പത്തെ യുക്തിപരമായും വിമര്‍ശനാത്മകമായും വിശകലനം ചെയ്തതിനെ
ഖണ്ഡിക്കാനോ എതിര്‍വാദങ്ങളിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടാനോ
കഴിവില്ലാത്തവര്‍ 'ഇതിലെന്ത് ശാസ്ത്രമാണുള്ളത്' എന്ന് ചോദിച്ച്
ഒഴിഞ്ഞുമാറുന്ന തന്ത്രമാണ് സ്വീകരിച്ചത്. താഴെ സൂചിപ്പിക്കുന്ന കമന്റുകള്‍
നോക്കു:
അന്‍വര്‍ പറയുന്നു: "പരിണാമം എന്ന് പറഞ്ഞു തുടങ്ങി അതു ശാസ്ത്രപരമായി
ഒന്നും എഴുതി കണ്ടില്ല. ഹുസൈന്‍ കഴിഞ്ഞ 30 വര്‍ഷമായിട്ടു ഉറക്കം ആണന്നു
തോന്നുന്നു. ഉണരൂ ഹുസൈന്‍, ഉണര്‍ന്നു ദയവായി സയന്‍സ് എന്താണെന്നു
പഠിക്കാന്‍ ശ്രമിക്കുക, ഇതൊരു അപേക്ഷയാണ്.''
ബിജു പറയുന്നു: ഇവിടെ ആണ് ഡാര്‍വിന്റെ വിഷന്‍ എന്താണെന്നു
മനസ്സിലാക്കേണ്ടത്. അത് മനസ്സിലാകണമെങ്കില്‍ ബേസിക് സയന്‍സ് എന്താണെന്നു
മനസിലാക്കണം. അതിനുള്ള സാമാന്യബുദ്ധി ഹുസൈന് ഉണ്ടെന്ന് തോന്നുന്നില്ല,
സിനിമാനടികളുടെ ഗോസിപ്പ് ഫീച്ചര്‍ വായിക്കുന്നത് പോലെ തോന്നി ഹുസൈന്റെ
ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍. ശാസ്ത്രം എന്ന് പേര് മാത്രമേ ഉള്ളു,
ശാസ്ത്രം വട്ടം പൂജ്യം.
റസിയ പറയുന്നു: ഇവിടെ ഈ ലേഖനത്തിന് മറുപടി എഴുതിയവര്‍ ഡാര്‍വിന്റെ
പരിണാമത്തിനു ധാരാളം തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സഹോദരാ വെറുതെ
ഡയലോഗ് അടിക്കാതെ ശാസ്ത്രം അറിയാമെങ്കില്‍ അത് പറയുക, ഇവിടെ മറ്റുള്ളവര്‍
എല്ലാം ശാസ്ത്രം ആണ് എഴുതിയത്. മറ്റുള്ളവര്‍ ഇവിടെ ലോകത്തിലെ വലിയ
യൂനിവേഴ്സിറ്റികളുടെ വെബ്സൈറ്റ് കൊടുത്തിട്ടുണ്ട്, ശാസ്ത്രം പഠിക്കാന്‍.
അത് നോക്കിയിട്ടു മറുപടി എഴുതുക. വലിയ ശാസ്ത്രലേഖനം എഴുതുന്ന ഹുസൈന്‍
എന്തുകൊണ്ട് ഇവിടെ എഴുതിയ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതുന്നില്ല?
പരിണാമസങ്കല്‍പത്തിലാണോ അതിന്റെ വിമര്‍ശനാത്മകമായ വിമര്‍ശനത്തിലാണോ
ശാസ്ത്രവും യുക്തിയുമുള്ളതെന്ന് പരിശോധിക്കാം. വേഗത കുറഞ്ഞ ചെന്നായകള്‍
വേഗത കൂടിയ ചെന്നായകളായി മാറുന്നതിനെക്കുറിച്ച് ഡാര്‍വിന്‍ എഴുതിയത് ഞാന്‍
വിവരിച്ചത് താഴെ കൊടുക്കാം:
ഇതെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു:
പ്രകൃതിനിര്‍ധാരണത്തിന് ദൃഷ്ടാന്തമായി ഡാര്‍വിന്‍ ചെന്നായയെ
ഉദാഹരിക്കുന്നു. മലയുടെ താഴ്വാരത്തില്‍ ജീവിക്കുന്ന ചെന്നായക്കൂട്ടങ്ങളെ
സങ്കല്‍പിക്കുക. പ്രത്യേക സാഹചര്യത്തില്‍ അവ പട്ടിണിയിലാകുന്നു.
ചെന്നായകള്‍ക്ക് ഇരയായി മാനുകള്‍ മാത്രമാണ് അവിടെയുള്ളത്. മാനാകട്ടെ വേഗത
കൂടിയ മൃഗമാണ്. ഏറ്റവും വേഗതയുള്ള ചെന്നായകള്‍ക്ക് മാത്രമെ മാനുകളെ
പിടിക്കാനാവൂ. വേഗത കുറഞ്ഞ ചെന്നായകളുടെ വേട്ടയില്‍ നിന്നും മാനുകള്‍
രക്ഷപ്പെടും. അതിനാല്‍ വേഗം കൂടിയ ചെന്നായകള്‍ക്കേ ഇര കിട്ടൂ. മറ്റുള്ളവ
പട്ടിണിയില്‍ ചത്തൊടുങ്ങും. അതിജീവിക്കപ്പെടുന്ന ചെന്നായകള്‍ക്ക് വേഗത
കൂടുതലുണ്ടാകുമെന്നര്‍ഥം. കൂടിയ വേഗതയെന്ന ഗുണം അവ അടുത്ത തലമുറയിലേക്ക്
പകരുന്നു. ഈ പരിവര്‍ത്തനങ്ങള്‍ കാലങ്ങളോളം തുടര്‍ന്നാല്‍ ചെന്നായകളുടെ ഓരോ
തലമുറകളിലും വേഗസാമര്‍ഥ്യം വര്‍ധിച്ച് അതിവേഗമുള്ള പുതിയ ചെന്നായവര്‍ഗം
ഉണ്ടാകുന്നുവെന്ന് ഡാര്‍വിന്‍ വ്യക്തമാക്കുന്നു. (The original of species, penguin: 1981, p.138)
വേഗത കുറഞ്ഞ ചെന്നായ എത്ര വേഗത കൂടിയ ചെന്നായകളായാലും അവ ചെന്നായകള്‍
തന്നെയല്ലേ? ചെന്നായകളില്‍ നിന്നും ചെന്നായകള്‍ പരിണമിച്ചുണ്ടാകുന്ന ഈ
'പ്രകൃതിനിര്‍ധാരണതത്ത്വം' അമീബയില്‍ നിന്നും മനുഷ്യന്‍ വരെയുള്ള
ലക്ഷക്കണക്കില്‍ ജീവിവര്‍ഗങ്ങളുണ്ടായതിന് തൃപ്തികരമായ
വിശദീകരണമാകുന്നതെങ്ങനെ?
ഓരോ തലമുറകളിലും വേഗസാമര്‍ഥ്യം വര്‍ധിച്ച് വേഗത കൂടിയ ചെന്നായവര്‍ഗം
ഉണ്ടാകാമെന്ന് ഡാര്‍വിന്‍ നല്‍കിയ സങ്കല്‍പത്തിലൂടെ ഗ്രഹിക്കാം. ഇതിനപ്പുറം
ചെന്നായ എന്ന ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി
പരിണമിക്കുന്നതിലേക്ക് വെളിച്ചം വീശുന്ന യാതൊരു തെളിവുകളും ഡാര്‍വിന്‍
അവതരിപ്പിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
വേഗത കുറഞ്ഞ ചെന്നായകള്‍ വേഗത കൂടിയ ചെന്നായകളായി മാറി എന്നുതന്നെ കരുതുക.
ഇത് പരിണാമമല്ല. ഒരുജീവജാതി തികച്ചും വ്യത്യസ്തമായ ജീവജാതിയായി
മാറുന്നതിനെയാണ് സാങ്കേതികമായി പരിണാമം എന്ന് വിളിക്കുന്നത്.
ചുരുക്കത്തില്‍ ഡാര്‍വിന്‍ അവതരിപ്പിച്ച ഉദാഹരണം പോലും പരിണാമത്തിന്
തെളിവല്ല എന്നതാണ് വസ്തുത. പരിണാമത്തിന് തെളിവായി പ്രകൃതിയില്‍ സംഭവിച്ച
വിശ്വസനീയവും ശാസ്ത്രീയവുമായ ഒരുദാഹരണംപോലും ഡാര്‍വിന്‍
ചൂണ്ടിക്കാട്ടിയിട്ടില്ല. ഡാര്‍വിന്‍ വിവരിച്ച ചെന്നായയുടെ ഉദാഹരണം പോലും
സാങ്കല്‍പികമാണ് എന്ന കാര്യം ശ്രദ്ധിക്കുക. ഭൂമിയില്‍ ഏതെങ്കിലും
പ്രദേശത്ത് ജീവിക്കുന്ന ഏതെങ്കിലും ഒരു ജീവജാതിയില്‍ നിന്നും മറ്റൊരു
ജീവജാതി പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞതിന്റെ യഥാര്‍ഥമായ ഒരുദാഹരണം
പോലും ഡാര്‍വിന്‍ ഹാജരാക്കിയിട്ടില്ല. മേല്‍ സൂചിപ്പിച്ച ഉദാഹരണം തന്നെയും
പ്രകൃതിയില്‍ പൊതുവെ സംഭവിക്കുന്നതല്ല. ഡാര്‍വിന്റെ സങ്കല്‍പം മാത്രമാണ്.
ചെന്നായയുടെ പ്രകൃതിനിര്‍ധാരണം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം
ഗ്രഹിക്കാനാകും.
ചെന്നായ പല ജീവികളെയും വേട്ടയാടാറുണ്ട്. ചിലതിനെ കൌശലം കൊണ്ടും മറ്റ്
ചിലവയെ ശക്തികൊണ്ടും അത് കീഴ്പ്പെടുത്തുന്നു. വേഗതയും മറ്റൊരു ഘടകമാണ്.
വേഗതയേറിയവയാണല്ലോ മാനുകള്‍. ഒരു പ്രദേശത്ത് മാനുകള്‍ വര്‍ധിക്കുകയും
ചെന്നായയുടെ മറ്റ് ഇരകള്‍ കുറയുകയും ചെയ്തു എന്ന് കരുതുക.
വറുതികാലമായപ്പോള്‍ വേഗത കൂടിയ ചെന്നായകള്‍ക്ക് മാത്രമെ മാനുകളെ
പിടികൂടാനാവൂ എന്ന സ്ഥിതി വന്നു. സ്വാഭാവികമായും വേഗത കൂടിയവ
അതിജീവിക്കാന്‍ സാധ്യതയുണ്ട്. മാനുകളേക്കാള്‍ വേഗത കുറഞ്ഞവ പട്ടിണിമൂലം
നശിക്കാനും സാധ്യതയുണ്ട്. എത്ര നിസ്സാരമാണെങ്കിലും ഇത്തരം അനുകൂല
ഗുണമുള്ളചെന്നായകള്‍ അതിജീവിക്കുന്നു. അവയുടെ സന്തതികളില്‍ പലതിനും ഇതേ
ഗുണം പാരമ്പര്യമായി കിട്ടുന്നു. അതായത് വേഗതയെന്ന ഗുണം. ഇത്
ആവര്‍ത്തിക്കപ്പെടുമ്പോള്‍ വേഗതയേറിയ പുതിയൊരു തരം ചെന്നായയുണ്ടാകുന്നു. ഈ
സാങ്കല്‍പിക ഉദാഹരണം പ്രകൃതിയില്‍ എവിടെയും കാണാനാവില്ല. എവിടെയെങ്കിലും
എന്തെങ്കിലും ഇങ്ങനെയൊരു അവസ്ഥ നിലനിന്നതിന് ഡാര്‍വിനോ പില്‍ക്കാല പരിണാമ
വിദഗ്ധരോ യാതൊരു തെളിവും ഹാജരാക്കിയിട്ടുമില്ല. പ്രകൃതിനിര്‍ധാരണത്തിന്
ഡാര്‍വിന്‍ ചൂണ്ടിക്കാട്ടിയ ചെന്നായമാന്‍ ഉദാഹരണം സാങ്കല്‍പികം
മാത്രമാണെന്നത് ഡാര്‍വിന്‍ തന്നെയും സമ്മതിച്ച വസ്തുതയാണ്.
പ്രകൃതിനിര്‍ധാരണത്തിന് ഉദാഹരണങ്ങള്‍ നിരത്തുന്നതിന് മുന്നോടിയായി
ഡാര്‍വിന്‍ എഴുതിയ ഒന്നാമത്തെ വാചകം തന്നെ ഇതാണ്: In the order to make it clear, how as believe, natural selection act, I must beg permission to give one or two imagnary illustretions. (The original of species, P.70)
വെറും വിശ്വാസത്തിന്റെ (ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന്റെയല്ല)
അടിസ്ഥാനത്തിലുള്ള ഒരു വീക്ഷണത്തിന് വെറും സാങ്കല്‍പികമായ ഒന്നുരണ്ട്
ഉദാഹരണങ്ങള്‍ നല്‍കുകയാണ് ഡാര്‍വിന്‍ ചെയ്യുന്നത്!
മലഞ്ചെരുവില്‍ കഴിയുന്ന ചെന്നായകളെയും മാനുകളെയും ഉദാഹരിക്കുന്ന
ഡാര്‍വിന്റെ സാങ്കല്‍പിക കഥ പരിണാമവാദികള്‍ക്ക് ശാസ്ത്രമാണ്! എന്നാല്‍
ഡാര്‍വിന്റെ ഉദാഹരണം സാങ്കല്‍പികം മാത്രമാണെന്നും പ്രകൃതിയിലെവിടെയും
ഇങ്ങനെയൊരു സാഹചര്യം നിലനിന്നതിനോ നിലനില്‍ക്കുന്നതിനോ യാതൊരു തെളിവും
ഇന്നോളം പരിണാമവിദഗ്ധര്‍ ഹാജരാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാല്‍
ഗോസിപ്പായി! പരിണാമവാദ സാഹിത്യങ്ങളിലെ അമ്മൂമ്മക്കഥകള്‍ ശാസ്ത്രമായും അതിലെ
അസംഭവ്യത ശാസ്ത്രീയമായി വിശകലനം ചെയ്യുന്നത് 'ശാസ്ത്രം ഇല്ലാ'യ്മയായും
കാണുന്ന പരിണാമവാദികള്‍ ശാസ്ത്രം എന്താണെന്ന് ഇനിയും
പഠിക്കേണ്ടിയിരിക്കുന്നു. സ്വന്തം ചിന്താശേഷി ഡാര്‍വിനും
പരിണാമവാദികള്‍ക്കും പണയപ്പെടുത്തി പരിണാമവാദികളുടെ അമ്മൂമ്മക്കഥകള്‍
വിമര്‍ശനബുദ്ധി അശേഷം ഉപയോഗിക്കാതെ വാരിവിഴുങ്ങുന്ന പരിണാമവാദികള്‍ ആധുനിക
അന്ധവിശ്വാസികളാണ് എന്നതാണ് യാഥാര്‍ഥ്യം.
ഡാര്‍വിന്റെ കൃതികള്‍ മാത്രമല്ല ശേഷമുണ്ടായ പ്രധാന പരിണാമപഠനങ്ങളും ഏറ്റവും
ഒടുവിലായി ഇറങ്ങിയ ഗൌള്‍ഡിന്റെ The structure of evolution theory എന്ന
ബൃഹദ് കൃതി പരിശോധിച്ച ശേഷമാണ് ഞാന്‍ ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
പ്രമുഖ യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റുകള്‍ കൂടാതെ nature, Science, American, Scientist, Scientific american ജര്‍ണലുകളും PNAS, Biological letter, Royal Society proceedings തുടങ്ങി ഒട്ടേറെ ജീവശാസ്ത്ര രംഗത്തെ
സ്പെഷ്യലൈസ്ഡ് ജര്‍ണലുകള്‍ വരെ പതിവായി നോക്കിതന്നെയാണ് ഇവ
തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ പാഠപുസ്തകത്തിലെ ഏതാനും
ശാസ്ത്രവിവരങ്ങളും വെബില്‍നിന്നും കിട്ടുന്ന പൊട്ടുപൊടികളും മാത്രം
വായിക്കാന്‍ ശീലിച്ച പരിണാമവാദികളായ കമന്റുകാര്‍ ശാസ്ത്രാന്ധതയില്‍
അഹങ്കരിച്ച് രണ്ടോ മൂന്നോ ലേഖനങ്ങളും യൂണിവേഴ്സിറ്റി വെബ്സൈറ്റുകളും
വായിക്കാനുപദേശിച്ച് സ്വയം പരിഹാസ്യരാവരുത്.
പരിണാമ-സൃഷ്ടി വിവാദത്തില്‍ നിഷ്പക്ഷമായ നിലപാടെടുക്കാന്‍ ബുദ്ധിപരമായി
സത്യസന്ധതയുള്ളവര്‍ ചെയ്യേണ്ടത് ഇരുഭാഗത്തുനിന്നും ഉന്നയിക്കപ്പെട്ട
പ്രധാനവാദങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. സൃഷ്ടിവാദ വീക്ഷണക്കാരായ
ശാസ്ത്രജ്ഞരുടെ ഒരൊറ്റ പഠനം പോലും (ഒട്ടേറെ പഠനങ്ങള്‍ ഇറങ്ങിയ കാര്യം പോലും
അറിയില്ലായിരിക്കാം. ചുരുങ്ങിയത് ബയോകെമിസ്റ്റായ മൈക്കള്‍ ബെഹിയുടെ Darwin's black box അല്ലെങ്കില്‍ സ്റ്റീഫന്‍ മെയറുടെ Signature in the cell എങ്കിലും വായിക്കുക) വായിക്കാതെയും അതെപ്പറ്റി കേട്ടുകേള്‍വി പോലും
ഇല്ലാതെയും ഹൈസ്കൂള്‍-കോളജ് ടെക്സ്റ്റ് ബുക്കുകള്‍ ചൂണ്ടിക്കാട്ടി
വിദ്യാര്‍ഥികളെ കബളിപ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ സൃഷ്ടി
പരിണാമവിവാദങ്ങള്‍ ആഴത്തില്‍ പഠിച്ചവരോട് 'ഞാന്‍ ബയോളജി ടീച്ചര്‍'
ആണെന്നൊക്കെ വമ്പു പറയുന്നത് അല്‍പം കടന്നകയ്യാണ്.
ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നവര്‍ എന്റെ വാദങ്ങള്‍ ഓരോന്നായി എടുത്ത്
അതിലെ ശാസ്ത്രീയാബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുക. അല്ലാതെ
ചൊവ്വാ ഗ്രഹത്തെപ്പറ്റി സംസാരിക്കുന്ന ഒരാളോട് വ്യാഴത്തെപ്പറ്റി എന്തു
പറയുന്നു, നെപ്റ്റ്യൂണിനെപ്പറ്റി എന്തു പറയുന്നു എന്ന മട്ടിലുള്ള
ചോദ്യങ്ങള്‍ ഉന്നയിച്ചതുകൊണ്ട് വിമര്‍ശനത്തിനുള്ള മറുപടിയാകുന്നില്ല.
പ്രകൃതിനിര്‍ധാരണ സങ്കല്‍പത്തിലെ അശാസ്ത്രീയത ചര്‍ച്ച ചെയുമ്പോള്‍
അതെപ്പറ്റി സംസാരിക്കാന്‍ ശീലിക്കുക. അതിനിടെ ഭൂമിയുടെ പ്രായം
എത്രയാണെന്നും മനുഷ്യന്റെ പ്രായം എത്രയാണെന്നും ചോദിക്കുന്നത് ശാസ്ത്രീയ
സമീപനം ശീലിക്കാത്തതുകൊണ്ടാണ്. പരിണാമസങ്കല്‍പത്തെ പറ്റി ഇവിടെ
ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ എഴുതുക. മറ്റു
വിഷയങ്ങള്‍ സന്ദര്‍ഭാനുസാരം കൈകാര്യം ചെയ്യാന്‍ ഈ ലേഖകന് യാതൊരു
മടിയുമില്ല. കമന്റുകള്‍ക്കുള്ള മറുപടിയുടെ അടുത്ത ഭാഗങ്ങളില്‍ പ്രസക്തമായ
മറ്റു കാര്യങ്ങള്‍ വിശദീകരിക്കാം.
No comments:
Post a Comment